നൂറുമേനി സുഗന്ധം; രാമച്ചം കൃഷി
Discourse
നൂറുമേനി സുഗന്ധം; രാമച്ചം കൃഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2013, 4:38 pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം കൃഷി രീതികളെ പരിചയപ്പെടുത്തുന്നു.


keralakarshakan

line

കിസാന്‍/ ഡോ. ബീ.ആര്‍. രഘുനാഥ്line

[]

ഒരു സുഗന്ധവസ്തു എന്ന നിലയിലും ഒരു   ഔഷധം എന്ന നിലയിലും രാമച്ചം പണ്ടു മുതല്‍ക്കേ പ്രസിദ്ധമാണ്. സുഗന്ധവും കുളിര്‍മയും പകര്‍ന്നിരുന്ന രാമച്ചവിശറിയും, രാമച്ചതല്‍പവും രാമച്ചതൈലവും പണ്ട് കാലം മുതല്‍ക്കേ പ്രശസ്തമാണ്.

തൃണങ്ങളില്‍ വീരനായിട്ടാണ് രാമച്ചത്തെ കണക്കാക്കിയിരുന്നത്. അതിനാല്‍ ഇതിന് “വീരതൃണം (വീരണം)” എന്നും പേരുണ്ട്.

പുരാണങ്ങളില്‍ രാമച്ചത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. രാമായണത്തിലെ സുന്ദരകാണ്ഡത്തില്‍ രാവണന്‍ തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് രാമച്ചവേരു കൊണ്ടുള്ള മാല ശിരസ്സില്‍ ധരിച്ചിരുന്നുവെന്ന് പറയുന്നുണ്ട്.

അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലര്‍ന്ന രുചിയുള്ള രാമച്ചം ശരീരത്തില്‍ അടിയുന്ന മാലിന്യങ്ങള്‍ പുറന്തള്ളി കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നു.

ദുര്‍മ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛര്‍ദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്.

പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുര്‍വേദത്തില്‍ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂര്‍ണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളില്‍ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.

രാമച്ചത്തിന്റെ വേരില്‍ നിന്നും നീരാവിസ്വേദനം  വഴി വേര്‍തിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളില്‍ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരില്‍ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്.

vetiver1നീണ്ടുനില്‍ക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്.

തൈലത്തിന്റെ അനുപമ സുഗന്ധത്തിന്റെ രഹസ്യം അതിലടങ്ങിയിട്ടുള്ള a–വെറ്റിവോണ്‍, ത്മ  വെറ്റിവോണ്‍ എന്നീ കീറ്റോണിക് സെസ്‌ക്യു ടെര്‍പീനുകളും വെറ്റിവെറോള്‍ എന്ന ആല്‍ക്കഹോളുമാണ്.

ഇവ കൂടാതെ ഏതാണ്ട് 150ല്‍പ്പരം രാസഘടകങ്ങള്‍ രാമച്ചതൈലത്തില്‍ അടങ്ങിയിരിക്കുന്നു. കൃത്രിമമായി നിര്‍മ്മിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമാണ് ഇതിന്റെ രാസഘടന.

ബ്ലെന്റ്റഡ് പേര്‍ഫ്യൂമുകളിലും, അത്തറിലും സുഗന്ധം ഏറെ നേരം നീണ്ടുനില്‍ക്കാന്‍ അടിസ്ഥാനതൈലമായി ചന്ദനതൈലത്തോടോപ്പമോ, പകരമായോ  ചേര്‍ക്കുന്നത് രാമച്ചതൈലമാണ്.

എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ച് വിശറി, തട്ടിക (കര്‍ട്ടന്‍), കിടക്ക, തലയിണ, യോഗാ മാറ്റ്, സ്‌ക്രബര്‍, മൊബൈല്‍ ഫോണ്‍ പൗച്ച്, ബാഗ്, എയര്‍ ഫ്രഷ്‌നര്‍  എന്നിവ ഉണ്ടാക്കുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടുള്ള കാലത്ത് രാമച്ചനിര്‍മിതമായ തട്ടികളില്‍ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളില്‍ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകള്‍ കുട്ട, വട്ടി എന്നിവ നെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേല്‍ക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു.

