ഇന്ത്യാ-പാക് മത്സരത്തിനിടെ ആദിപുരുഷിലെ ഗാനം, ആഘോഷമാക്കി ഹിന്ദുത്വ പ്രൊഫൈലുകള്‍; വിവാദം
Asia cup 2023
ഇന്ത്യാ-പാക് മത്സരത്തിനിടെ ആദിപുരുഷിലെ ഗാനം, ആഘോഷമാക്കി ഹിന്ദുത്വ പ്രൊഫൈലുകള്‍; വിവാദം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd September 2023, 11:56 pm

ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം മഴ കാരണം മുടങ്ങിയിരുന്നു. പാകിസ്ഥാന്‍ ബാറ്റിങ്ങില്‍ ഒരു ബോള്‍ പോലും ചെയ്യാതെയായിരുന്നു മത്സരം അവസാനിപ്പിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം ഷെയര്‍ ചെയ്തു. നേപ്പാളിനെതിരെ ആദ്യ മത്സരം വിജയിച്ച പാകിസ്ഥാന്‍ ഇതോടെ സൂപ്പര്‍ ഫോറിലേക്ക് കടന്നു.

ഇന്ത്യക്ക് നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കാം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 നേടി എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞയുടനെ തന്നെ മഴ എത്തിയിരുന്നു. പിന്നീട് മത്സരം ഓവറുകള്‍ ചുരക്കി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ മഴ ക്ഷമിക്കാതിരുന്നപ്പോള്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ഗ്രൗണ്ടില്‍ പ്ലേ ചെയ്ത ഒരു ഗാനത്തിന്റെ പേരിലുള്ള വിവാദമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രഭാസ് നായകനായി ഓം റൗട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന സിനമയിലെ ‘രാം സിയ രാം’ എന്ന ഗാനം ഗ്രൗണ്ടില്‍ പ്ലേ ചെയ്തിരുന്നു. ഇന്ത്യ ബൗണ്ടറി നേടുമ്പോഴെല്ലാമാണ് ഈ ഗാനം ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്നുണ്ടായിരുന്നത്.

എന്നാല്‍ ജയ് ശ്രീരാം എന്നും ജയ് ഹനുമാന്‍’ എന്നുമൊക്കെ ക്യാപ്ഷന്‍ ഇട്ടുകൊണ്ടാണ് ഈ ഗാനമടങ്ങിയ വീഡിയോ ഹിന്ദുത്വ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതാണ് വിവാദം സൃഷ്ടിക്കാനുള്ള കാരണവും. ഗാനം ഗ്രൗണ്ടില്‍ ഒരു ആത്മീയ ഉണര്‍വ് നല്‍കിയെന്നാണ് ഈ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ പാകിസ്ഥാനായിരുന്നു വിജയ സാധ്യത കൂടുതലുണ്ടായിരുന്നത്. ഈ ഗാനം പ്ലേ ചെയ്തതുകൊണ്ട് ദൈവം മഴ പെയ്യിച്ചെന്നും ഇന്ത്യയെ രക്ഷിച്ചുവെന്നും കമന്റ് ചെയ്തവരുണ്ട്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ 75 ശതമനം മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെതെിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഈ പാട്ട് ഗ്രൗണ്ടില്‍ ഇടുന്നതിന്റെ ലോജിക്കെന്താണെന്നും ഇതില്‍ എന്താണ് ഇത്ര ആഘോഷിക്കാനുള്ളതെന്നുമാണ് വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത്.

ക്രിക്കറ്റ് പോലെയൊരു ജനകീയ ഗെയിമില്‍ മതവും ജാതിയും കലര്‍ത്തേണ്ടതില്ലെന്നും സ്‌പോര്‍ടിങ് ഇവന്റുകളെല്ലാം ഒന്നിപ്പിക്കാനുള്ളതാണ് അല്ലാതെ അകറ്റാനുള്ളതല്ലെന്നുമാണ് പൊതു അഭിപ്രായം

അതേസമയം ഇന്ത്യന്‍ ആരാധകര്‍ പേടിച്ചത് പോലെ തന്നെ പാകിസ്ഥാന്റെ പേസ് ബൗളിങ് നിര ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ മേല്‍ ആളികത്തുകയായിരുന്നു. മുന്‍ നിരയിലെ മൂന്ന് ബാറ്റര്‍മാര്‍ക്കും പാക് ബൗളിങ്ങിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ട്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

അഞ്ചാമനായി ഇറങ്ങിയ ഇഷാന്‍ കിഷനും വൈസ് ക്യാപ്റ്റന്‍ ഹര്ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കായി തിളങ്ങിയത്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. 66-4 എന്ന നിലയില്‍ ഇന്ത്യ ഇഴയുമ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്.

138 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടിച്ചേര്‍ത്തത്. പിന്നിടെത്തിയ മറ്റ് താരങ്ങള്‍ക്ക് മൊമെന്റം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.

Content Highlight: Hindutva Profiles celebrates Song played during India vs Pak Match  in Inappriate Way