എം.ജി യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍; ഉദ്ഘാടനം നിര്‍വഹിക്കുന്നത് ആര്‍. ബിന്ദു
Kerala
എം.ജി യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍; ഉദ്ഘാടനം നിര്‍വഹിക്കുന്നത് ആര്‍. ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 12:34 pm

കോട്ടയം: ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി നിര്‍മിച്ച സര്‍വകലാശാല ഹോസ്റ്റല്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 13.67 ലക്ഷം രൂപ ചെലവിട്ട് സര്‍വകലാശാല ക്യാമ്പസിനകത്താണ് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സജ്ജീകരിച്ചത്.

മന്ത്രി ആര്‍. ബിന്ദു നാളെ (തിങ്കളാഴ്ച) വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സമര്‍പ്പിക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസ് ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.പകല്‍ 2.30ന് സര്‍വകലാശാല അസംബ്ലി ഹാളില്‍ ന ടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും.

നിലവിലുള്ള നിള സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന്റെ മുകള്‍ നിലയില്‍ 86 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ച എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57 ലക്ഷം രൂപ ചെലവഴിച്ചാണ് നിള ഹോസ്റ്റലിന്റെ മുകള്‍ നിലയില്‍ എക്‌സ്റ്റന്‍ഷന്‍ ബ്ലോക്ക് ഒരുക്കിയത്.

വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ താമസിക്കാനായി കിഫ്ബിയില്‍നി ന്നും അനുവദിച്ച 34.9 കോടി രൂപ വിനിയോഗിച്ചാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌റ്‌സ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തീ കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Content highlight: Hostel for transgender students at MG University