വില്‍പ്പന 50,000 യൂണിറ്റുകള്‍ കടന്നു; പുതിയ നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് എസ്.യു.വി ഡബ്ല്യു.ആര്‍-വി
Honda Cars
വില്‍പ്പന 50,000 യൂണിറ്റുകള്‍ കടന്നു; പുതിയ നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് എസ്.യു.വി ഡബ്ല്യു.ആര്‍-വി
ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 5:35 pm

ന്യൂദല്‍ഹി: ജാപ്പനീസ് കമ്പനിയായ ഹോണ്ടയുടെ എസ്.യു.വിയായ ഡബ്ല്യു.ആര്‍-വി ഇന്ത്യയില്‍ പുതിയ നേട്ടം കൈവരിച്ചു. രാജ്യത്തൊട്ടാകെ 50,000 ഡബ്ല്യു.ആര്‍-വി യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളിലാണ് ഡബ്ല്യു.ആര്‍-വി ഈ നാഴികക്കല്ല് താണ്ടുന്നത് എന്ന് ഹോണ്ട അവകാശപ്പെടുന്നു.

2017 മാര്‍ച്ചിലാണ് ഡബ്ല്യു.ആര്‍-വി എന്ന കോംപാക്റ്റ് എസ്.യു.വി ഇന്ത്യയില്‍ ഹോണ്ട അവതരിപ്പിച്ചത്. കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 28 ശതമാനവും ഡബ്ല്യു.ആര്‍-വിയായിരുന്നുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

7.78 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് ഡബ്ല്യു.ആര്‍-വിയുടെ പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ക്ക് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡീസല്‍ പതിപ്പില്‍ 1.5ലിറ്റര്‍ ഐ-ഡിടെക് എഞ്ചിനും പെട്രോള്‍ പതിപ്പില്‍ 1.2 ലിറ്റര്‍ ഐ-വിടെക് എഞ്ചിനുമാണ് ഉള്ളത്. ലിറ്ററിന് 25.5 കിലോമീറ്റര്‍, 18.5 കിലോമീറ്റര്‍ എന്നിങ്ങനെയാണ് യഥാക്രമം ഡീസല്‍, പെട്രോള്‍ മോഡലുകളുടെ മൈലേജ്.

ഡീസല്‍ പതിപ്പില്‍ അഞ്ച് സ്പീഡും പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡുമുള്ള മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് ഉള്‍പ്പെടുത്തിയത്. 5.3 മീറ്ററാണ് ടേണിങ് റേഡിയസ്. അലോയ് വീലുകളാണ് മറ്റൊരു സവിശേഷത. മുന്‍വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കും പിന്‍വീലുകള്‍ക്ക് ഡ്രം ബ്രേക്കുമാണ് ഉള്ളത്.

നാവിഗേഷന്‍ സിസ്റ്റം, എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇ.ബി.ഡി, ഇന്റലിജന്റ് പെഡലുകള്‍, പാര്‍ക്കിങ് ക്യാമറ, എല്‍.ഇ.ഡി ലാംപുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയാണ് ഡബ്ല്യു.ആര്‍-വിയിലെ മറ്റു പ്രധാന ഫീച്ചറുകള്‍.

വീഡിയോ കാണാം: