'കുട്ടിയുടുപ്പ് ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ല'; ഉത്തരാഖണ്ഡില്‍ ഫാഷന്‍ ഷോയുടെ ഓഡിഷന്‍ നിര്‍ത്തിച്ച് ഹിന്ദുത്വര്‍
India
'കുട്ടിയുടുപ്പ് ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ല'; ഉത്തരാഖണ്ഡില്‍ ഫാഷന്‍ ഷോയുടെ ഓഡിഷന്‍ നിര്‍ത്തിച്ച് ഹിന്ദുത്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2025, 7:16 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഫാഷന്‍ ഷോയുടെ ഓഡിഷന്‍ നിര്‍ത്തിവെപ്പിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍. ‘മിസ് ഋഷികേശ്’ ഫാഷന്‍ ഷോയുടെ ഒഡിഷനാണ് ഹിന്ദുത്വര്‍ ചേര്‍ന്ന് നിര്‍ത്തിച്ചത്.

‘സംസ്‌കാരത്തിന് വിരുദ്ധ’മെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്തെത്തിയ ഹിന്ദുത്വര്‍ പരിപാടിയുടെ സംഘാടകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘ഹിന്ദു രക്ഷാ സംഘതന്‍’ എന്ന സംഘടനയിലെ ആളുകളാണ് ഓഡിഷന്‍ തടസപ്പെടുത്തിയത്.

ഓഡിഷന്‍ വേദിയിലേക്ക് അതിക്രമിച്ചെത്തിയ സംഘടനയുടെ അധ്യക്ഷന്‍ രാഘവേന്ദ്ര മത്സരാത്ഥികളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നവരും മോഡലുകളും കാരണം പരിസ്ഥിതി നശിച്ചുവെന്നാണ് ഹിന്ദുത്വരുടെ വാദം.

ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ വീട് വിട്ടുപോകുന്നതിന് കാരണം മോഡലുകളാണെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. സംഘാടകര്‍ ഇതിനെ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

നിലവില്‍ പാശ്ചാത്യ വസ്ത്രങ്ങളും കുട്ടിയുടുപ്പുകളും ധരിച്ചുള്ള പരിപാടികള്‍ ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് പറയുന്ന ഹിന്ദുത്വരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഹിന്ദുത്വരെ ചോദ്യം ചെയ്യുന്നതായും വീഡിയോയില്‍ കാണാം. തങ്ങളുടെ ജോലി തടസപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് പറഞ്ഞ യുവതി, സിഗരറ്റും ബാറുകളും നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നും ചോദ്യമുയര്‍ത്തി.

എന്നാല്‍ ‘ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട’ എന്നാണ് രാഘവേന്ദ്ര മറുപടി നല്‍കിയത്. പിന്നാലെ ‘അപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങളും പറയേണ്ടതില്ല’ എന്ന് മത്സരാര്‍ത്ഥിയും പ്രതികരിച്ചു.

സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മിസ് ഋഷികേശിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് മിസ് ഇന്ത്യയെ നിയമപരമായി ചോദ്യം ചെയ്യുന്നില്ലെന്ന് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നു.

ധോത്തിയും കുര്‍ത്തയും ധരിച്ചെത്തിയവരാണ് ഭാരത സംസ്‌കാരത്തെ കുറിച്ച് പറയുന്നതെങ്കില്‍ അതിലൊരു ഔചിത്യമുണ്ടായിരുന്നുവെന്നും ഇവിടെ ഇപ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട ഹിന്ദുത്വരാണ് രംഗത്തുള്ളതെന്നും ഒരാള്‍ എക്സില്‍ കുറിച്ചു.

ഈ രാജ്യത്ത് എന്തൊക്കെ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. വിദ്യാഭ്യാസം, റോഡ്, അഴിമതി, ശുചിത്വം, ഗാര്‍ഹിക-സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ഒരു അഭിപ്രായവും രേഖപ്പെടുത്താത്തവരാണ് സദാചാര പൊലീസിങ് നടത്തുന്നതെന്നാണ് ഒരാള്‍ വിമര്‍ശിച്ചത്. കുട്ടിയുടുപ്പാണ് ഇപ്പോഴത്തെ ആയുധമെന്നും ചിലര്‍ പരിഹസിച്ചു.

Content Highlight: Hindutva activists stops auditions for fashion show in Uttarakhand