മട്ടാഞ്ചേരിയുടെ മണ്ണില്‍ ഉയര്‍ന്ന തൊഴിലാളി സമരങ്ങളുടെ ചുവന്ന ചരിത്രം, കേരളം ആഘോഷിക്കാത്ത പോരാട്ട വീര്യം
Entertainment news
മട്ടാഞ്ചേരിയുടെ മണ്ണില്‍ ഉയര്‍ന്ന തൊഴിലാളി സമരങ്ങളുടെ ചുവന്ന ചരിത്രം, കേരളം ആഘോഷിക്കാത്ത പോരാട്ട വീര്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th March 2023, 11:49 pm

തൊഴിലാളി സമരങ്ങളുടെ വലിയ ചരിത്രമുറങ്ങുന്ന നാടാണ് കേരളം. അത്തരം സമര പോരാട്ടങ്ങള്‍ തന്നെയാണ് ഈ നാടിന്റെ മുമ്പോട്ടുള്ള യാത്രകള്‍ക്ക് വെളിച്ചം പകര്‍ന്നതും. എന്നാല്‍ അക്കൂട്ടത്തില്‍ കേരളം മനപൂര്‍വമോ അല്ലാതെയോ അടയാളപെടുത്തതെ പോയ ഒരു സമരചരിത്രമുണ്ട്. ഒരു നേരത്തെ അന്നത്തിന് വേണ്ടി, തൊഴിലിന് വേണ്ടി എറിഞ്ഞ് കിട്ടുന്ന എല്ലിന്‍ കഷ്ണം പോലെയുള്ള ചാപ്പക്ക് മുമ്പില്‍ പരസ്പരം തല്ലിയും തള്ളിയിട്ടുമൊക്കെ കാത്തിരിക്കേണ്ടി വന്ന ജനതയുടെ ചരിത്രം.

തങ്ങളുടെ തൊഴില്‍ അവകാശത്തിന് വേണ്ടി പോരാടിയ തൊഴിലാളി വര്‍ഗത്തിന്റെ നെഞ്ചില്‍ നിറയൊഴിച്ച ഭരണകൂട ഭീകരത കേരള സമര ചരിത്രത്തില്‍ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തിയിട്ടില്ല. തുറമുഖം എന്ന പേരില്‍ കെ.എം.ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാടകം മാത്രമാണ് ഈ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഏക കലാസൃഷ്ടി. ആ നാടകത്തിന്റെ സിനിമാവിഷ്‌കാരമായ രാജീവ് രവി ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കെ.എം.ചിദംബരത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഒരു കാലഘട്ടത്തെയും അന്നത്തെ മനുഷ്യരുടെ പ്രയാസങ്ങളെയും അവര്‍ നേരിട്ട  മനുഷ്യത്വ വിരുദ്ധമായ തൊഴില്‍ ചൂഷണങ്ങളെയും അടയാളപ്പെടുത്തിയാണ് രാജീവ് രവി എന്ന ഫിലിം മേക്കര്‍ തുറമുഖത്തെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിക്കുന്നത്. സിനിമയും സിനിമ പറയുന്ന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ മട്ടഞ്ചേരി വെടിവെപ്പിനെ കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് മട്ടാഞ്ചേരി വെടിവെയ്പ്പ്?

മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് ചരിത്രം വായിക്കുമ്പോള്‍ പലയിടത്തും ചില വ്യത്യസങ്ങള്‍ കാണാന്‍ സാധിക്കും. ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളില്‍, എന്തായിരുന്നു മട്ടാഞ്ചേരി വെടിവെപ്പ് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പിന്‍കാലത്ത് വന്നിട്ടുണ്ട്. എന്നാല്‍ പല രേഖകളിലും പറയുന്ന ചരിത്രത്തില്‍ ചെറിയ രീതിയുള്ള വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും.

കേരളത്തിലെ ട്രേഡ് യൂണിനയനുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നാണ് ചാപ്പക്കെതിരെയുള്ള സമരം. ആ കാലഘട്ടത്തില്‍ മട്ടാഞ്ചേരി തുറമുഖത്ത് വന്നടുക്കുന്ന കപ്പലുകളില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നതിന് വേണ്ടി സ്വീഡറുമാരുണ്ട്. ഈ സ്വീഡര്‍മാര്‍ക്ക് ആവശ്യമായ തൊഴിലാളികളെ നല്‍കിയിരുന്നത് മൂപ്പന്‍മാര്‍ എന്നറിയപ്പെടുന്ന ആളുകളായിരുന്നു.

