മെസി കപ്പ് കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ ഞാന്‍ ചേര്‍ത്തുപിടിക്കാറുള്ളത് അവളെ: പൃഥ്വിരാജ്
Film News
മെസി കപ്പ് കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ ഞാന്‍ ചേര്‍ത്തുപിടിക്കാറുള്ളത് അവളെ: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th January 2023, 10:26 am

ജീവിതത്തില്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹം തന്റെ മകളെയാണെന്ന് പൃഥ്വിരാജ്. മകളെ കെട്ടിപ്പിടിച്ചാണ് താന്‍ കിടന്ന് ഉറങ്ങാറുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു. ക്ലബ്ബ് എഫ്.എം. യു. എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളായ ആലിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

മെസി വേള്‍ഡ് കപ്പ് പിടിച്ചു കിടന്നുറങ്ങുന്നത് കണ്ടില്ലേ, ജീവിതത്തില്‍ അങ്ങനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്, അങ്ങനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് എന്തായിരിക്കും എന്നായിരുന്നു അവതാരകയുടെ ചോദ്യം. അങ്ങനെ പിടിച്ച് കിടന്നുറങ്ങാറുള്ളത് തന്റെ മോളെയാണ് എന്നാണ് ഈ ചോദ്യത്തോട് പൃഥ്വിരാജ് പ്രതികരിച്ചത്.

നേരത്തെയും മകളുമൊത്തുള്ള രസകരമായ അനുഭവങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ അവസരം കിട്ടാറില്ലെന്നും അതില്‍ ആലിക്ക് പരാതിയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

‘പേഴ്‌സണല്‍ ലൈഫിലേക്ക് സമയം കണ്ടെത്താന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ചേട്ടനൊക്കെ അതൊക്കെ നല്ലോണം നേടിയിട്ടുള്ള ആളാണ്. എന്റെ ജീവിതത്തിന്റെ നല്ലൊരു സമയം ഞാന്‍ സിനിമക്ക് ആണ് മാറ്റി വച്ചിരിക്കുന്നത്. പലപ്പോഴും ലൈഫ് സെക്കന്‍ഡ് പ്രയോറിറ്റി ആയി പോകാറുണ്ട്.

ഒരുപക്ഷെ അതിന് എനിക്ക് കഴിവ് ഇല്ലാത്തതുകൊണ്ടാകാം. ഞാന്‍ വീട്ടില്‍ ഇല്ലാത്തതിനെക്കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല ആലിക്ക് ഉള്ളത്. ഞാന്‍ ജോലിക്ക് പോകണം മാറി നില്‍ക്കണം എന്ന് പറയുമ്പോള്‍ പുള്ളിക്കാരത്തിയുടെ വിചാരം ഞാന്‍ അല്ലെ ബോസ് എന്നാണ്.

ബോസിന് പറഞ്ഞൂടെ കുറച്ചു നാള്‍ വീട്ടില്‍ നില്‍ക്കണം എന്നാണ് അവള്‍ ചോദിക്കുന്നത്. കുട്ടികളോട് പറയാന്‍ ആകില്ലല്ലോ ഇത്രയും പ്രോസസ്സ്. അത്രയും ഗ്രാസ്പ് ചെയ്യാന്‍ ഉള്ള പ്രായം ആയില്ലല്ലോ. എന്റെ ചെറുപ്പത്തില്‍ ഒരുപക്ഷേ ഞാനും അച്ഛനെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചിരുന്നിരിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.

കാപ്പയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിപരാജിന്റെ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജി. ഇന്ദുഗോപനാണ്. അപര്‍ണ ബാലമുരളി, അന്ന ബെന്‍, ആസിഫ് അലി, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: I hold my doughter like Like Messi hugging the world cup