ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കളുടെ വാക്കുകൾ 'പൊക്കം കുറഞ്ഞ' എന്നെ ഭയപ്പെടുത്തുന്നു!
Discourse
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കളുടെ വാക്കുകൾ 'പൊക്കം കുറഞ്ഞ' എന്നെ ഭയപ്പെടുത്തുന്നു!
ആശിഷ് ജോസ് അമ്പാട്ട്
Wednesday, 8th October 2025, 9:53 pm
എന്റെ ജീവിതത്തിൽ ഇന്നോളം ഈ ഉയരക്കുറവിന്റെ പേരിൽ കേൾക്കാത്ത പരിഹാസങ്ങളില്ല, നേരിടാത്ത കളിയാക്കലുകളില്ല. സ്‌കൂൾ കാലം മുതൽ ഈ നിമിഷം വരെ, 'കുളളൻ', 'പൊക്കമില്ലാത്തവൻ' തുടങ്ങിയ വിളികൾ ഒരുപാട് തവണ എന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചിട്ടുണ്ട്.

ഞാൻ ഉയരം കുറഞ്ഞ ഒരു വ്യക്തിയാണ്. ഇതൊരു തെരഞ്ഞെടുപ്പായിരുന്നില്ല, ജന്മനാ ലഭിച്ച ഒരു ശാരീരികാവസ്ഥയാണ്. എന്റെ ജീവിതത്തിൽ ഇന്നോളം ഈ ഉയരക്കുറവിന്റെ പേരിൽ കേൾക്കാത്ത പരിഹാസങ്ങളില്ല, നേരിടാത്ത കളിയാക്കലുകളില്ല. സ്‌കൂൾ കാലം മുതൽ ഈ നിമിഷം വരെ, ‘കുളളൻ’, ‘പൊക്കമില്ലാത്തവൻ’ തുടങ്ങിയ വിളികൾ ഒരുപാട് തവണ എന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചിട്ടുണ്ട്.

ഓരോ തവണയും ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ, ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുമ്പോൾ, എത്രയൊക്കെ അങ്ങനെ അങ്ങനെയല്ലായെന്ന് കരുതിയാലും എന്റെ ഉള്ളിൽ ഒരുതരം അപകർഷതാബോധം തലപൊക്കും. ഇതൊന്നും പുറമേയ്ക്ക് ചിരിച്ചുകൊണ്ട് നേരിടുമ്പോഴും, ഉള്ളിൽ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് എന്നെപ്പോലെ ആ അവസ്ഥ അനുഭവിക്കുന്നവർക്കേ മനസിലാകൂ.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ രാഷ്ട്രീയമായ എതിർപ്പുകളോ എന്തുമാകട്ടെ, ഒരാളുടെ ശരീരത്തെ, അതിന്റെ പ്രത്യേകതകളെ അധിക്ഷേപിക്കുന്നത് ഏറ്റവും നികൃഷ്ടമായ പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ഒരു പ്രതിപക്ഷ എം.എൽ.എയെ വിമർശിക്കാൻ അദ്ദേഹത്തിന്റെ ഉയരക്കുറവിനെ ഉപയോഗിച്ചത് കേട്ടപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി. ‘എട്ടുമുക്കാൽ അട്ടി വച്ചത് പോലെ പൊക്കം കുറഞ്ഞ ഒരാളാണ്’ എന്ന താങ്കളുടെ വാക്കുകൾ ഒരു രാഷ്ട്രീയ നേതാവിന്റെ നാവിൽ നിന്ന് വീഴേണ്ട ഒന്നായിരുന്നില്ല.

