ഹലാല്‍ ലവ് സറ്റോറി: ജമാഅത്തിനെ ഒളിച്ചു കടത്തുകയല്ല തേച്ചൊട്ടിക്കുകയാണ്
Discourse
ഹലാല്‍ ലവ് സറ്റോറി: ജമാഅത്തിനെ ഒളിച്ചു കടത്തുകയല്ല തേച്ചൊട്ടിക്കുകയാണ്
എ. റശീദുദ്ദീന്‍
Monday, 19th October 2020, 9:39 pm
സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കലയ്ക്കും സിനിമയ്ക്കും വേണ്ടി നടത്തിയ പരിശ്രമങ്ങളെ ഓര്‍ത്തെടുക്കുക കൂടിയാണ് ജമാഅത്ത് സഹയാത്രികനും മാധ്യമപ്രവര്‍ത്തകനുമായ ലേഖകന്‍

ഹലാല്‍ ലവ് സ്റ്റോറി കണ്ടവരുടെ കൂട്ടത്തില്‍ ഈ സിനിമ ഏറ്റവും ജീവിതഗന്ധിയായി സംവദിച്ച ഒരാളാണ് ഇതെഴുതുന്നത്. മലയാളി മുസ്ലിം സമൂഹത്തിലെ ബുദ്ധി ജീവികളെന്ന് അഭിമാനിക്കുന്നവരുടെ യഥാര്‍ഥ ചിത്രം വരച്ചിടുന്ന, അവരുടെ കേഡര്‍ സംഘടനയില്‍ യുവാക്കളും നേതാക്കളും തമ്മിലുള്ള ആശയാന്തരങ്ങള്‍ തുറന്നു കാട്ടുന്ന, അവര്‍ക്കിടയിലെ സ്ത്രീത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയാണ് സക്കരിയ്യ-പരാരി കൂട്ടുകെട്ടിന്റേത്.

പൊതുമുസ്ലിം സമൂഹത്തിന്റെ നന്‍മയെ കുറിച്ചാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിയമിലൂടെ ഈ കൂട്ടുകെട്ട് സംവദിച്ചതെങ്കില്‍ കേരളീയ മുസ്ലിം സമൂഹത്തിനകത്തെ വളരെ ചെറിയ ഒരു വിഭാഗത്തെ കുറിച്ചുള്ള സിനിമയാണിത്. എന്നാല്‍ ചെറുതെങ്കിലും ബൗദ്ധിക മണ്ഡലത്തില്‍ സദാ സാന്നിധ്യമറിയിക്കുന്ന ഒരു വിഭാഗം. മലയാളി മുസ്ലിങ്ങളെ കൂടുതലും പ്രതിലോമകരമായും വല്ലപ്പോഴുമൊക്കെ സത്യസന്ധമായും നമ്മുടെ സിനിമ അടയാളപ്പടുത്തിയിട്ടുണ്ട്.

മുഹ്‌സിന്‍ പരാരിയും സക്കരിയയും

കായംകുളം കൊച്ചുണ്ണി, കണ്ടം ബെച്ച കോട്ട്, സമാന്തരങ്ങള്‍, ഉപ്പ്, ആദാമിന്റെ മകന്‍ അബു എന്നു തുടങ്ങി വിരലില്‍ എണ്ണാവുന്ന നല്ല സിനിമകള്‍ പല കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഏറിയാല്‍ സാമൂഹികമായി സത്യസന്ധത പുലര്‍ത്തിയ സിനിമകളാണ് അവയൊക്കെയും. കിളിച്ചുണ്ടന്‍ മാമ്പഴവും പുലിമുരുകനും പോലുള്ള അറു വഷളന്‍ കഥാപാത്രങ്ങളുള്ള സിനിമകളും ഉണ്ട്.

ഇടതുപക്ഷ രാഷ്ട്രീയബോധത്തെ അംഗീകരിച്ചതുപോലെ മുസ്ലിം രാഷ്ട്രീയത്തെ മലയാള സിനിമ കണക്കിലെടുത്തിട്ടില്ല. സപ്തംബര്‍ 11നു ശേഷമാണ് മുസ്ലിം സമൂഹത്തിനകത്ത് പൊളിറ്റിക്കല്‍ ഇസ്ലാം ഉണ്ടായതെന്ന പൊതുതത്വമാണ് നമ്മുടെ സിനിമാ ആചാര്യന്‍മാരുടേതും. അതിന്റെ ചട്ടക്കൂടുകള്‍ക്കകത്തിട്ടാണ് ഹലാല്‍ ലവ് സ്റ്റോറിയെ പോലും വിലയിരുത്തുന്നതും.

സിനിമയും സംഗീതവും മാത്രമല്ല ക്രിക്കറ്റും പാചകവും വരെ സവര്‍ണരുടെ, കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ ബ്രാഹ്മണരുടെ നിയന്ത്രണത്തിന് കീഴിലേക്ക് മാറിക്കഴിഞ്ഞ ഒരു സമൂഹത്തില്‍ നിന്നാണ് സക്കരിയയ്യയും പരാരിയും പൊളിറ്റിക്കല്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവരുടെ കാണാനും പറയാനുമുള്ള അവകാശത്തെ കുറിച്ച് സിനിമയെടുക്കുന്നത്. സാധാരണ മുസ്ലിമിന് പോലും അവകാശം ചോദിച്ചു ചെല്ലാനാവുന്ന ഒരു ഇടമല്ല അത്.

മമ്മൂട്ടിയും ഷാരൂഖ് ഖാനും ആമിര്‍ഖാനുമൊക്കെ അടക്കി വാഴുന്ന ഒരു ഇന്‍ഡസ്ട്രിയുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് സിനിമയിലൂടെ തന്നെയുള്ള ഒരു പുനര്‍വായനക്കാണ് സക്കരിയ്യ തുടക്കമിടുന്നത്. യൂസുഫ് ഖാന്‍ എന്ന പെഷാവരി പത്താന് ഇന്ത്യന്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാനായി ദിലീപ് കുമാര്‍ എന്ന പേര് സ്വീകരിക്കേണ്ടി വന്നതു പോലെ, മഹ്ജബീന്‍ ബാനുവിന് മീനാ കുമാരിയും ബീഗം മുംതാസ് ജഹാന്‍ ദഹ്ലവിക്ക് മധുബാലയും ആകേണ്ടി വന്നതു പോലെയായിരിക്കില്ല ഒരുപക്ഷേ മമ്മൂട്ടിയുടെയും ബോളിവുഡ് ഖാന്‍മാരുടെയും കാലത്തെ ഇന്ത്യന്‍ സിനിമ.

ഒരുപാട് മാറിയിട്ടുണ്ടാകാം. എന്നാല്‍ താരപദവികളിലെ ആലങ്കാരികതയല്ല അവരിലൂടെ ഇന്ത്യന്‍ സിനിമ അടയാളപ്പെടുത്തിയ സാമൂഹികമായ ഇടങ്ങളും സമൂഹങ്ങളുടെ നേര്‍ചിത്രങ്ങളും. ഹലാല്‍ ലവ് സ്റ്റോറിയുടെ നായക സ്ഥാനത്ത് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അത് മലയാള സിനിമയിലെ ഏറ്റവും അസാധ്യമായ കാസ്റ്റിംഗ് ആയിരിക്കും. 22 ഫീമെയില്‍ കോട്ടയം പോലെ അജണ്ടകളെ വെല്ലുവിളിച്ച് ചില ടാബൂ ഇടങ്ങളെ അടയാളപ്പെടുത്തുന്ന സാഹസികമായ വിതാനത്തിലേക്ക് മലയാള സിനിമ ഉയരുകയാണ് ലവ്സ്റ്റോറിയിലൂടെ സംഭവിക്കുന്നത്.

ദിലീപ് കുമാര്‍

എന്നെ സംബന്ധിച്ചേടത്തോളം ഇത് എന്തുകൊണ്ട് ജീവിതഗന്ധിയായി എന്നല്ലേ? 1991-92 കാലഘട്ടത്തിലാണത്. സിനിമാ മേഖലയില്‍ ഇടപെട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനാവുമോ എന്ന അന്വേഷണത്തിന് ജമാഅത്തെ ഇസ്ലാമി തുടക്കമിട്ട സമയം. അയോധ്യാ പ്രസ്ഥാനം സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മുസ്ലിം വിരുദ്ധതയാണ് സിനിമയിലും സാഹിത്യത്തിലും മാധ്യമങ്ങളിലുമൊക്കെ അന്ന് നിറഞ്ഞു നിന്നത്.

