ആലപ്പുഴ: കേരളത്തില്‍ ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാവാന്‍ ഇനിയും എത്രകാലമെടുക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരള പുലയ മഹാസഭ പോഷകസംഘടനകളുടെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാകാന്‍ ഇനിയും എത്രകാലമെടുക്കുമെന്നും ഗൗരിയമ്മ ശ്രമിച്ചിട്ട് കോര്‍ട്ടിനു വെളിയില്‍ പോയതാണെന്നും അതിനാല്‍ അധികാരം നേടിയെടുക്കാന്‍ പിന്നാക്കവിഭാഗങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രബുദ്ധതയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിലും വിവേചനം തുടരുകയാണെന്നും വിശ്വപൗരനായ കെ.ആര്‍. നാരായണനെ പോലും സംവരണ മണ്ഡലത്തില്‍ മത്സരിപ്പിച്ചവരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി സ്ഥാനമെല്ലാം ചില വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ധരിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗായത്രീമന്ത്രം ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും പഠിക്കാനാകില്ലെന്ന് ഇനി ആര്‍ക്കും ശഠിക്കാന്‍ കഴിയില്ലെന്നും ഇന്റര്‍നെറ്റിലൂടെ പഠിക്കുന്ന കാലമാണിതെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
വേദാധികാരം ശൂദ്രനുമുണ്ടെന്ന് ചട്ടമ്പിസ്വാമി വ്യാഖ്യാനിച്ച് വ്യക്തമാക്കിയിട്ടും ചിലര്‍ക്ക് മനസിലായില്ലെന്നും സവര്‍ണര്‍ ഇനിയെങ്കിലും കാലത്തിന്റെ മാറ്റം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വേദമന്ത്രങ്ങള്‍ എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കണമെന്നും പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവണമെന്നും പറഞ്ഞ അദ്ദേഹം സംസ്‌കൃത മന്ത്രങ്ങള്‍ ബൂര്‍ഷ്വാസിയുടേതാണെന്ന വിശ്വാസം വേണ്ടായെന്നും അതെല്ലാം എല്ലാവരുടേതുമാണെന്ന് ഇന്റര്‍നെറ്റ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: How long will it take for an pulaya woman to become Chief Minister: Swami Satchidananda