മഹാരാഷ്ട്രയിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നിസ്‌കരിച്ചതിന് വിദ്യാർത്ഥികളെകൊണ്ട് ശിവജി പ്രതിമയിൽ തൊട്ട് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ
India
മഹാരാഷ്ട്രയിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നിസ്‌കരിച്ചതിന് വിദ്യാർത്ഥികളെകൊണ്ട് ശിവജി പ്രതിമയിൽ തൊട്ട് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 7:45 am

മുംബൈ: മഹാരാഷ്ട്രയിൽ ക്ലാസ് മുറിയിൽ നിസ്‌കരിച്ചതിന് മൂന്ന് മുസ്‌ലിം വിദ്യാർത്ഥികളെകൊണ്ട് ശിവജി പ്രതിമയിൽ തൊട്ട് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ. വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദൾ അംഗങ്ങളാണ് വിദ്യാർത്ഥികളെ അപമാനിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണി ഐഡിയൽ കോളേജിലാണ് സംഭവം.

വിദ്യാർത്ഥികൾ നിസ്കരിക്കുന്നത് ക്യാമറയിൽ പകർത്തിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. വിദ്യാർത്ഥികൾ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഹിന്ദുത്വ അംഗങ്ങൾ ആരോപിച്ചു.

ജയ്‌ശ്രീറാം മുദ്രവാക്യങ്ങൾ വിളിച്ചുകൊണ്ട് ഹിന്ദുത്വ പ്രവർത്തകർ മുസ്‌ലിം വിദ്യാർത്ഥികളെകൊണ്ട് സിറ്റ് അപ് ചെയ്യിച്ചതായും ശിവജി പ്രതിമയെ തൊട്ട് മാപ്പ് പറയിച്ചതായും വീഡിയോയിൽ കാണാം.

ഹിന്ദുത്വ പ്രവർത്തകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു. തങ്ങൾ ഒരു ഒഴിഞ്ഞ മുറിയിൽ കുറച്ചു മിനിറ്റ് മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളുവെന്നും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. തങ്ങൾ ഒന്നും തകർക്കുകയോ ആരെയും വേദനിപ്പിക്കുകയോ ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനെതിരെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കോളേജിനെയും പൊലീസിനെയും വിമർശിച്ച് രംഗത്തെത്തി. അവരെ പ്രതിമയ്ക്ക് മുമ്പിൽ മാപ്പ് പറയാൻ നിർബന്ധിച്ചപ്പോൾ പൊലീസ് അവനെ സംരക്ഷിക്കണമായിരുന്നെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.

അതേസമയം ഇതൊരു ആഭ്യന്തരകാര്യമാണെന്നും വിദ്യാർത്ഥികൾ ക്യാമ്പസിലെ മതപരമായ പ്രവർത്തനങ്ങൾ തടയുന്ന നിയമങ്ങൾ ലംഘിച്ചെന്നും കോളേജ് അധികൃതർ പറഞ്ഞു.

‘ക്യാമ്പസിൽ മതപരമായ പ്രവർത്തനങ്ങൾ അനുവദിനീയമല്ല. ഇത്തരം കാര്യങ്ങൾ വീണ്ടും സംഭവിച്ചാൽ കർശന നടപടിയെടുക്കും. സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിക്കണം,’ ഒരു കോളേജ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Content Highlight: Hindutva activists in Maharashtra force students to touch Shivaji statue and apologize for praying in classroom