‘രാമായണ കാറ്റേ’ എന്ന പാട്ടിന്റെ അര്‍ത്ഥത്തെ കുറിച്ചുള്ള ചോദ്യത്തിന് ആ സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രമുഖന്‍ പറഞ്ഞ അസംബന്ധജഢിലമായ ഒരു ഉത്തരം അക്കാലത്ത് കേരളത്തിലെ അറിയപ്പെട്ട ഒരു സാഹിത്യകാരന്‍ എന്നോട് പങ്കുവെച്ചത് ഇങ്ങനെയാണ്. ‘രാജ്യം മുഴുക്കെ ആഞ്ഞു വീശുന്ന ഒരു കാറ്റാണത്. നമുക്കൊക്കെ പരസ്യമായി അണിചേരാനാവില്ലല്ലോ. ഈ വരികളിലെ കാറ്റ് നമ്മുടെ മനസ്സില്‍ നിന്നും വീശുന്നതാണ്’ രാമായണക്കാറ്റിന്റെ വിശദീകരണമായിരുന്നു അത്.

ഒരു സിനിമ സാധ്യമാവുമോ എന്ന അന്വേഷണവുമായി കേരളത്തിലെ പല പ്രമുഖരെയും നേരിട്ടു കണ്ട് ഈയുള്ളവന്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി ജമാഅത്തിന് നല്‍കിയിരുന്നു. കുട്ടിക്കുപ്പായവും അച്ചനും ബാപ്പയും അങ്ങാടിയുമൊക്കെ പോലെ മുസ്ലിം സമൂഹത്തെ ഏതോ പ്രകാരത്തില്‍ അടയാളപ്പെടുത്തുന്ന സിനിമകളെങ്കിലും തിയേറ്ററുകളില്‍ മടങ്ങിയെത്തുന്നുണ്ടെങ്കിലേ ജമാഅത്ത് മനസ്സില്‍ കാണുന്ന ആശയപരമായ ഇസ്ലാമിനെ കുറിച്ച സിനിമകള്‍ സാധ്യമാവൂ എന്നായിരുന്നു അതിന്റെ കാതല്‍. സ്വാഭാവികമായും ഈ റിപ്പോര്‍ട്ട് ജമാഅത്ത് തള്ളി. ഏകദേശം 30 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ആലോചനയുടെ ഇങ്ങേ അറ്റത്താണ് ഹലാല്‍ ലവ്സ്റ്റോറി വെള്ളിത്തിരയിലെത്തുന്നത്.

അക്കാലത്ത് ഇറാന്‍ എംബസിയില്‍ ഞാന്‍ ഒരു അപേക്ഷ കൊടുത്തിരുന്നു. അവരുടെ രാജ്യത്തെ സിനിമകളിലാണ് ഇസ്ലാമിന്റെ ആന്തരിക ചൈതന്യം ഉണ്ടായിരുന്നത് എന്നതു കൊണ്ടുതന്നെ സിനിമ പഠിക്കാനായി ഇറാനിലെ ഏതെങ്കിലുമൊരു ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എന്നെ സ്വീകരിക്കണം എന്നായിരുന്നു അഭ്യര്‍ഥന. എംബസിയുടെ തിലക് മാര്‍ഗിലെ ഓഫീസില്‍ എന്നെ വിളിച്ചു വരുത്തി അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ഞാന്‍ സമര്‍പ്പിച്ച അപേക്ഷ തെഹ്റാനിലെ മന്ത്രാലയത്തിലേക്ക് കൊടുത്തയക്കുകയും ചെയ്തു. അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം എനിക്ക് ഔദ്യോഗികമായി തന്നെ മറുപടിയും ലഭിച്ചു. ഇന്ത്യയും ഇറാനും തമ്മില്‍ സിനിമാ പഠനത്തിന് വിദ്യാര്‍ഥികളെ കൈമാറുന്ന കരാര്‍ നിലവില്‍ ഇല്ലെന്നും ഇറാനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഇന്ത്യ സ്വീകരിക്കുമെങ്കിലേ എന്റെ അപേക്ഷ പരിഗണിക്കാനാവൂ എന്നുമാണ് കത്തില്‍ ഉണ്ടായിരുന്നത്.

