വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിലാണ്, ഇംഗ്ലീഷ് വേണ്ട; ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം: അമിത് ഷാ
national news
വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിലാണ്, ഇംഗ്ലീഷ് വേണ്ട; ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 10:29 am

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഇംഗ്ലീഷിലല്ല, പകരം ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ഷാ.

”സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും.

ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്.

മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.

ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കണമെന്നും ഷാ
കൂട്ടിച്ചേര്‍ത്തു.

ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ടതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി സംസാരിച്ചു

ബി.ജെ.ഡി നേതാവ് ബി. മഹ്താബ് ആണ് പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍.

Content Highlight: Home minister Amit Shah says People from different states should speak in Hindi, not English