ലവ് ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍
India
ലവ് ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2025, 7:44 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലവ് ജിഹാദ് ആരോപിച്ച് ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍. അധാര്‍മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ രംഗത്തെത്തിയത്. സെപ്റ്റംബര്‍ 30 (വ്യാഴം) തിലക് റോഡിലാണ് സംഭവം.

മുസ്‌ലിം സമുദായത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘യൂണിസെക്‌സ് സലൂണ്‍’ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് ഉദ്ഘാടനത്തിന് മുമ്പേ ഹിന്ദുത്വര്‍ ചേര്‍ന്ന് തടസപ്പെടുത്തിയത്. തീവ്ര ഹിന്ദുത്വ സംഘടനായ ‘ഹിന്ദു ശക്തി സംഗതന്‍’ന്റെ പ്രവര്‍ത്തകരാണ് ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ചത്.

സ്ഥാപനത്തിന്റെ ഉടമ ഹിന്ദു സ്ത്രീകളെ വശീകരിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ഹിന്ദു ശക്തി സംഗതന്‍ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാനഗര്‍ ആരോപിക്കുന്നത്. മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ശേഷം യുവതികളെ മതം മാറാന്‍ മനപൂര്‍വം നിര്‍ബന്ധിക്കുന്നതായും രാഘവേന്ദ്ര ആരോപിച്ചു.

യൂണിസെക്‌സ് സലൂണ്‍ കേന്ദ്രീകരിച്ച് വ്യാപകമായി ലവ് ജിഹാദ് നടക്കുന്നുണ്ടെന്നാണ് ഹിന്ദുത്വരുടെ ആരോപണം. ഒരു പ്രത്യേക സമുദായത്തിലെ ആണ്‍കുട്ടികള്‍ സലൂണില്‍ വരുന്ന ഹിന്ദുക്കളുടെ ഫോണ്‍ നമ്പറുകള്‍ കൈവശപ്പെടുത്തി, പിന്നീട് അവരെ ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും രാഘവേന്ദ്ര ആരോപിക്കുന്നുണ്ട്.

മുസ്‌ലിം കുടുംബങ്ങളില്‍ സ്ത്രീകളുള്ളപ്പോള്‍ എന്തിനാണ് ഹിന്ദു സ്ത്രീകളെ സലൂണില്‍ സഹായികളായി നിയമിക്കുന്നത്? എന്തുകൊണ്ട് നമ്മുടെ പെണ്‍കുട്ടികളെ മാത്രം ഇവര്‍ ലക്ഷ്യമിടുന്നതെന്നും ഹിന്ദു ശക്തി സംഗതന്റെ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

സലൂണ്‍ കേന്ദ്രീകരിച്ച് മുസ്‌ലിങ്ങള്‍ അവരുടെ ലവ് ജിഹാദ് ബിസിനസ് ആരംഭിച്ചാല്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും ഹിന്ദുത്വര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഭാരത സംസ്‌കാരത്തിന് വിരുദ്ധമെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ നടന്ന മിസ് ഋഷികേശ് ഫാഷന്‍ ഷോയുടെ പരിശീലനവും ഹിന്ദുത്വര്‍ തടസപ്പെടുത്തിയിരുന്നു.

പാശ്ചാത്യ വസ്ത്രങ്ങളും കുട്ടിയുടുപ്പുകളും ധരിച്ചുള്ള പരിപാടികള്‍ ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് പറയുന്ന ഹിന്ദുത്വരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlight: Hindutva shuts down barber shop in Uttarakhand, alleging love jihad