അക്കാലത്ത് സ്വന്തം നിലയില്‍ സിനിമയെടുക്കാനുള്ള ചില ദുര്‍ബലമായ ശ്രമങ്ങള്‍ക്ക് ഞാന്‍ തുടക്കമിട്ടിരുന്നു. അതിലൊന്ന് എഴുതിപ്പൂര്‍ത്തിയാവാത്ത ഒരു തിരക്കഥയായി 2017ലെ വെള്ളപ്പൊക്കം വരെ വൈത്തിരിയിലെ വീട്ടില്‍ ഉണ്ടായിരുന്നു. സിനിമയും സാഹിത്യവും സംഗീതവുമൊക്കെ നേതാക്കളെ ബോധ്യപ്പെടുത്താനായി അന്നത്തെ എസ്.ഐ.ഒക്കാര്‍ മണ്ണാര്‍ക്കാട്ട് ഒരു സര്‍ഗസംഗമം ക്യാമ്പ് നടത്തുകയുണ്ടായി.

പാട്ടു കാസറ്റുകള്‍ ഇറക്കാന്‍ സമ്മതിച്ചതു പോലെ അല്‍ഭുതകരമായ ഒരു അനുമതിയായിരുന്നു അതെന്ന് പറയാതെ വയ്യ. സിനിമയില്‍ എന്തൊക്കെയാവാം? ഇസ്ലാമിക സംഗീതം എന്നൊന്നുണ്ടെങ്കില്‍ അതിന്റെ രൂപം എന്തായിരിക്കും എന്നൊക്കെ കെ.ടി മുഹമ്മദ് അടക്കമുള്ള നാടക ആചാര്യന്‍മാരെയും ചാന്ദ്പാഷയെ പോലുളള സംഗീത സംവിധായകരെയും കലാമണ്ഡലത്തിലെ ചില ആചാര്യന്‍മാരെയുമൊക്കെ വിളിച്ചു വരുത്തി ഒരാഴ്ചക്കാലം ചര്‍ച്ച ചെയ്ത് പ്രബന്ധങ്ങളുണ്ടാക്കി.

കെ.ടി മുഹമ്മദ്

സമൂഹത്തില്‍ പരസ്യമായി കാണുന്നതൊക്കെയും ക്യാമറയുടെ കണ്ണില്‍ പെടുത്താവുന്നതാണ് എന്ന അടിസ്ഥാനത്തില്‍ ‘ഇസ്ലാമികമായ’ സിനിമയുടെ സാധ്യതകളെ കുറിച്ച് വിശദമായ പ്രബന്ധം തയാറാക്കി. മനുഷ്യരില്‍ അലസതയും ഭോഗതൃഷ്ണകളും ഉല്‍പ്പാദിപ്പിക്കാത്ത, അതായത് ഉണര്‍വും പ്രസരിപ്പും വീര്യവും ഉണ്ടാക്കുന്ന കര്‍ണാടിക് രാഗങ്ങളെ ഇസ്ലാമികം എന്ന് തരംതിരിച്ച് പട്ടികയുണ്ടാക്കി.

ഇതൊക്കെ പക്ഷെ ക്യാമ്പിന്റെ സമാപന ദിവസം ഒറ്റ ഹദീസ് ഓതി പത്തു മിനിറ്റിനകം നിരാകരിക്കുകയാണ് അന്നുണ്ടായത്. അതിന്റെ തുടര്‍ച്ചയെന്നോണം സംഘടനയില്‍ നിന്നും ചില യുവാക്കള്‍ കലഹിച്ച് പുറത്തേക്ക് പോകുകയുമുണ്ടായി. സംഗീതമെന്നത് വലിയൊരളവോളം അതിലടങ്ങിയ ആശയം മാത്രമായിരുന്നു. എത്രത്തോളമെന്നു വെച്ചാല്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ അന്നൊരിക്കല്‍ മാപ്പിളകലകളെ കുറിച്ച് ഒരു രാവു മുഴുക്കെ നീണ്ട ഒരു പരിപാടി തനിമയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ഞാനായിരുന്നു അന്ന് തനിമയുടെ പ്രസിഡന്റ്.

