തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വീണ്ടും ബാനർ ഉയർത്തി പ്രതിഷേധിച്ച് എസ്.എഫ്.ഐ. തിരുവനന്തപുരം ആയുര്‍വേദ കോളേജിലാണ് ബാനര്‍ ഉയര്‍ത്തിയത്. ‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സർ സി.പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ബാനറിൽ പറയുന്നത്. സർവകലാശാലയുടെ കവാടത്തിന് മുന്നിലാണ് ബാനർ സഥാപിച്ചിട്ടുള്ളത്.
നേരത്തെ എസ്.എഫ്.ഐ കേരള സർവകലാശാലയിലും തിരുവനന്തപുരം സംസ്‌കൃത കോളേജിലും ഇതുപോലെ ബാനർ ഉയർത്തി പ്രതിഷേധിച്ചിരുന്നു. ആർ.എസ്.എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നായിരുന്നു ബാനറിൽ ഉണ്ടായിരുന്നത്.
ഭരണഘടനയെ ഉയർത്തിപ്പിടിച്ചുള്ള ഭരണം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളു ഭരണവിരുദ്ധത പ്രവർത്തനങ്ങൾ നടത്തുന്ന ഗവർണർക്കെതിരെ ഇത്തരത്തിൽ നിരന്തരം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. രാജ്ഭവനിലടക്കം കാവിവത്ക്കരിക്കുന്ന ഗവർണറുടെ ഈ നീക്കം ചൂണ്ടിക്കാണിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.
അതേസമയം, ഭാരതാംബ വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെയുള്ള ബി.ജെ.പി പ്രതിഷേധവും രൂക്ഷമാകുകയാണ്. കോഴിക്കോട് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.
രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഏറ്റവും ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പരിപാടി ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി ദിനാചരണത്തില്‍ ഇതേചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
അതേസമയം ഇന്ന് ഇന്ത്യന്‍ പതാകയ്ക്ക് പകരം കാവികൊടി വെക്കണമെന്ന് വിവാദ പരാമർശവുമായി ബി.ജെ.പിയുടെ മുതിര്‍ന്ന് നേതാവ് എന്‍. ശിവരാജന്‍ എത്തിയിരുന്നു. ഭാരതാംബ വിവാദത്തില്‍ പാലക്കാട് നടന്ന പ്രതിഷേധത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ശിവരാജന്റെ പരാമര്‍ശം. ദേശീയ പതാകയ്ക്ക് സമാനമായ വേറൊരു കൊടിയും ഒരു ദേശീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് പച്ച പതാകയും സി.പി.ഐ.എം പച്ചയും വെള്ളയും ഉപയോഗിക്കട്ടേയെന്നും ശിവരാജന്‍ പറഞ്ഞു.
Content Highlight: Hitler lost, Mussolini lost, then Rajendra; SFI banner against the Governor again