പത്താനെതിരെ തീയേറ്ററിന് മുമ്പില്‍ ഹിന്ദുത്വ പ്രതിഷേധം, മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മുദ്രാവാക്യം; വീഡിയോ
Natioal news
പത്താനെതിരെ തീയേറ്ററിന് മുമ്പില്‍ ഹിന്ദുത്വ പ്രതിഷേധം, മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മുദ്രാവാക്യം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 8:08 pm

ന്യൂദല്‍ഹി: ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരായുള്ള പ്രതിഷേധത്തിനിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുമായി ഹിന്ദുത്വ സംഘടകള്‍. മധ്യപ്രദേശിലെ ഒരു തിയേറ്ററിന് മുന്നില്‍ നിന്നുള്ള ഒരു വീഡിയോയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയ് ശ്രീറാം വിളിച്ചാണ് മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളിക്കുന്നത്. നിരവധി പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ഇന്ത്യയിലെ മധ്യപ്രദേശിലെ ഹിന്ദുമേധാവിത്വവാദികള്‍, ഒരു ബോളിവുഡ് ചിത്രമായ പത്താനെതിരെ പ്രതിഷേധിക്കാന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നു.

കാരണം അതിലെ നായകന്റെ പേര് ഷാരൂഖ് ഖാനും നായിക കാവി നിറത്തിലുള്ള കുറിയ വസ്ത്രം ധരിക്കുന്നതുകൊണ്ടുമാണ്,’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച്
അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍ ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന, മുഹമ്മദ് നബിയെ നിന്ദിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ? എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ മെന്‍ഷന്‍ ചെയ്ത് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റബ്ബാനി ഈ വീഡിയോ പങ്കുവെച്ചത്.

ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിവാദമുണ്ടാക്കിയിരുന്നു.

പത്താനിലെ ബേഷരം രംഗ് എന്ന പാട്ടിലെ നടി ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെ തുടങ്ങിയ ആക്രമണം പിന്നീട് ബി.ജെ.പിയും വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഏറ്റെടുത്തിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ റിലീസിന് തടസം നില്‍ക്കില്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള
വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും അറിയിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ വരുത്തിയ മാറ്റങ്ങളില്‍ സന്തുഷ്ടരാണെന്നും സംഘടനകള്‍ പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് മധ്യപ്രദേശില്‍ നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട വാര്‍ത്തവരുന്നത്.

Content Highlight: Hindutva groups raise slogans insulting Prophet Muhammad during protests against Shah Rukh Khan film Pathan