എ. റശീദുദ്ദീന്‍

കോല്‍ക്കളി, വട്ടപ്പാട്ട്, ഒപ്പന എന്നു തുടങ്ങി ഏതാണ്ടെല്ലാ മാപ്പിളകലകളുടെയും ഒറിജിനല്‍ ഗുരുക്കന്‍മാര്‍ അണിനിരന്ന കലാനിശ. അന്നു രാത്രി പാട്ടു പാടാനെത്തിയ പ്രശസ്തയായ ഒരു പിന്നണി ഗായികയുടെ സാരി പൊക്കിളിന് താഴെയായത് സദസ്സില്‍ നിന്നും വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തി. പാട്ടുപാടുന്നതിനിടെ അവരെ സ്റ്റേജില്‍ നിന്നും ഇറക്കിവിടാനായി അതികഠിനമായ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വന്നത്. അവര്‍ വീണ്ടും പാടിയാല്‍ പരിപാടിക്കു തന്നെ കര്‍ട്ടനിടേണ്ടി വരുന്ന അവസ്ഥ. അവരോടിത് പറയാനും വയ്യ, പറയാതിരിക്കാനും വയ്യ. ഒടുവില്‍ എങ്ങനെയോ സാരി അഡ്ജസ്റ്റ് ചെയ്യിച്ച് തടിയൂരി.

എന്നാല്‍ ജമാഅത്ത് അതിവേഗമാണ് കാലത്തിനൊപ്പം മാറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നത്. ഈ സിനിമ പറയുന്ന ജമാഅത്തെ ഇസ്ലാമി ഒരുപക്ഷേ ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തേതോ അല്ലെങ്കില്‍ അതിന് അല്‍പ്പം മുമ്പെയോ ഉള്ളതാണ്. സലാം കൊടിയത്തൂര്‍ എന്ന ടെലി സംവിധായകന്റെ ഭാവനയില്‍ വിരിഞ്ഞ പുതിയ കാലത്തെ ‘കുട്ടിക്കുപ്പായ’വും ‘സുബൈദ’യും ‘കുപ്പിവള’യുമൊക്കെ ജമാഅത്ത് ഓഫീസിനു താഴെയുള്ള കൗണ്ടറിലൂടെ 90കളുടെ അവസാനത്തില്‍ തന്നെ വാങ്ങാന്‍ കിട്ടുന്നുണ്ടായിരുന്നു.

എന്നാല്‍ അതുപോലെയുള്ള സിനിമകള്‍ പക്ഷെ പത്ത് വര്‍ഷം മുമ്പെയെങ്കിലും അംഗീകരിക്കാന്‍ കഴിയേണ്ടതായിരുന്നു. ക്രമേണ ജമാഅത്ത് ടെലിവിഷന്‍ യുഗത്തിലേക്ക് കടന്നു. മാധ്യമം പത്രത്തിന്റെ തുടര്‍ച്ചയായി വരുന്ന ടി.വി എന്തായിരിക്കണമെന്ന ചര്‍ച്ചകളിലൊക്കെ പങ്കുകൊണ്ടവര്‍ക്ക് സാധാരണക്കാരായ പ്രവര്‍ത്തകരുടെ സ്വപ്നങ്ങളുടെ ചൂടും ചുവയുമൊക്കെ ഓര്‍മ്മയുണ്ടാകും. ആദ്യ കാലത്ത് ചാനലിനു വേണ്ടി ഷൂട്ടു ചെയ്ത ഒരു സീരിയലിന്റെ എപ്പിസോഡുകളത്രയും ഉപദേശി പ്രസംഗങ്ങളായിരുന്നു.

സലാം കൊടിയത്തൂര്‍

യോഗങ്ങള്‍ക്കൊാടുവില്‍ ‘ഉല്‍ബോധനം’ നടത്തുന്ന ഈ പരിപാടിയെ ലവ്സ്റ്റോറി എടുത്തു കാണിക്കുന്നുണ്ട്. പിന്നീട് ഈ സീരിയലുകളെ ഉപേക്ഷിച്ചുവെങ്കിലും. സക്കരിയ്യയും പരാരിയും അന്നത്തെ, അതായത് ഇന്നത്തേതില്‍ നിന്നും പത്ത് വര്‍ഷം മുമ്പെയുള്ള ആ കാലഘട്ടത്തില്‍ നിന്നാണ് ഒരുപക്ഷേ ഈ സിനിമയെടുക്കുന്നത്.

ബുഷിന്റെ കോലത്തില്‍ ചെരിപ്പു കൊണ്ടടിക്കുന്ന ആളെ പിടിച്ചു മാറ്റുന്ന സീനിലെ ആ ശുദ്ധതയുണ്ടല്ലോ, അത് പുതിയ കാലത്ത് ഒരു കോമഡി രംഗമായാണ് മാറുന്നത്. പഞ്ചാബിലെ ഒരു വൃദ്ധ കര്‍ഷകന്‍ മോദിയുടെ കോലത്തില്‍ ചെരിപ്പൂരി ആഞ്ഞടിക്കുന്ന അതേ ശുദ്ധത. എന്നാല്‍ ആ അര്‍ഥത്തിലുള്ള നിഷ്‌കളങ്കത ഈ സംഘടനയുടെ മുഖമുദ്രയാണ്.

