ഹിറ്റ്‌ലര്‍ മരിച്ചത് ശരിക്കും പട്ടിയുടെ കടി കാരണമാണോ? ലോകഃ ചാപ്റ്റര്‍ 2 പ്രൊമോക്ക് പിന്നാലെ വീണ്ടും പ്രചരിക്കുന്ന കഥകള്‍
Malayalam Cinema
ഹിറ്റ്‌ലര്‍ മരിച്ചത് ശരിക്കും പട്ടിയുടെ കടി കാരണമാണോ? ലോകഃ ചാപ്റ്റര്‍ 2 പ്രൊമോക്ക് പിന്നാലെ വീണ്ടും പ്രചരിക്കുന്ന കഥകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th September 2025, 4:16 pm

മോളിവുഡിന്റെ റേഞ്ച് പാന്‍ ഇന്ത്യയൊട്ടുക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായി പലരും കണക്കാക്കുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ 2. ആദ്യഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയം രണ്ടാം ഭാഗത്തിനും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ഇതുവരെ കണ്ടതിനെക്കാള്‍ വലിയ സംഭവങ്ങളായിരിക്കും രണ്ടാം ഭാഗത്തിലുണ്ടാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു.

ആദ്യഭാഗത്തില്‍ അതിഥിവേഷത്തിലെത്തി ഞെട്ടിച്ച ടൊവിനോയാണ് ചാപ്റ്റര്‍ 2വിലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫണ്ണിയായ ചാത്തനും കുറച്ച് പ്രശ്‌നക്കാരനായ ചാത്തന്റെ സഹോദരനും തമ്മിലുള്ള പോരാട്ടത്തിനാണ് രണ്ടാം ഭാഗത്തില്‍ കളമൊരുങ്ങുക. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഒടിയനും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

എന്നാല്‍ പ്രൊമോക്ക് പിന്നാലെ പലരും ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്. പ്രൊമോയിലെ ഡയലോഗിനിടെ ടൊവിനോയുടെ ചാത്തന്‍ ദുല്‍ഖറിന്റെ കഥാപാത്രത്തോട് ‘ഹിറ്റ്‌ലറെ തട്ടിയത് താനല്ലേ’ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഹിറ്റ്‌ലറുടെ മരണത്തിന് പിന്നാലെയുള്ള കഥകള്‍ വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഇത്രയും കാലം ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തതാണ് എന്ന വാര്‍ത്ത മാത്രമാണ് എല്ലായിടത്തും പ്രചരിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഹിറ്റ്‌ലറെ ഒരു ജെര്‍മന്‍ ഷെപ്പേഡ് നായ കടിച്ചെന്നും വിരല്‍ മുറിഞ്ഞെന്നുമുള്ള ആള്‍ട്ടര്‍നേറ്റ് കഥയും പ്രചാരത്തിലുണ്ടായിരുന്നു. വിരല്‍ പോയത് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവസാന നാളുകളില്‍ കൈയില്‍ ഗ്ലൗസ് ധരിച്ചാണ് ഹിറ്റ്‌ലര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.

ലോകഃ ചാപ്റ്റര്‍ 2 പ്രൊമോക്ക് പിന്നാലെ ഈ കഥക്ക് ബലം കൂടിയിരിക്കുകയാണ്. ലോകഃയുടെ ആദ്യ ഭാഗത്തില്‍ നായയായി രൂപം മാറാന്‍ കഴിവുള്ള ഒടിയനായിട്ടാണ് ദുല്‍ഖറിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. ഇന്റര്‍വെലിനും പോസ്റ്റ് ക്രെഡിറ്റ് സീനിലും ഒരു കൈയില്ലാത്ത നായയെ കാണാന്‍ സാധിക്കും. ഇത് ഒടിയനാണെന്നാണ് അനുമാനം.

രണ്ടാം ഭാഗത്തില്‍ വലിയ ലോകവും കഥയുമായി നമുക്കിടയില്‍ നമ്മളെപ്പോലെ ജീവിക്കുന്ന ചാത്തനും ഒടിയനും വരുമ്പോള്‍ ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയന്‍സ് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലോകോത്തര നിലവാരമുള്ള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Hitler’s death discussing on Social Media after Lokah Chapter 2 Promo