എഡിറ്റര്‍
എഡിറ്റര്‍
‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍
എഡിറ്റര്‍
Wednesday 18th October 2017 6:06pm

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്കുകയാണ്. ഇതിനിടെ തന്റെ സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് ശക്തായ താക്കീത് നല്‍കിയ മുന്‍ കാല നടി ഫിഷറിന്റെ കഥയും പുറത്തു വന്നിരിക്കുകയാണ്.

തന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ ആളെ പീഡിപ്പിച്ച ഓസ്‌ക്കര്‍ അവാര്‍ഡ് ജേതാവായ നിര്‍മാതാവിന് ഒരു പശുവിന്റെ നാവ് മിഠായിപ്പെട്ടിയിലാക്കി അയച്ചുകൊടുക്കുകയാണ് സ്റ്റാര്‍ വാര്‍സിലെ നായികയായ ഫിഷര്‍ ചെയ്തത്. ‘മേലില്‍ എന്റെ സുഹൃത്തിനോടോ മറ്റേതെങ്കിലുമൊരു സ്ത്രീയോടോ ഇതാവര്‍ത്തിച്ചാല്‍, അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിങ്ങളുടെ നാവായിരിക്കും.’ എന്ന താക്കീതോടെയായിരുന്നു ഫിഷര്‍ സമ്മാനം അയച്ചു കൊടുത്തത്.

17 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് പീഡനത്തിന് ഇരയായ ഹീത്തര്‍ റോബിന്‍സണ്‍ ആണ്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഹീത്തറിന് ദുരനുഭവം ഉണ്ടായത്. ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവവുമായി ബന്ധപ്പെട്ട് 94.9 മിക്സ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്‍സന്റെ വെളിപ്പെടുത്തല്‍.


Also Read:  ‘നൊബേല്‍ നേടിയ മലാലയല്ലിത് പോണ്‍ സ്റ്റാര്‍ മിയാ കലീഫയാണ്’; ഇറുകിയ ജീന്‍സും ഹീല്‍സും ധരിച്ചതിന് മലാലയ്‌ക്കെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം


കാറില്‍ വച്ചായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും സംഭവം പുറത്തു പറഞ്ഞാല്‍ കരിയര്‍ അവസാനിപ്പിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞതായി ഹീത്തര്‍ പറയുന്നു. പിന്നീട് നിശബ്ദതായി മാറിയ താന്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം സംഭവം സുഹൃത്തായ ഫിഷറോട് പറയുകയായിരുന്നുവെന്നും ഹീത്തര്‍ പറയുന്നു.

‘രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കൊരു ഇ മെയില്‍ ലഭിച്ചു. സോണി സ്റ്റുഡിയോയിലേയ്ക്ക് ആ നിര്‍മാതാവിന്റെ പേരില്‍ ഒരു മിഠായിപ്പെട്ടി അയച്ചിട്ടുണ്ടെന്നായിരുന്നു മെയില്‍. ആ പെട്ടിയില്‍ എന്താണുണ്ടായിരുന്നതെന്നും ഫിഷര്‍ തന്നെയാണ് പറഞ്ഞത്”

നടിയെന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകയെന്ന നിലയിലും ഏറെ പ്രശസ്തയായിരുന്നു ഫിഷര്‍. കഴിഞ്ഞ വര്‍ഷമായിരുന്നു അവരുടെ മരണം സംഭവിച്ചത്. അറുപതാം വയസ്സില്‍ ഹൃദയസ്തംഭനംമൂലം ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു അന്ത്യം.

Advertisement