1990കളുടെ തുടക്കത്തില്‍ അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പ് ജയിച്ച ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെ അവിടത്തെ പട്ടാളം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് അക്കാലത്ത് കോഴിക്കോട്ടെ മിഠായി തെരുവില്‍ പടുകൂറ്റന്‍ പ്രകടനം നടന്നിട്ടുണ്ട്. അള്‍ജീരിയ എന്ന രാജ്യം എവിടെയാണെന്നു പോലും അറിഞ്ഞു കൊണ്ടായിരുന്നില്ല ആ പ്രതിഷേധം. അതുപക്ഷേ ഒരു നിലപാടിന്റെ നിദര്‍ശനമായിരുന്നു.

ഹിറ സെന്റര്‍ – ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ആസ്ഥാനം

ഇന്നു പക്ഷേ സംഘടന അവിടുന്നൊക്കെ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. കെട്ടിപ്പിടിക്കുക എന്നത് പ്രസ്ഥാനത്തോട് മറുപടി പറയേണ്ടുന്ന കാലമായിരുന്നു അന്നെങ്കില്‍ ആണ്‍-പെണ്‍ സൗഹൃദത്തിന്റെ സമ്പൂര്‍ണമായ നിരാസത്തില്‍ നിന്നും കുറെക്കൂടി സംഘടന മുന്നോട്ടുപോയിട്ടുണ്ടന്നാണ് എന്റെയൊരു തോന്നല്‍. ഹലാല്‍ ലവ് സ്റ്റോറി എന്ന ഈ സിനിമ തന്നെയും പത്തു വര്‍ഷങ്ങള്‍ക്കപ്പുറം ഒന്നാന്തരം കോമഡിയാകുന്ന കാലമാണ് ഈ മേഖലയില്‍ വരാനിരിക്കുന്നതും.

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായ റഹീം സാഹിബ് എന്ന നാസര്‍ കറുത്തേനി എന്ന നാസര്‍ മാഷ് യഥാര്‍ഥ ജീവിതത്തിലും ജമാഅത്തുകാരനാണ്. അദ്ദേഹത്തിന് ഒരിക്കലും അഭിനയിക്കേണ്ടി വരുന്നില്ല. താന്‍ കൊടുത്ത മൈദ ഉപയോഗിച്ച് ഒരു അശ്ളീല സിനിമയുടെ പൊസ്റ്ററൊട്ടിക്കുന്നയാളെ നോക്കി ഒരു സീനില്‍ മാഷ് പറയുന്നില്ലേ എന്തൊക്കെ ഹറാമാണ് ചെയ്യേണ്ടി വരുന്നതെന്ന്.

നാസര്‍ കറുത്തേനി

ഈ കുറ്റബോധത്തിനും മാര്‍ക്കറ്റ് നിയന്ത്രിത ലോകത്തിന്റെ അജണ്ടകള്‍ക്കുമിടയില്‍ എവിടെയാണ് സ്വന്തം ഇടമെന്ന് കണ്ടെത്താനാവാതെ തപ്പിത്തടയുന്ന ഒരു സമൂഹമാവുകയാണ് ജമാഅത്തുകാര്‍ എന്നാണ് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുക. അയല്‍ക്കാരനോട് സ്നേഹപൂര്‍വ്വം പെരുമാറിയോ, ജോലിയില്‍ സത്യസന്ധത പുലര്‍ത്തിയോ, ഭാര്യയോടുള്ള കടമ നിര്‍വഹിച്ചോ, സന്താന പരിപാലനത്തില്‍ ശ്രദ്ധിച്ചോ എന്നും മറ്റും നിത്യവും ആത്മസംസ്‌കരണ പട്ടികയുടെ കോളം പൂരിപ്പിക്കുന്ന ‘നിഷ്‌ക്കു’കളാണ് ഈ സംഘടനയുടെ താഴെത്തട്ടിലുള്ളവര്‍ എന്നത് സത്യമാണ്.

അതിനെ വല്ലാതെ ഹാസ്യാത്മകമാക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെയും ഒരു കൂട്ടര്‍ കേരളത്തില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ പുതിയ കാലത്തെ സംഘടനയും അതിനെ നയിക്കുന്നവരും കാലത്തിനൊപ്പം പോകാന്‍ പഠിച്ചവരാണെന്ന മറുവശവും സക്കരിയ്യയുടെ ചില ദൃശ്യങ്ങളിലുണ്ട്. സിനിമയുടെ ചിത്രീകരണം മുടങ്ങാതിരിക്കാനായി കള്ളുകുടിയനായ സ്വന്തം ഡയറക്ടറെ രക്ഷിച്ചെടുക്കാന്‍ പോകുന്ന രംഗം ഉദാഹരണം. ‘ഉപയോഗപ്പെടുത്തുക’ എന്ന ജമാഅത്ത് പദാവലിയുടെ നിദര്‍ശനമാണത്.

ഒരാള്‍ ലിബറല്‍ ആകുന്നത് വാതകവും ദ്രാവകവും ഉപയോഗിക്കുന്നവനും നിസ്‌കരിക്കാത്തവനുമാകുമ്പോഴാണെന്നും അത്തരമൊരാളെ മുസ്ലിമായാല്‍ പോലും ഉപയോഗപ്പെടുത്താമെന്നും ഹല്‍ഖാ യോഗത്തിലെ തൗഫീഖിന്റെ കമന്റില്‍ കൃത്യമായ കാപട്യമുണ്ട്. മറുഭാഗത്ത് ബാങ്കിലുള്ള പലിശസമ്പാദ്യം സിനിമക്കു വേണ്ടിയാണെങ്കില്‍ പോലും സ്വീകരിക്കരുതെന്ന ആശയപരമായ പ്രതിബദ്ധതയും അവര്‍ക്കുണ്ട്. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ കൊക്കക്കോള കുടിക്കാമെന്നു പറയുക, മദ്യഷാപ്പില്‍ പോയി പ്രവാചകന്റെ ഹദീസ് ചര്‍ച്ച ചെയ്യുക മുതലായവയിലൊക്കെ ജമാഅത്തിനെ കുറിച്ച് വൈരുദ്ധ്യാത്മകമായ മെറ്റാഫറുകളുമുണ്ട്. സാമ്രാജ്യത്വ വിരുദ്ധത എന്നത് ഒരുതരം ഇടിക്കൂടാണെന്നും അതിനപ്പുറം സ്ഥായിയായ അജണ്ടയല്ലെന്നും സിനിമ വിരല്‍ ചൂണ്ടുന്നു.

സിനിമ അവസാനം വരെ മുഷിപ്പില്ലാതെ കണ്ടിരിക്കാനാവുമോ എന്ന ചോദ്യത്തിന് ആവുമെന്നാണ് മറുപടി. മുന്‍നിര താരങ്ങളില്‍ ഇന്ദ്രജിത്ത് മാത്രമാണ് പ്രധാനി. മാമുക്കോയയും പാര്‍വ്വതിയുമൊക്കെ ഗസ്റ്റ് റോളകുളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സൗബിന്റെ വേഷവും അദ്ദേഹത്തിനു വേണ്ടി കോഴിയെ പിടിക്കാന്‍ പോകുന്ന വളണ്ടിയര്‍ സാഹിബുമാരും സിനിമയിലെ രണ്ടു നിലവാരത്തിലുള്ള തമാശകളാണ്. അയല്‍വാസിയുടെ നോട്ടത്തിലെ തമാശ ജമാഅത്തുകാരനു മാത്രമേ മനസ്സിലാവൂ.

അതേസമയം വലിയ അഭിനയമൊന്നും കാഴ്ചവെക്കുന്നില്ലെങ്കിലും ഭാര്യയോടുള്ള പെരുമാറ്റത്തില്‍ പോലും ജമാഅത്തുകാരുടെ മാനറിസങ്ങള്‍ അതേപടി പകര്‍ത്തുന്ന ഇന്ദ്രജിത്ത് ഈ സിനിമയില്‍ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. ഗ്രേസ് ആന്റണിയുടെ സുഹറ എന്ന കഥാപാത്രവും ഷറഫുദ്ദീന്‍ ചെയ്ത തൗഫീഖിന്റെ വേഷവും ഉജ്ജ്വലമാണ്. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ധാരാളം അമേച്വര്‍ നടന്‍മാര്‍ സിനിമയെ ജീവസ്സുറ്റതാക്കുന്നുണ്ട്.

