റേച്ചല്‍ സിനിമയുടെ കഥ ആദ്യമായി കേള്‍ക്കുന്നത് സംവിധായിക ആനന്ദിനി ബാലയില്‍ നിന്നാണെന്ന് നടി ഹണി റോസ്. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ കഥാപശ്ചാത്തലത്തോടും കഥാപാത്രത്തോടും വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നുവെന്നും അന്നതൊരു ചെറുകഥയുടെ രൂപത്തിലായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു ഹണി റോസ്.
‘രാഹുല്‍ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയുടെ ചലച്ചിത്രഭാഷ്യമാണ് റേച്ചല്‍. കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെങ്കില്‍ തിരക്കഥ ഒരുക്കാമെന്നാണ് ആനന്ദിനി പറഞ്ഞത്. ഒട്ടേറെ തലങ്ങളുള്ള തീക്ഷ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപശ്ചാത്തലമാണ് റേച്ചലിന്റെത്.
അതുകൊണ്ട് തന്നെ അത്തരമൊരു വേഷം അവതരിപ്പിക്കുന്നതിനായി കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഇരുപതുവര്‍ഷമായി തുടരുന്ന അഭിനയജീവിതത്തിലെ കരുത്തുള്ള വേഷമാണ് റേച്ചല്‍. വന്യതയുടെ സൗന്ദര്യമാണ് കാഴ്ചകളില്‍ നിറയുന്നത്,’ ഹണി റോസ് പറയുന്നു.
ഇറച്ചിവെട്ടുകാരിയായ റേച്ചലിനെ അവതരിപ്പിക്കാനായി ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടി വന്നുവെന്ന് മുമ്പ് ഹണി റോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇറച്ചിവെട്ടുന്ന ജോലി അപകടം പിടിച്ചതാണെന്നും
അറിയാത്തവര്‍ക്ക് ഈ ജോലി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹണി റോസ് പറഞ്ഞു.
കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഇറച്ചിക്കടയില്‍ പോയി അവരുടെ വെട്ടുരീതികളും സംസാരവും ഇടപെടലുകളുമെല്ലാം കണ്ടു മനസിലാക്കിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചല്‍ ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Honey Rose says she first heard the story of the movie Rachel from director Anandini Bala