അതൊരു സാധാരണ രാഷ്ട്രീയ വിമർശനമായിരുന്നില്ല, ശുദ്ധമായ ‘ബോഡി ഷെയ്മിങ്’ ആയിരുന്നു. ഒരു നിമിഷം ഞാൻ ചിന്തിച്ചത് എന്റെ കാര്യമാണ്. നാളെ ഏതെങ്കിലും ഒരു പൊതുവേദിയിൽ വെച്ച് ഞാനും ഇതുപോലെ അപമാനിക്കപ്പെട്ടേക്കാം. എന്നെ സംരക്ഷിക്കേണ്ട, എനിക്ക് സുരക്ഷ ഉറപ്പാക്കേണ്ട എന്റെ സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്നെ, എന്റെ ശാരീരികമായ ഒരു പ്രത്യേകതയെ പരിഹാസത്തിനുള്ള ഉപാധിയായി കാണുന്നുവെങ്കിൽ, എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഇവിടെ എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? താങ്കളുടെ ആ വാക്കുകൾ എന്നിൽ സൃഷ്ടിച്ചത് വെറും വേദനയല്ല, ഭയമാണ്, അരക്ഷിതാവസ്ഥയാണ്.

താങ്കൾ വിമർശിച്ചത് ഒരു രാഷ്ട്രീയ എതിരാളിയെയാവാം. പക്ഷേ, താങ്കൾ അപമാനിച്ചത് എന്നെപ്പോലെ, ഉയരക്കുറവുള്ള ആയിരക്കണക്കിന് മനുഷ്യരെയാണ്. ഒരു നാടിന്റെ മുഖ്യമന്ത്രി കസേരയിലിരുന്ന് താങ്കൾ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ, അത് സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ അപകടകരമാണ്. ശാരീരികമായ വ്യത്യാസങ്ങളുടെ പേരിൽ ആരെയും കളിയാക്കാം, അതൊരു തമാശയാണ് എന്ന് താങ്കൾ പറഞ്ഞുവെക്കുകയാണ്. ഇത് തെരുവുകളിൽ സാധാരണക്കാർ പരസ്പരം നടത്തുന്ന ബോഡി ഷെയ്മിങ്ങിന് നൽകുന്ന ഒരുതരം ഔദ്യോഗിക അംഗീകാരമാണ്.

കേരളം പ്രബുദ്ധമാണെന്ന് നമ്മൾ അഭിമാനിക്കാറുണ്ട്. രാഷ്ട്രീയ സംവാദങ്ങൾ ആശയപരവും നയപരവുമാകണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. അങ്ങനെയുള്ള ഒരു നാട്ടിൽ, ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാൾ ഇത്രയും നിലവാരം കുറഞ്ഞ, മനുഷ്യവിരുദ്ധമായ ഒരു പരാമർശം നടത്തുന്നത് ലജ്ജാകരമാണ്. താങ്കളുടെ കക്ഷി രാഷ്ട്രീയ നിലപാടുകളോടോ പാർട്ടിയോടോ എനിക്ക് എതിർപ്പുണ്ടാകാം, അല്ലെങ്കിൽ അനുകൂലവുമാകാം. പക്ഷേ, ഈ വിഷയത്തിൽ കേവല കക്ഷി രാഷ്ട്രീയം കലർത്താനേ കഴിയില്ല. ഇത് അടിസ്ഥാന മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കൾ ആ പരാമർശം പിൻവലിച്ച് മാപ്പ് പറയണം. അത് താങ്കൾ വിമർശിച്ച എം.എൽ.എയോട് മാത്രമല്ല, താങ്കളുടെ വാക്കുകൾ കേട്ട് അപമാനിതരായ, അരക്ഷിതരായ എന്നെപ്പോലുള്ള ഓരോ മനുഷ്യനോടുമാണ് വേണ്ടത്. നയങ്ങളെയും നിലപാടുകളെയുമാണ് വിമർശിക്കേണ്ടത്, അല്ലാതെ ഒരു വ്യക്തിയുടെ ശരീരത്തെയല്ല. ഉയർന്ന ജനാധിപത്യ ബോധവും മനുഷ്യത്വപരമായ സമീപനവുമാണ് ഒരു ഭരണാധികാരിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അല്ലാതെ, കുട്ടിക്കാലം മുതൽ ഞങ്ങൾ കേട്ടുമടുത്ത അതേ പരിഹാസ വാക്കുകളല്ല.

Content Highlight: Honorable Chief Minister, your words scare me says  Ashish Jose Ambat