ചില പുതിയ സംജ്ഞകള്‍ കൊണ്ടു വരുന്നതിന്റെ അമിതാവേശമാണെങ്കില്‍ കൂടിയും മാര്‍ക്സിസ്റ്റ് സിനിമകളിലെ പരിപ്പ്വടയും കട്ടന്‍ ചായയും പ്രതിക്രിയാവാദവും പോലെ ചില ജമാഅത്ത് സംഘടനാ ചിഹ്നങ്ങളും പദപ്രയോഗങ്ങളും സിനിമയില്‍ ഉടനീളമുണ്ട്. സാഹിബിനെ ഏതോ സാഹിബ് വിളിച്ചതിലും മറ്റുമുള്ള ഈ തമാശകള്‍ പൊതു സമൂഹത്തിന് എത്രത്തോളം മനസ്സിലാക്കാനാവുമെന്നത് വേറെ കാര്യം. സിനിമക്ക് കൃത്യമായ ഒരു അന്ത്യം പക്ഷെ ലവ്സ്റ്റോറിയിലില്ല. തത്വശാസ്ത്രത്തിനും തിരക്കഥക്കുമിടയില്‍ എവിടെയോ ശ്വാസംമുട്ടുകയാണ് അവസാനത്തെ ഡയലോഗുകള്‍.

ജമാഅത്തിനെ ഒളിച്ചു കടത്തുകയല്ല മറിച്ച് തേച്ച് മതിലില്‍ ഒട്ടിക്കുകയാണ് ഹലാല്‍ ലവ്സ്റ്റോറി ചെയ്യുന്നത്. ആത്മീയതയും ലിബറലിസവും കൂടിക്കുഴയുന്ന ഈ സമൂഹത്തിനകത്തെ ആശയസംഘര്‍ഷങ്ങളെ സിനിമ തുറന്നു കാട്ടുന്നത് പക്ഷെ കാലഹരണപ്പെട്ട ഫ്രെയിമുകളിലാണ്. സ്വന്തമായി ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്തെ ഏതാനും യുവാക്കളുടെ ടെലിഫിലിം സങ്കല്‍പ്പവും മാര്‍ക്കറ്റ് നിയന്ത്രിത ടെലിവിഷന്‍ കാലത്തെ പുതിയ ജമാഅത്തും തമ്മിലുള്ള അന്തരം പക്ഷെ ഇങ്ങനെയല്ല.

മൂല്യസങ്കല്‍പ്പങ്ങളില്‍ വന്ന ഈ മാറ്റം ചര്‍ച്ച ചെയ്യുന്നില്ല എന്നിടത്താണ് യഥാര്‍ഥത്തില്‍ ഒരുതരം ഗ്ളോറിഫിക്കേഷന്‍ കടന്നു വരുന്നത്. മൊത്തത്തില്‍ പറയാനുള്ളത് ഇത്രയുമാണ്. സുഡാനിക്കു വേണ്ടി മമ്പുറത്ത് പ്രാര്‍ഥിക്കാന്‍ പോകുന്ന ഉമ്മമാരുടെ അതേ നന്‍മയാണ് ഈ സിനിമയിലുമുള്ളത്. മലബാറില്‍ ഒരുപക്ഷേ കൂടുതല്‍ ഇത്തരം മനുഷ്യരെ കണ്ടെത്താനായേക്കുമെന്നു മാത്രം. സംഘടനാബന്ധങ്ങള്‍ക്കപ്പുറത്തുള്ള മാനവികതയാണത്.

നിര്‍മ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടും വാനപ്രസ്ഥത്തിലെ കഥകളിക്കാരനും ദേശാടനത്തിലെ മഠാധിപതിയുമൊക്കെ സമൂഹത്തില്‍ എത്ര ശതമാനമുള്ളവരുടെ കഥകളാണ്? അവര്‍ക്ക് കിട്ടിയ ഇടംപോലൊന്ന് സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ മുക്കിലും മൂലയിലും ഒറ്റയും തറ്റയുമായി ജീവിക്കുന്ന ഇത്തരം മനുഷ്യര്‍ക്കൊക്കെയും, ജമാഅത്തുകാര്‍ക്കുള്‍പ്പടെ അവശകാശപ്പെട്ടതല്ലേ?

Halal Love Story doesn’t support Jamaat e islami but criticise it

എ. റശീദുദ്ദീന്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍.