ആടുകളിലെ നാടവിരബാധയും പ്രതിരോധവും
Discourse
ആടുകളിലെ നാടവിരബാധയും പ്രതിരോധവും
ന്യൂസ് ഡെസ്‌ക്
Monday, 1st September 2014, 1:35 pm

kerala-karshakan


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


tapewormblack-lineകേരളകര്‍ഷകന്‍ / ഡോ. ആശാ രാജഗോപാല്‍
black-line

[]   ആടുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് നാടവിര ബാധ. മൊണീസിയ, എവിറ്റലീന, സ്റ്റെലേസിയ എന്നീ ജനുസ്സുകളില്‍പ്പെട്ട നാടവിരകളാണ് ആടുകളില്‍ കാണപ്പെടുന്നത്. ഇവയില്‍ തന്നെ, മൊണീസിയ വിരബാധയാണ് നമ്മുടെ നാട്ടില്‍ സര്‍വസാധാരണം.

വെളുത്ത നിറത്തില്‍, ഏകദേശം അരമീറ്ററോളം വലിപ്പം വരുന്ന നാടവിരക്ക് റിബണിന് സമാനമായ ആകൃതിയാണ്.

പുല്ലുകളില്‍ കാണുന്ന വളരെ ചെറിയ ചില മണ്ഡരികള്‍ വഴിയാണ് രോഗസംക്രമണം ഉണ്ടാകുന്നത്. നാടവിരയുടെ ശൈശവദശകള്‍ അടങ്ങിയ ഇത്തരം മണ്ഡരികളെ പുല്ലിനൊപ്പം തിന്നുമ്പോഴാണ് ആടുകള്‍ക്ക് വിരബാധയുണ്ടാകുന്നത്.

tapeworm-4

വിരബാധയുള്ള ആട്‌


ആറുമാസത്തില്‍ താഴെ പ്രായമുള്ള ആട്ടിന്‍കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. ചെറിയതോതിലുള്ള വിരബാധ പൊതുവെ വലിയ പ്രശ്‌നമുണ്ടാക്കുകയില്ല. എന്നാല്‍ പരിപാലനത്തിലും പോഷണത്തിലും പോരായ്മ വരുന്ന പക്ഷം സ്ഥിതി അപകടത്തിലായേക്കാം.

നാടവിരകള്‍ ആടുകളുടെ ചെറുകുടലില്‍ ക്ഷതം വരുത്തുകയും ഭക്ഷണപദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്‌തെടുക്കുകയും ചെയ്യുന്നു. തന്മൂലം ആടുകളില്‍ വിശപ്പില്ലായ്മ,ദഹനക്കുറവ്, വയറ്റിളക്കം, വളര്‍ച്ചക്കുറവ്, ശരീരം ശോഷിക്കല്‍ തുടങ്ങി ഒട്ടനവധി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

വിശപ്പില്ലായ്മയും പോഷകക്കുറവും മൂലം ആട്ടിന്‍കുട്ടികളുടെ വളര്‍ച്ച മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. ചില സമയം വിരകള്‍ കൂട്ടംകൂടി കെട്ടുപിണഞ്ഞു കിടന്ന് കുടലില്‍ തടസ്സം സൃഷ്ടിക്കുന്നു. ഈ അവസ്ഥ ഗുരുതരമായാല്‍ ആട്ടിന്‍കുട്ടികളുടെ മരണത്തിനുവരെ കാരണമായേക്കാം. നാടവിരകള്‍ ചിലപ്പോള്‍ കുടലിലെ അണുബാധയ്ക്കും വഴിവെയ്ക്കുന്നു.

കാഷ്ഠപരിശോധന വഴിയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. രോഗം ബാധിച്ച് 5 മുതല്‍ 6 ആഴ്ച കഴിയുമ്പോള്‍ കാഷ്ഠത്തിലൂടെ നാടവിര മുട്ടകള്‍ അല്ലെങ്കില്‍ മുട്ടകള്‍ അടങ്ങിയ ഖണ്ഡങ്ങള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. കാഷ്ഠത്തില്‍ വേവിച്ച ചോറ് പോലെ കാണപ്പെടുന്ന ഖണ്ഡങ്ങള്‍ വിരബാധയുടെ സൂചന നല്‍കുന്നു.

tapeworm-6

കാഷ്ഠത്തില്‍ നാടവിരയുടെ ഖണ്ഡങ്ങള്‍


രോഗസംക്രമണത്തിനു കാരണമാകുന്ന പുല്‍മണ്ഡരികളെ നിയന്ത്രിക്കുക അത്രപ്രായോഗികമല്ല. ആയതിനാല്‍, വിരബാധിച്ച ആടുകളെ ചികിത്സിച്ച് അവയില്‍ നിന്നും വീണ്ടും രോഗം പകരുന്നത് തടയുകയാണ് രോഗനിയന്ത്രണത്തിനുള്ള പ്രായോഗിക മാര്‍ഗം.

തുരിശ്ശു ലായനി (1%), അടയ്ക്ക ഉരച്ചു നല്‍കുക എന്നിവ നാടവിരകള്‍ക്കെതിരെ പണ്ടുമുതല്‍ പ്രയോഗിച്ചു വരുന്ന ചികിത്സാരീതികളാണ്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഉള്ളിലെത്തിയാല്‍ ഇവ ചിലപ്പോള്‍ മാരകമായേക്കാം. അതിനാല്‍ ഇത്തരം ചികിത്സകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം നല്‍കുക.

ഇന്ന് നാടവിരകള്‍ക്കെതിരെ ഫലപ്രദമായ ഒട്ടനവധി മരുന്നുകള്‍ ലഭ്യമാണ്. നിക്ലോസാമൈഡ്, പ്രാസിക്വാന്റല്‍, ആല്‍ബെന്റസോള്‍ തുടങ്ങിയ മരുന്നുകള്‍ ശരിയായ അളവില്‍ നല്‍കുന്നതുവഴി വിരബാധ ചികിത്സിച്ചു മാറ്റാം.

tapeworm-5

കുടലില്‍ നിറഞ്ഞുകിടക്കുന്ന നാടവിര


[]ആട്ടിന്‍ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള തീറ്റ നല്‍കുക. ഇതുവഴി അവയുടെ രോഗപ്രതി രോധശേഷി വര്‍ദ്ധിപ്പിക്കാം.

വിരബാധയുള്ളതായി സംശയം തോന്നിയാല്‍, കാഷ്ഠം പരിശോധിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നു നല്‍കുക. ശരിയായ അളവില്‍ മരുന്നു നല്‍കേണ്ടത് അത്യാവശ്യമാണ്.

ആടുകളെ അതിരാവിലെയും വൈകുന്നേരങ്ങളിലും മേയാന്‍ വിടാതിരിക്കുക. രോഗവാഹകരായ മണ്ഡരികള്‍ പുല്ലില്‍ കൂടുതലായി കാണപ്പെടുന്നത് ഈ സമയങ്ങളിലാണ്.

ആടുകള്‍ക്കുള്ള മേച്ചില്‍ സ്ഥലങ്ങള്‍ മാറി മാറി ഉപയോഗിക്കുക. ഇടയ്ക്കിടയ്ക്ക് ഉഴുതുമറിച്ച് പുതിയ പുല്‍കൃഷി നടത്തുക തുടങ്ങിയ രീതികള്‍ അവലംബിച്ചാല്‍ പുല്‍മണ്ഡരികളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. ആടുകളുടെ വളര്‍ച്ചയും ഉത്പാദനത്തെയും ബാധിക്കുന്ന ഇത്തരം പരാദരോഗങ്ങള്‍ നിയന്ത്രിക്കുക വഴി ആടുവളര്‍ത്തല്‍ കര്‍ഷകന് ലാഭകരമായ ഒരു സംരംഭമായി തീര്‍ക്കാനാവും.

മണ്ണുത്തി വെറ്ററിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക