ദി ലെസ്ബിയന്‍ ലവ് സ്റ്റോറി; ഹോളി വൂണ്ട് ട്രെയ്‌ലര്‍ പുറത്ത്
Film News
ദി ലെസ്ബിയന്‍ ലവ് സ്റ്റോറി; ഹോളി വൂണ്ട് ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th August 2022, 8:24 pm

സ്വവര്‍ഗരതി അടിസ്ഥാനമാക്കി അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ഹോളി വൂണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ലെസ്ബിയന്‍ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നതാണ്.

സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആറാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 12 മുതലാണ് ചിത്രം എസ്.എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്.

ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍, വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

പ്രണയിക്കാന്‍ ലിംഗവ്യത്യാസം തടസ്സമല്ലെന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്‌കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ഹോളി വൂണ്ടിന്റെത്.

മലയാളത്തില്‍ ഇതിനുമുന്‍പും സ്വവര്‍ഗ പ്രണയകഥകള്‍ സിനിമയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും വേറിട്ട അനുഭവമായിരിക്കും ഹോളി വൂണ്ട് നല്‍കുകയെന്നതാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി മടവൂരാണ്. മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.

എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്‌സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്‍.ഒ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

Content highlight: Holy Wound trailer is out