ഒരു പുല്‍ വര്‍ഗ്ഗത്തില്‍പെട്ട രാമച്ചം പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്. വെറ്റിവെറിയ സൈസാനിയോയിഡസ് എന്നാണിതിന്റെ ശാസ്ത്ര നാമം. ഇന്ത്യ, ഇന്തോനേഷ്യ, ജാവ, ഹെയ്തി എന്നീ രാജ്യങ്ങളാണ് രാമച്ച കൃഷിയില്‍ മുന്‍നിരയിലുള്ളത്.

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍, പസഫിക് സമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡ്യന്‍ ദ്വീപുകള്‍, അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലും രാമച്ചം വിപുലമായി കൃഷിചെയ്യപ്പെടുന്നുണ്ട്. ഒരു സുഗന്ധസസ്യം എന്നതിലുപരി മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദവും ലാഭകരവുമായ ഒരു മാര്‍ഗ്ഗമായിട്ടാണ് ഇവിടങ്ങളില്‍ രാമച്ചത്തെ ഉപയോഗപ്പെടുത്തുന്നത്.

vetiver2പൂര്‍ണവളര്‍ച്ചയെത്തിയ രാമച്ചത്തിന് രണ്ടുമീറ്ററോളം ഉയരവും മൂന്നു മീറ്ററോളം നീളത്തില്‍ വേരും ഉണ്ടാകും. മിക്ക പുല്‍ച്ചെടികളുടെയും വേരോട്ടം മണ്ണിന്റെ മുകള്‍പ്പരപ്പിലാണ്.

എന്നാല്‍ രാമച്ചത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ വളര്‍ന്നിറങ്ങുന്നുണ്ട്. ഇടതൂര്‍ന്നു വളരുന്നതിനാല്‍ ഉപരിതല ജലത്തെയും തടഞ്ഞു നിര്‍ത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി ലോകമെമ്പാടും കണക്കാക്കുന്നത്.

ഭൂമി തട്ടുകളായി തിരിച്ച് കൃഷികള്‍ ചെയ്യുന്ന മലയോര പ്രദേശങ്ങളില്‍ “രാമച്ചഭിത്തികള്‍” നിര്‍മ്മിക്കുന്നത് മണ്ണൊലിപ്പ് തടയാന്‍ വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. ബണ്ടുകളുടെ ഉറപ്പിനും രാമച്ചം ഉപയോഗപ്പെടുത്താറുണ്ട്.

കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണൊലിപ്പ് നിവാരണത്തിലും രാമച്ചം ഉപയോഗപ്പെടുത്തുന്നുണ്ട്. മണ്ണിലും ജലത്തിലും അടങ്ങിയിട്ടുള്ള ഗാഢലോഹങ്ങളെ വലിച്ചെടുത്ത് മലിനീകരിക്കപ്പെട്ട മണ്ണിനേയും ജലാശയങ്ങളേയും ശുദ്ധമാക്കാന്‍ രാമച്ചത്തിനുള്ള കഴിവ് നമ്മള്‍ ഇനിയും പൂര്‍ണമായി  പ്രയോജനപ്പെടുത്തിയിട്ടില്ല.

അടുത്ത പേജില്‍ തുടരുന്നു

 

lineകാലവര്‍ഷാരംഭത്തോടെയാണ് കൃഷിപ്പണികള്‍ തുടങ്ങുന്നത്. മുന്‍ സീസണില്‍ വിളവെടുത്ത, വേര് വെട്ടി മാറ്റിയ ശേഷമുള്ള കുറ്റികള്‍ മണ്ണില്‍ പുതച്ചു വച്ച് അതില്‍ നിന്നുണ്ടാകുന്ന 15 മുതല്‍ 20 സെ. മീറ്റര്‍ വരെ നീളമുള്ള ചിനപ്പുകള്‍ ആണ് നടീല്‍ വസ്തു.line

vetiver3രാമച്ചകൃഷി കേരളത്തില്‍

രണ്ടിനം രാമച്ചമാണ് സാധാരണയായി കണ്ടുവരുന്നത്. പൂക്കുന്നവയും, പൂക്കാത്തവയും. പൂക്കുന്ന ഇനം വടക്കേ ഇന്ത്യയിലാണ് കാണാറ്. ഇവയില്‍ വിത്തുകളും ഉണ്ടാവും. പൂക്കാത്ത ഇനമാണ് തെക്കേ ഇന്ത്യയില്‍ പൊതുവേ കാണപ്പെടുന്നത്.

പൂക്കുന്ന ഇനത്തിന്റെ തണ്ട് വണ്ണം കുറഞ്ഞതും വേര് ധാരാളം ശാഖകളോടു കൂടിയതും ആയിരിക്കും. എന്നാല്‍ പൂക്കാത്ത ഇനങ്ങളില്‍ വണ്ണം കൂടിയ തണ്ടും, ശാഖകള്‍ കുറഞ്ഞ വേരുകളുമാണുണ്ടാവുക.

രണ്ടാമത് പറഞ്ഞ ഇനമാണ് നമ്മുടെ നാട്ടില്‍ കൂടുതലും കണ്ടുവരുന്നത്. വടക്കേഇന്ത്യന്‍ രാമച്ചത്തിന്റെ തൈലത്തിന് സുഗന്ധം കൂടുമെങ്കിലും തൈലം കൂടുതല്‍ അളവില്‍ ലഭിക്കുന്നത് തെക്കേ ഇന്ത്യന്‍ രാമച്ചത്തില്‍ നിന്നാണ്.

 കൂടുതല്‍ വിളവു ലഭിക്കാന്‍ ഒരു മൂട്ടില്‍ ഒന്നില്‍ കൂടുതല്‍ ചിനപ്പുകള്‍ നടുന്ന രീതിയും ഉണ്ട്. ഓരോ ചിനപ്പും നടുന്ന കുഴിക്ക് 5-10 സെ. മീറ്റര്‍ വരെ താഴ്ച്ചയാകാം. ചെടി കുഴിയില്‍ താഴ്ത്തി വച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി ഉറപ്പിക്കണം.

സമുദ്രനിരപ്പില്‍ നിന്നും 1300 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ രാമച്ചം വളരും. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ രാമച്ചക്കൃഷിയുണ്ട്.

എല്ലാത്തരം മണ്ണിലും രാമച്ചം വളരും. കേരളത്തിന്റെ നദീതടങ്ങളിലും തീരപ്രദേശങ്ങളിലുമുള്ള ഫലഭൂയിഷ്ടമായ എക്കല്‍ മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണില്‍ വളരുന്ന ചെടികളുടെ വേരില്‍ നിന്നും കൂടുതല്‍ തൈലം ലഭിക്കുമെന്ന് കണ്ടിട്ടുണ്ട്. ആണ്ടില്‍ 1000 മുതല്‍ 2000 മി. മീറ്റര്‍ വരെ മഴ ലഭിക്കുന്നതും 23 മുതല്‍ 430 വരെ ചൂടു ലഭിക്കുന്നതുമായ പ്രദേശങ്ങളില്‍ രാമച്ചം നന്നായി വളരും.

തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പുതുപൊന്നാനി, വെളിയംകോട്, തങ്ങള്‍പ്പടി, അന്നത്തോട്, കാപ്പിരിക്കാട്, മന്ദലാംകുന്ന്, എടക്കഴിയൂര്‍, പുന്നയൂര്‍  എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി രാമച്ചം കൃഷിയുണ്ട്.

എടക്കഴിയൂര്‍ മുതല്‍ തൃശ്ശൂര്‍മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കാപ്പിരിക്കാട് വരെയുള്ള കടലോരത്തെ വെളുത്ത മണല്‍ മണ്ണിലാണ് രാമച്ചത്തിന്റെ വിപുലമായ കൃഷിയുള്ളത്.

രണ്ടുജില്ലകളിലുമായി ഏതാണ്ട് 1200 ഏക്കര്‍സ്ഥലത്ത് രാമച്ചം കൃഷിചെയ്തുവരുന്നു. തെക്കന്‍ കേരളത്തില്‍ നെയ്യാറ്റിന്‍കര മുതല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാറശാല വരെയുള്ള തീരദേശത്തും രാമച്ചം ചെറിയ തോതില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.

കാലവര്‍ഷാരംഭത്തോടെയാണ് കൃഷിപ്പണികള്‍ തുടങ്ങുന്നത്. മുന്‍ സീസണില്‍ വിളവെടുത്ത, വേര് വെട്ടി മാറ്റിയ ശേഷമുള്ള കുറ്റികള്‍ മണ്ണില്‍ പുതച്ചു വച്ച് അതില്‍ നിന്നുണ്ടാകുന്ന 15 മുതല്‍ 20 സെ. മീറ്റര്‍ വരെ നീളമുള്ള ചിനപ്പുകള്‍ ആണ് നടീല്‍ വസ്തു.

കൃഷിസ്ഥലം നന്നായി ഇളക്കി കട്ടകളും, കളകളും മാറ്റി മണ്ണ് പരുവപ്പെടുത്തണം. അടിസ്ഥാനവളമായി ഹെക്ടറിന് 5- 10 ടണ്‍ കാലിവളമോ, കമ്പോസ്‌റ്റോ ചേര്‍ക്കണം. സ്ഥലത്തിന്റെ ചരിവിന് കുറുകെ 30 സെ. മീറ്റര്‍ ഉയരത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ വാരങ്ങള്‍ എടുക്കണം.

ഇവയ്ക്കു മുകളില്‍ 30-60 സെ. മീറ്റര്‍ അകലത്തില്‍ രണ്ടു വരിയായി ചിനപ്പുകള്‍ നടാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഒറ്റ ചിനപ്പുരീതിയില്‍ ഏകദേശം 80000-100000 ചിനപ്പുകള്‍ വേണ്ടിവരും.

elephentകൂടുതല്‍ വിളവു ലഭിക്കാന്‍ ഒരു മൂട്ടില്‍ ഒന്നില്‍ കൂടുതല്‍ ചിനപ്പുകള്‍ നടുന്ന രീതിയും ഉണ്ട്. ഓരോ ചിനപ്പും നടുന്ന കുഴിക്ക് 5-10 സെ. മീറ്റര്‍ വരെ താഴ്ച്ചയാകാം. ചെടി കുഴിയില്‍ താഴ്ത്തി വച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി ഉറപ്പിക്കണം.

മഴയില്ലെങ്കില്‍ പുതിയ മുള വരുന്നതുവരെ ദിവസവും രണ്ടുനേരം നനച്ചു കൊടുക്കണം. അഞ്ചാറ് ഇല വന്നാല്‍ പിന്നെ നന രണ്ടുദിവസം കൂടുമ്പോള്‍ മതിയാകും. നട്ട് ഒരു മാസം കഴിഞ്ഞ് കളകള്‍ നീക്കി ഇടയിളക്കിയിട്ട് വളപ്രയോഗം തുടങ്ങാം.

ആറുമാസത്തിനു ശേഷം തറനിരപ്പില്‍ നിന്നും 30 സെ.മീ. ഉയരത്തില്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍  2-3 പ്രാവശ്യം തലപ്പ് മുറിച്ചു വിടുന്നത് കൂടുതല്‍ കരുത്തോടുകൂടി ചെടി വളരുന്നതിനും അധികം ചിനപ്പുകള്‍ ഉണ്ടാവുന്നതിനും സഹായകമാണ്.

രാസവളപ്രയോഗം കര്‍ഷകര്‍ സാധാരണ ചെയ്യാറില്ല. കാലിവളം, കമ്പോസ്റ്റ്, ചാരം, കടലപിണ്ണാക്ക്, മീന്‍വളം എന്നിവയാണ് പൊതുവേ നല്‍കാറ്. എന്നാല്‍ ഹെക്ടറിന് 25-50 കി. ഗ്രാം വീതം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ ചേര്‍ത്ത് കൊടുക്കുന്നത് ചെടിയുടെ വര്‍ധിച്ച വളര്‍ച്ചയ്ക്കും, വിളവിനും അഭികാമ്യമാണ്.

പാക്യജനകവും ക്ഷാരവും 2-3 തവണകളായിട്ടാണ് ചേര്‍ത്ത് കൊടുക്കേണ്ടത്. ജുണില്‍ നടുന്ന വിളയ്ക്ക് ജൂലൈ ആഗസ്റ്റ് മാസങ്ങളിലും, സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളിലും കളയെടുത്ത ശേഷം വളമിട്ട് മണ്ണടുപ്പിച്ച് കൊടുക്കണം. രാമച്ചത്തില്‍ വലിയ കീടരോഗ ബാധകള്‍ ഒന്നും കാണാറില്ല.

മണല്‍ പ്രദേശങ്ങളില്‍ രാമച്ചത്തിന്റ വേരുകള്‍ അതിവേഗം വളര്‍ന്നിറങ്ങുന്നു. 180 സെ.മീ.  മുതല്‍ 360 സെ.മീ. വരെ വേര് വളരാറുണ്ട്. വേരിന്റെ ഉപയോഗത്തെ ആശ്രയിച്ചാണ് വിളവെടുപ്പിന്റെ സമയം നിശ്ചയിക്കുന്നത്.

ഏറ്റവും കൂടുതല്‍ വേര് ലഭിക്കുന്നത്  നട്ട് 15 മാസം കഴിയുമ്പോഴാണ്. ഗുണമേന്മയുള്ള തൈലം ലഭിക്കണമെങ്കില്‍ 18 മാസം കഴിഞ്ഞു വിളവെടുക്കണം. മണ്ണുമാന്തി ഉപയോഗിച്ച് 45-60 സെ. മീ. താഴ്ചയില്‍ മണ്ണോടുകൂടി ചുവടിളക്കി എടുത്തിട്ട് മണ്ണ് കുടഞ്ഞു കളഞ്ഞാണ് വേരെടുക്കുന്നത്.

ചെടികള്‍ പിഴുതെടുക്കും മുമ്പ് അതിന്റെ ഇലയും തണ്ടും 15-20 സെ.മീ. ഉയരത്തില്‍ മുറിച്ചു മാറ്റണം. ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ചാല്‍ ഒരു ഹെക്ടറില്‍ നിന്നും ഇനമനുസരിച്ച്  5 മുതല്‍  8 ടണ്ണോളം പച്ചവേര് ലഭിക്കും.

വിളവെടുത്ത വേര് ഒരു കഷണം തടിയില്‍ മെല്ലെ തല്ലി അതിലുള്ള കല്ലും, മണ്ണും മാറ്റണം. വൃത്തിയാക്കിയ വേര് മൂര്‍ച്ചയുള്ള ഒരു കത്തി കൊണ്ട് മുറിച്ചെടുത്ത് കെട്ടുകളാക്കി അങ്ങിനെ തന്നെ വിറ്റഴിക്കാം.

ഗുണമേന്മയുള്ള തൈലം ഉത്പാദിപ്പിക്കാന്‍ പറിച്ചെടുത്ത വേര് നന്നായി കഴുകി  3-4 സെ.മീ. നീളമുള്ള കഷണങ്ങളായി മുറിച്ച്  36-72 മണിക്കൂര്‍ തുടര്‍ച്ചയായി നീരാവി സ്വേദനം നടത്തണം. വേരില്‍ 0.5 മുതല്‍ 1.5 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട്. ഒരു ഹെക്ടറില്‍ നിന്നും ലഭിച്ച വേര് വാറ്റിയാല്‍ ഏകദേശം 20-30 കി.ഗ്രാം തൈലം ലഭിക്കും.

അടുത്ത പേജില്‍ തുടരുന്നു

 

line രാമച്ചം കര്‍ഷകര്‍ക്ക് സഹായകമായ രീതിയില്‍ ഒരു സഹകരണ സംഘം ഇപ്പോഴില്ല. അതിനാല്‍ കൃഷിക്കാരന് അവന്റെ ഉല്പ്പന്നത്തിന് കൃത്യമായ വില നിശ്ചയിക്കാനോ മെച്ചപ്പെട്ട വിപണി കണ്ടെത്താനോ കഴിയുന്നില്ല. ഇവരുടെ ഉത്പന്നം ഏജന്റുമാര്‍ മുഖേനയാണ് വില്‍ക്കുന്നത്.line

vetiver4മായുന്ന രാമച്ചസുഗന്ധം

കേരളത്തിലെ രാമച്ചം കര്‍ഷകര്‍ അസംഘടിതരും ഒരുപാട് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരുമാണ്. കര്‍ഷകരില്‍ പലരും തീരദേശഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.

സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ മിക്ക കര്‍ഷകരും ഏക്കറിന് 20000 രൂപ മുതല്‍ 30000 രൂപ വരെ വാടക നല്‍കിയാണ് കൃഷി ചെയ്തുവരുന്നത്. ചാവക്കാട്, മണത്തല, തിരുവത്ര, എടക്കഴിയൂര്‍, അണ്ടത്തോട്, പാലപെട്ടി മേഖലകളിലായി രാമച്ചം കൃഷിചെയ്യുന്ന ഒട്ടേറെ ചെറുകിട കര്‍ഷകരുണ്ട്.

രാമച്ചം കര്‍ഷകര്‍ക്ക് സഹായകമായ രീതിയില്‍ ഒരു സഹകരണ സംഘം ഇപ്പോഴില്ല. അതിനാല്‍ കൃഷിക്കാരന് അവന്റെ ഉല്പ്പന്നത്തിന് കൃത്യമായ വില നിശ്ചയിക്കാനോ മെച്ചപ്പെട്ട വിപണി കണ്ടെത്താനോ കഴിയുന്നില്ല. ഇവരുടെ ഉത്പന്നം ഏജന്റുമാര്‍ മുഖേനയാണ് വില്‍ക്കുന്നത്.

ചെറുകിട കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 32-35 രൂപയ്ക്ക്  രാമച്ചം വാങ്ങി കുത്തക മുതലാളിമാരും ഇടനിലക്കാരും ഇരുന്നൂറോ, ഇരുന്നൂറ്റമ്പതോ രൂപയ്ക്ക് മറിച്ചു വില്‍ക്കുന്നു.

hatകഴിഞ്ഞ സീസണില്‍ ക്വിന്റലിന്  12000 രൂപ വിലയുണ്ടായിരുന്നിടത്ത് ഇത്തവണ അതിന്റെ നാലിലൊന്നു വില പോലുമില്ല. കേരളത്തില്‍ രാമച്ചത്തിന്റെ പ്രധാന വിപണിയായ തൃശൂരും, കോഴിക്കോട്ടും  മുന്തിയ ഇനം രാമച്ചവേര് പോലും കിലോഗ്രാമിന് 32 രൂപ നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.

