ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു; ഛത്തീസ്ഗഡില്‍ ഒന്നര ദിവസത്തിലേറെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വ വാദികള്‍
national news
ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു; ഛത്തീസ്ഗഡില്‍ ഒന്നര ദിവസത്തിലേറെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വ വാദികള്‍
ആദര്‍ശ് എം.കെ.
Saturday, 27th December 2025, 6:51 am

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ധംതാരി ജില്ലയില്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ക്കനുസൃതമായി മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വവാദികള്‍. ബോറായ് ഗ്രാമത്തില്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത പൂനിയ സാഹു (65)വിന്റെ മൃതദേഹമാണ് സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഒന്നര ദിവസത്തിലേറെ തടഞ്ഞുവെച്ചത്.

മരിച്ച സാഹു പൂനിയയുടെ കുടുംബാംഗങ്ങള്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹിന്ദു ബ്രിഗേഡ് പിന്തുണയ്ക്കുന്ന ഗ്രാമവാസികളെത്തി ചടങ്ങ് തടയുകയായിരുന്നു. സാഹുവിന്റെ മൃതദേഹം ക്രിസ്ത്യന്‍ രീതിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്. ചടങ്ങിനെതിരെ ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു.

മൃതദേഹം മറ്റൊരു ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി ഇവിടെയുമെത്തി. ഹിന്ദു ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്നും അന്ത്യകര്‍മങ്ങള്‍ നടത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.

മൃതദേഹം സംസ്‌കരിക്കാന്‍ എടുത്ത കുഴിയില്‍ ഇവര്‍ വീണ്ടും മണ്ണ് നിറയ്ക്കുകയും ചെയ്തു. ഇതോടെ ഒന്നര ദിവത്തിലേറെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാതെ പോയത്.

ഒടുവില്‍ ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കുടുംബം അനുവദിച്ചതിന് ശേഷം മാത്രമാണ് ഹിന്ദുത്വവാദികള്‍ ശവസംസ്‌കാരത്തിന് അനുവദിച്ചത്.

വ്യാഴാഴ്ച ക്രിസ്തുമസ് ദിനമായതിനാല്‍ തന്നെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കാതിരിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് അവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

‘എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടു. സമാജ് പ്രമുഖിന്റെ അനുവാദത്തോടെ ഹിന്ദു ആചാരപ്രകാരം വെള്ളിയാഴ്ച സംസ്‌കാരം നടത്തി,’ ധംതാരി ജില്ലാ പൊലീസ് മേധാവിയായ സൂരജ് സിങ് പരിഹാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘പ്രക്ഷുബ്ദരായ ഗ്രാമവാസികളെ സമാധാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും കൃത്യമായി ഇടപെട്ടു. കുടുംബത്തിന് പ്രശ്‌നമല്ലാത്ത രീതിയില്‍ ഒരു നല്ല പരിഹാരം കണ്ടെത്താന്‍ സാധിച്ചു. ഭരണകൂടം എല്ലാ വിധത്തിലുള്ള ജാഗ്രതകളും സ്വീകരിച്ചു,’ സിങ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസിന് ഒരാഴ്ച മുമ്പ് മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് പള്ളികള്‍ക്ക് തീ വെച്ച സംഭവത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പാണ് ഛത്തീസ്ഗഢില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്തയും പുറത്തുവരുന്നത്.

 

Content Highlight: Hindutva activists in Chhattisgarh are not allowing the body to be cremated according to Christian rituals.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.