ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുനെല്‍വേലി സ്വദേശിയായ ഐ.ടി പ്രൊഫഷണല്‍ കെവിന്‍ കുമാറാണ് (25) കൊല്ലപ്പെട്ടത്. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലി ദളിത് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികള്‍ പാളയങ്കോട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഇന്ന് (തിങ്കള്‍) രാവിലെ തിരുനെല്‍വേലി കെ.ടി.സി നഗറിലാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ സഹോദരന്‍ സുര്‍ജിത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരാണെന്നാണ് വിവരം.
ഇവരുടെ മകളുമായി കെവിന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട കുടുംബം ഇരുവരും തമ്മിലുള്ള പ്രണയത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ മകളുമായുള്ള ബന്ധത്തില്‍ നിന്ന് യുവാവ് പിന്മാറാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.
സിദ്ധ ക്ലിനിക്കില്‍ നിന്ന് മുത്തച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെവിന്‍ ആക്രമിക്കപ്പെട്ടത്. ചെന്നൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ ജീവനക്കാരനായിരുന്നു കെവിന്‍ കുമാര്‍.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുവാവിന്റെ മൃതദേഹം സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് കെവിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിലാണെന്നും അവര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടാതെ കെവിന്റെ മരണത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയും സഹോദരനെ മൂന്നാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെവിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മണിമുത്തരു പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണ കുമാറും കൃഷ്ണവേണിക്കുമെതിരെയാണ് അമ്മ പരാതി നല്‍കിയിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ്.സി/എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം, കൊലപാതകം, കൊലപാതകശ്രമം, നിയമവിരുദ്ധ ആയുധ ഉപയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
Content Highlight: Another honor killing in Tamilnadu; IT professional hacked to death