ഇക്കാരണത്താല്‍ തൃശൂര്‍ മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള രാമച്ചം കര്‍ഷകര്‍ തങ്ങളുടെ 600 ഏക്കറിലെ 2400 ടണ്ണോളം വരുന്ന രാമച്ചം വിളവെടുക്കാതെ ഇട്ടിരിക്കുകയാണ്.

രാമച്ചത്തിന് നാല് വര്‍ഷമായി നിലനിന്നിരുന്ന മികച്ച വില ഇടിയാന്‍ പ്രധാന  കാരണം അയല്‍ സംസ്ഥാനങ്ങളില്‍ രാമച്ചക്കൃഷി വിപുലമായതും അവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇറക്കുമതി വര്‍ധിച്ചതുമാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട വില ഈ വര്‍ഷം ലഭിക്കുമെന്ന് കരുതി കഴിഞ്ഞ സീസണിലെ വിളവ് ശേഖരിച്ചു വച്ചവര്‍ കടുത്ത ആശങ്കയിലാണ്. ഭൂമി വാടക, വളപ്രയോഗം, കൂലിച്ചെലവ് എന്നിവ ഉള്‍പ്പെടെ വിളവെടുപ്പുവരെ ഏക്കറിന് ഒരുലക്ഷം രൂപ വരെ ശരാശരി ചെലവുവരുന്നതായി കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ ഈ മേഖലയിലെ കര്‍ഷകര്‍ അസംഘടിതരായതിനാല്‍ സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ചുരുങ്ങിയ വിലയ്ക്ക് രാമച്ചം കൈക്കലാക്കാനായി ഇടനിലക്കാരായ കച്ചവടക്കാര്‍ മറ്റൊരു തന്ത്രം കൂടി പ്രയോഗിക്കുന്നുണ്ട്.

vetiver-oilരാമച്ചക്കൃഷിക്ക് സാമ്പത്തിക ചെലവ് ഏറെ ഉള്ളതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പണം ഇടനിലക്കാരായ കച്ചവടക്കാര്‍ മുന്‍കൂറായി നല്കുന്നു. ഇത്തരം കച്ചവടക്കാര്‍ ഇവര്‍ക്കുതന്നെ ചുരുങ്ങിയ വിലയ്ക്ക് രാമച്ചം വില്‍ക്കാന്‍ കര്‍ഷകനെ പ്രേരിപ്പിക്കും. വിളവെടുപ്പിന് ശേഷം വേരുകള്‍ സൂക്ഷിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ രാമച്ചം പെട്ടെന്ന് വില്പന നടത്താന്‍ കര്‍ഷകര്‍  നിബ്ബന്ധിതരാകുന്നു

സുഗന്ധതൈലവിളകളുടെ വിപണിയില്‍ കാണപ്പെടുന്ന ഈ അനിശ്ചിതത്വം ഈ രംഗം വിടാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി ഇവിടെത്തന്നെ രാമച്ചം സംഭരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും.

രാമച്ചം കര്‍ഷകര്‍ക്ക് സഹായകമായ രീതിയില്‍ ഒരു സഹകരണ സംഘം രൂപീകരിക്കണം. രാമച്ചത്തിന് സംസ്ഥാനത്തെ ആഭ്യന്തര വിപണിയില്‍ ഉള്ളതിനെക്കാളേറെ ഡിമാന്‍ഡ് മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ദല്‍ഹി, കൊല്‍ക്കത്ത, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ട്.

അതിനാല്‍ അവിടത്തെ വിപണിമൂല്യം പരമാവധി ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സംഘം വഴി കണ്ടെത്തണം. രാമച്ചം കൊണ്ടുള്ള കരകൌശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സ്ത്രീകള്‍ക്ക് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കണം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ രാമച്ച ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തണം. കയറ്റുമതി സാധ്യതകള്‍ പഠിക്കണം.

വെള്ളായണി കാര്‍ഷിക കോളേജിലെ അധ്യാപകനാണ് ലേഖകന്‍