ഹോര്‍മുസ് നിയന്ത്രണം തുടരും, ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ അടച്ചിടണം; മൊജ്തബയുടെ ആദ്യ സന്ദേശം
World
ഹോര്‍മുസ് നിയന്ത്രണം തുടരും, ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ അടച്ചിടണം; മൊജ്തബയുടെ ആദ്യ സന്ദേശം
രാഗേന്ദു. പി.ആര്‍
Thursday, 12th March 2026, 8:32 pm

ടെഹ്റാന്‍: രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ. ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടും ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയ്ക്ക് അനുശോചനം രേഖപ്പെടുത്തിയുമാണ് മൊജ്തബയുടെ സന്ദേശം.

ശത്രുക്കളില്‍ നിന്നും ഇറാന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഈ ശത്രുക്കളെ സമ്മര്‍ദത്തിലാക്കാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും മൊജ്തബ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ യു.എസ് താവളങ്ങളും ഉടന്‍ അടച്ചിടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫലപ്രദമായ പ്രതിരോധം തുടരുമെന്നും മൊജ്തബ വ്യക്തമാക്കി.

കരയിലും കടലിലുമായി ഇറാന്‍ 15 രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. ഈ രാഷ്ട്രങ്ങളുമായി എപ്പോഴും ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ ചില രാജ്യങ്ങളില്‍ തങ്ങളുടെ ശത്രുക്കള്‍ സൈനിക-സാമ്പത്തിക താവളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മൊജ്തബ ചൂണ്ടിക്കാട്ടി.

മറ്റു രാജ്യങ്ങളുടെ പരമാധികാരത്തില്‍ ഇറാന്‍ ഇതുവരെ കടന്നുകയറിയിട്ടില്ല. അയല്‍രാജ്യങ്ങളിലെ യു.എസ് ക്യാമ്പുകള്‍ക്ക് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയത്. രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം വീട്ടുമെന്നും മൊജ്തബ വ്യക്തമാക്കി.

പരമോന്നത നേതാവ് എന്ന പദവി വഹിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ നേതൃത്വങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇറാന്റെ വിജയത്തിന്റെ താക്കോല്‍ ഐക്യത്തില്‍ ഊന്നിയതാണെന്നും മൊജ്തബ പറഞ്ഞു.

യു.എസും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട രാജ്യത്തെ സൈനികര്‍, ഉദ്യോഗസ്ഥര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരുടെയെല്ലാം കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മൊജ്തബ അറിയിച്ചു.

ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്‌സ് ബോഡിയാണ് മൊജ്തബയെ ഔദ്യോഗികമായി തെരഞ്ഞെടുത്തത്. മൊജ്തബയെയും വധിക്കുമെന്ന് ഇസ്രഈല്‍ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ മൊജ്തബയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Hormuz control will continue, US bases in Gulf countries should be closed; Mojtaba’s first message

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.