ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമവും ദേശീയപൗരത്വപട്ടികയും, ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന ബി.ജെ.പിയുടെ പുതിയ വാദം പൊളിച്ചടുക്കി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ദേരക് ഒബ്രെയിന്‍.
എന്‍.പി.ആര്, എന്‍.ആര്.സി, സി.എ.എ എന്നിവ തമ്മിലുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് മോദിയും അമിത് ഷായും ഇന്ത്യയിലെ ജനങ്ങളെ മൂന്നാമത്തെ തവണയും വഞ്ചിക്കുകയാണെന്ന് എം.പി ട്വീറ്റ് ചെയ്തത്.
കേന്ദ്രമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോ-ഷ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇരുവരുടേയും മൂന്നാമത്തെ ട്രാപ്പാണ് എന്‍.പി.ആര് എന്ന് ഒബ്രെയിന്‍ വ്യക്തമാക്കിയത്.
”മൂന്നാമത്തെ തവണയും മോ-ഷ് ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുന്നു. ട്രാപ്പ് ഒന്ന് എന്‍.ആര്.സി, ട്രാപ്പ് രണ്ട്-സി.എ.എ, മൂന്നാമത്തെ ട്രാപ്പുമായി മോ- ഷ് എത്തിയിരിക്കുന്നു.”
2014 നവംബര്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖയില്‍ എന്‍.പി.ആര് എന്‍.ആര്.സിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കുന്ന രേഖയാണെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ ഷോട്ടാണ് ഒബ്രെയിന്‍ പങ്കുവെക്കുന്നത്.
2015 ഏപ്രിലില്‍ ലോക്സഭയില്‍ വെച്ച രേഖയില്‍ ഇന്ത്യയിലെ ഓരോ പൗരന്മാരുടേയും റെസിഡന്‍ഷ്യല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക വഴി ദേശീയ പൗരത്വ പട്ടിക നടപ്പില്‍ വരുത്താനുള്ള ആദ്യ ഘട്ടമാണ് ഇതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
— Citizen Derek | নাগরিক ডেরেক (@derekobrienmp) 25 December 2019
1955 ലെ പൗരത്വ നിയമം അനുസരിച്ചാണ് എന്‍.പി.ആര് നടത്തുന്നതെന്ന് പറയുന്ന മറുപടിയില്‍ രാജ്യത്തെ ഓരോ വ്യക്തിയുടേയും പൗരത്വ സ്ഥിതി നിര്‍ണയിച്ചുള്ള എന്‍.പി.ആര് പദ്ധതിക്ക് കീഴില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നുണ്ട്.
മോദി-ഷാ സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍.ആര്.പി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും അതിന് പ്രത്യേക ഫണ്ട്അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ദേരക് ഒബ്രെയിന്‍ വീഡിയോയില്‍ പറയുന്നു. എന്‍.ആര്.സി നടപ്പില്‍ വരുത്തുന്നതിന്റെ ആദ്യ പടിയാണ് എന്‍.പി.ആര് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എന്‍.പി.ആര് എന്നത് സെന്‍സസ് മാത്രമാണെന്നും അതില്‍ മറ്റ് ഉദ്ദേശ്യങ്ങളില്ലെന്ന് പറഞ്ഞ് ജനങ്ങളെ മോദിയും ഷായും വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. ഇത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എന്‍.ആര്.സിയാണെന്നിരിക്കെ വെറും സെന്‍സസ് മാത്രമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പൗരന്മാര് ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്ന് ഇന്നലെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞിരുന്നു.
എന്‍.പി.ആര് കണക്കെടുപ്പിന് ഒരു രേഖയും ആവശ്യമില്ലെന്നും ജനങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടന്നുമായിരുന്നു പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞത്.
എല്ലാ സംസ്ഥാനവും എന്‍.പി.ആറും സെന്‍സസും അംഗീകരിച്ചതാണ്. ഇതില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. എന്‍.പി.ആറും സെന്‍സസും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം. കടലാസില്‍ എഴുതുന്നതിന് പകരം മൊബൈല്‍ ആപ്പ് വഴി ഓരോരുത്തരുടേയും വിവരം സ്വീകരിക്കും.
രേഖകള്‍ നല്‍കുന്നതിലൂടെ പൗരന്മാര് ഇന്ത്യയിലെ ആളുകളാണോ എന്ന് പരിശോധിക്കുകയും അതിന് ശേഷം ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നാണ് പലരും പ്രചരിപ്പിക്കുന്നതെന്നും അതില്‍ വാസ്തവമില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം.
ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്‍.പി.ആറിനായുള്ള പരിശീലനം നടക്കും.
വീടുകള്‍ തോറുമുള്ള സര്‍വേകള്‍ ഉപയോഗിച്ച് എന്‍.പി.ആര് ഡാറ്റ 2015ല്‍ അപ്ഡേറ്റ് ചെയ്തു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷന് ഇപ്പോള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. എന്‍.പി.ആര് പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ല്‍ നടക്കും.
ഇന്ത്യയിലെ ഓരോ വ്യക്തിയും എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. സെന്‍സസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എന്‍.പി.ആര് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി) നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായിട്ടാണ് ആരോപിക്കപ്പെടുന്നത്.
അതേസമയം എന്‍.ആര്.സിയും സി.എ.എയും മൂലം ഉടലെടുത്ത ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.