ഈ പറയുന്ന മൂപ്പന്മാരുടെ കയ്യില്‍ കുറച്ച് ചെമ്പ് നാണയങ്ങളുണ്ടാകും അതിനെയാണ് ചാപ്പയെന്ന് പറയുന്നത്. ഈ മൂപ്പന്‍ കൂടി നില്‍ക്കുന്ന അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ തൊഴിലാളികള്‍ക്കിടയിലേക്ക് ചാപ്പ എറിഞ്ഞ് നല്‍കും. ആര്‍ക്കൊക്കെയാണോ ചാപ്പ കയ്യില്‍ കിട്ടുന്നത് അവര്‍ക്ക് മാത്രമാണ് അന്ന് ജോലിയുണ്ടാവുക. ഒരു നാണയത്തിന് തന്നെ ഒന്നിലധികം അവകാശികള്‍ ഉണ്ടാവുകയും പരസ്പരം തല്ലിയും മര്‍ദിച്ചുമൊക്കെ ആ നാണയം സ്വന്തമാക്കേണ്ടി വരുകയും ചെയ്യും.

അത്രയേറെ മനുഷ്യത്വ വിരുദ്ധമായ ഒന്നായിരുന്നു ചാപ്പ സമ്പ്രദായം. സ്വാതന്ത്യത്തിനിപ്പുറവും ഈ സമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു നേരത്തെ അന്നത്തിന് വേണ്ടിയും വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യക്കും മക്കള്‍ക്കും വേണ്ടിയുമുള്ള പോരാട്ടമാണത്. അതുകൊണ്ട് തന്നെ അതിന്റെ വീര്യം വാക്കുകള്‍ക്ക് അതീതമാണ്. മുമ്പില്‍ നില്‍ക്കുന്ന കൂട്ടുകാരനാണോ അയല്‍പക്കകാരനാണോ എന്ന ചിന്തയെല്ലാം വിശപ്പിന്റെ മുമ്പില്‍ ഇല്ലാതെയാകുന്നു.

മൂപ്പന്മാരോട് വിധേയത്തമുണ്ടായിരുന്ന അളുകള്‍ക്ക് ചാപ്പയൊക്കെ നേരത്തെ തന്നെ കൊടുത്ത് തീര്‍ക്കുമായിരുന്നു എന്നും ചില ചരിത്ര രേഖകളില്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ നടന്നിരുന്ന അതി പ്രാകൃതമായ തൊഴിലാളി വിരുദ്ധമായ സമ്പ്രദായത്തിനെതിരെ സ്വാഭാവികമായും പ്രതിഷേധമുയര്‍ന്നു. അങ്ങനെ തുറമുഖത്ത് തൊഴിലാളി യൂണിയനുകള്‍ രൂപപ്പെടുന്നു. തൊഴിലാളികള്‍ക്ക് ചാപ്പ നല്‍കാനുള്ള കുത്തക അവരുടെ കയ്യിലേക്ക് വന്നു. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ യൂണിയനുകളായിരുന്നു പ്രധാനം.

ഇതിനിടയിലാണ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഐ.എന്‍.ടി.യു.സി സ്വന്തമായി ഒരു ഡീല്‍ നേടുന്നത്. അതിനുശേഷം തൊഴില്‍ നിഷേധങ്ങള്‍ വീണ്ടും തുടര്‍ന്നു. ഈ സംഭവങ്ങള്‍ വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചു. അങ്ങനെ 1953 സെപ്റ്റംബര്‍ 15ന് അഡ്വ.രാഘവന്‍ മാസ്റ്റര്‍, സൈദലവി മാസ്റ്റര്‍, കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി തൊഴിലാളികള്‍ സംഘടിക്കുകയും അവര്‍ ഒരു ജാഥയായി കടന്നുവന്നുവരികയും ചെയ്തു.

മട്ടാഞ്ചേരിയിലെ ചക്കരയിടുക്ക് റോഡില്‍വെച്ച് ജാഥ കൂടുതല്‍ തീവ്രമാകുകയും അക്രമാസക്തമാവുകയും ചെയ്തു. അങ്ങനെ ആ ജാഥക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുന്നു. (ജാഥ എങ്ങനെ വയലന്റായി അതിന്റെ കാരണമെന്താണ് എന്ന കാര്യത്തില്‍ കൃത്യമായ ഒരു ചരിത്ര നിരീക്ഷണമില്ല). ചിദംബരത്തിന്റെ നാടകത്തില്‍ പല അഭിപ്രായങ്ങളില്‍ നിന്നും, തൊഴിലാളി പക്ഷ സമീപനത്തെയാണ് വിവരിച്ചിരിക്കുന്നത്.

അങ്ങനെ അന്ന് ഭരണകൂട ഭീകരതക്ക് പാത്രമായി സൈദ്, സൈദലവി, ആന്റണി എന്നിങ്ങനെ പോരാളികളില്‍ മൂന്ന്‌പേര്‍ രക്തസാക്ഷികളായി. ഇക്കൂട്ടത്തില്‍ പലര്‍ക്കും ഗുരുതരമായ പരുക്കുകളും സംഭവിക്കുന്നുണ്ട്. അവിടെ നിന്നും വര്‍ഷങ്ങള്‍ മുമ്പോട്ട് പോയി 1967ല്‍ ലേബര്‍ ബോര്‍ഡ് നിലവില്‍ വന്നതിന് ശേഷമാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്.

content highlight: history of mattancherry shootout