പുന്നമടക്കായലില്‍ ഹൗസ് ബോട്ട് മുങ്ങി 4 മരണം
Kerala
പുന്നമടക്കായലില്‍ ഹൗസ് ബോട്ട് മുങ്ങി 4 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2013, 1:10 pm

ആലപ്പുഴ: പുന്നമടക്കായലില്‍ ഹൗസ് ബോട്ട് മുങ്ങി 4 പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നവരെല്ലാം തമിഴ്‌നാട് സ്വദേശികളായിരുന്നു.[]

61 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 57 പേരെയും രക്ഷപെടുത്തി. ചെന്നൈ സ്വദേശികളായ സുസ്മിത, രോഹിണി, സുകേശിനി, ഇലക്ട(അഞ്ച് വയസ്സ്) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 11 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും കായല്‍യാത്രയ്ക്കായി പുന്നമടക്കായലില്‍ എത്തിയതായിരുന്നു.

പുന്നമടക്കായലിലെ ചെറിയ ബോട്ടിലൂടെ കയറിയാണ് ഇവര്‍ക്ക് കായല്‍യാത്രയ്ക്കായി നിശ്ചയിച്ച ബോട്ടിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ കൂട്ടമായി പെട്ടെന്ന് ആളുകള്‍ ചെറിയ ബോട്ടിന് മേലേ കയറിയതോടെ ബോട്ട് തലകീഴായി മറിഞ്ഞാണ് ദുരന്തം സംഭവിച്ചത്.

അപകടത്തില്‍പെട്ടവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതമാണെന്നാണ് അറിയുന്നത്.

ബോട്ട് തലകീഴായി മറിഞ്ഞ് 61 പേരും കായലിലേക്ക് വീണു. ഇതില്‍ 57 പേരെയും രക്ഷാപ്രവര്‍ത്തകരും മറ്റ് ബോട്ടുകളിലുണ്ടായിരുന്ന ജീവനക്കാരും ചേര്‍ന്ന് രക്ഷപെടുത്തി. ഇതിനിടെയാണ് നാല് പേര്‍ ബോട്ടിനടയില്‍ കുടുങ്ങിയതായി രക്ഷപെട്ടവര്‍ അറിയിച്ചത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഈ നാല് പേരെയും പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അപകടമേഖലയാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ അറിയിച്ചു. ആതിര എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.