ലോട്ടറി ഏജൻ്റുമാരായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേമ പദ്ധതികളുമായി ധനകാര്യ വകുപ്പ്
Kerala
ലോട്ടറി ഏജൻ്റുമാരായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേമ പദ്ധതികളുമായി ധനകാര്യ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th September 2025, 12:05 am

തിരുവനന്തപുരം: ലോട്ടറി ഏജന്റുമാരുടെയും വിതരണക്കാരുടെയും ക്ഷേമനിധിയിൽ നിന്ന് അർഹരായ 160 പേർക്കുള്ള വീടുകളുടെ തറക്കല്ലിടൽ അടുത്ത മാസം തുടങ്ങുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ.

കഴിഞ്ഞ വിഷു ബമ്പറിൽ നിന്ന് സമാഹരിച്ച 9 കോടിയിലേറെ രൂപ ഉപയോഗിച്ചാണ് 160 വീടുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു വീടിന് ഏകദേശം 6 ലക്ഷം രൂപ ചെലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജി. എസ്. ടി പരിഷ്കരണത്തിൽ കേരളത്തിന്റെ ലോട്ടറി വില്പനയിൽ ജി.എസ്.ടി 40 ആയി വർധിപ്പിച്ച സാഹചര്യത്തിലാണ് കേരള സർക്കാർ ഇത്തരമൊരു പദ്ധതി നടത്തുന്നത്. ജി.എസ്ടി പരിഷ്കരണത്തിനെ തുടർന്ന് സംസ്ഥാനത്ത് ലോട്ടറി വില വർധിപ്പിക്കില്ലെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാർക്ക് സൗജന്യമായി മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്യുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറി ഏജൻ്റുമാരായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും നിരവധി ക്ഷേമപ്രവർത്തനങ്ങൾ ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി കൊല്ലം ബീച്ച് റോഡിലെ റോട്ടറി ക്ലബ് ഹാളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള 69 ഭിന്നശേഷി ലോട്ടറി വിൽപനക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. 1.15 ലക്ഷം രൂപ വിലയുള്ള വാഹനങ്ങളാണ് വിതരണം ചെയ്തത്.
2.35 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സംസ്ഥാന തലത്തിൽ 169 വാഹനങ്ങളാണ് വിതരണം ചെയ്തത്.

പ്രായമായവരും ഭിന്നശേഷിക്കാരുമായ പതിനായിരക്കണക്കിന് സഹോദരങ്ങൾക്ക് ജീവിതമാർഗമൊരുക്കുന്ന സംവിധാനമായ ലോട്ടറിയെ ഇത്രയും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നത് സംസ്ഥാനത്തെ ജനങ്ങളാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

ലോട്ടറി രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് അവരുടെ കമ്മീഷനും മറ്റും ലഭിക്കുണ്ടെന്നും കൂടാതെ സംസ്ഥാനത്ത് അവർക്കായി ഒരു ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാഹ ധനസഹായത്തിനും, ചികിത്സ സഹായത്തിനും, റിട്ടയേർഡ് ചെയ്ത പെൻഷൻകാർക്കും നിലവിലെ തൊഴിലാളികൾക്കും ഓണത്തിന് ഉത്സവ ദത്ത കൊടുക്കുന്നതടക്കമുള്ള പദ്ധതികൾ സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോട്ടറി വകുപ്പിൽ നിന്നും സർക്കാരിന് വരുമാനമായി ലഭിക്കുന്നത് തുച്ഛമായ തുകയാണെന്നും വിറ്റുവരവിൽ ഭൂരിഭാഗവും വില്പനക്കാർക്കുള്ള കമ്മീഷനായും സമ്മാനത്തുകയായും ചെലവഴിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Content Highlight: Houses for 160 people and three-wheeled scooters for 169 people; Finance Department with welfare schemes for lottery employees