വാഷിങ്ടണ്‍: ഇന്ത്യയിലെ മത ന്യൂന പക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന 523 ഗാനങ്ങള്‍ യൂട്യൂബും മെറ്റയുമടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലുള്ളതായും ഈ ഗാനങ്ങള്‍ക്കും ഇവ ഉപയോഗിച്ചുള്ള റീലുകള്‍ക്കും കോടിക്കണക്കിന് വ്യൂസ് ലഭിക്കുന്നതായും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഓര്‍ഗണൈസ്ഡ് ഹേറ്റിന്റെ (സി.എസ്.ഒ.എച്ച്) പഠന ഫലം. വന്‍ വരുമാനമാണ് മീഡിയ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകളിലെ മൊണിറ്റൈസേഷന്‍ ഫീച്ചറുകള്‍ വഴി ഈ വിദ്വേഷ പാട്ടുകള്‍ക്കും റീലുകള്‍ക്കും ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
മാധ്യമ പ്രവര്‍ത്തകനും ‘എച്ച്-പോപ് : ദ സീക്രട്ടീവ് വേള്‍ഡ് ഓഫ് ഹിന്ദുത്വ പോപ് സ്റ്റാര്‍സ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ കുണാല്‍ പുരോഹിത് അടക്കമുള്ളവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ജൂണ്‍ 15നാണ് പഠനത്തിന്റെ റിപ്പോര്‍ട്ട് സി.എസ്.ഒ.എച്ച് പ്രസിദ്ധീകരിച്ചു.
25 വിദ്വേഷ മ്യൂസിക് വീഡിയോകള്‍ ഹോസ്റ്റ് ചെയ്ത മയൂര്‍ മ്യൂസിക് ചാനലിന് യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണും ലഭിച്ചിട്ടുണ്ട്. മെറ്റയില്‍ 30 പ്രധാന വിദ്വേഷ ഗായകരില്‍ 20 പേരും അവരുടെ അക്കൌണ്ടുകളില്‍ മൊണിറ്റൈസേഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ടെന്നും അത് വഴിയുള്ള വരുമാനം നേടുന്നുവെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
225 പാട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തു; നീക്കം ചെയ്തത് 18
2025 ഓക്ടോബറില്‍ നാല് പ്ലാറ്റ്‌ഫോമുകളിലുമായി 225 വിദ്വേഷ ഗാനങ്ങളെ കണ്ടന്റ് പോളിസി ലംഘനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 2026 മെയില്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 207 പാട്ടുകളും ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടായിരുന്നു. 18 പാട്ടുകള്‍ മാത്രമാണ് നീക്കം ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത പാട്ടുകളുടെ എട്ട് ശതമാനം മാത്രമാണ് നീക്കം ചെയ്തവയെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യൂട്യൂബ്, മെറ്റ എന്നിവയിലെപ്പോലെ സ്‌പോട്ടിഫൈയിലും ആപ്പിള്‍ മ്യൂസിക്കിലും റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രത്യേകം സംവിധാനമില്ല. സ്‌പോട്ടിഫൈയില്‍ ലൈവ് ചാറ്റ് വഴി പരാതികള്‍ അറിയിക്കാം. ഇത്തരത്തില്‍ ഒരു പാട്ടിനെതിരെ പരാതി പറയാന്‍ 33 മിനുറ്റ് വേണം. അതിനാല്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പാട്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി തന്നെ പ്രയാസമാണെന്ന് പഠനഫലങ്ങളില്‍ വ്യക്തമാക്കുന്നു.

Cover Image of A Music Video Uploaded In ‘Biju Kataria’ Youtube Channel. Photo: youtube.com
പാട്ടുകള്‍ക്കെതിരെയോ ചാനലുകള്‍ക്കോ അക്കൗണ്ടുകള്‍ക്കോ എതിരെയോ നടപടിയെടുത്താലും ഇവ മറ്റ് ചാനലുകളിലും അക്കൗണ്ടുകളിലും ലഭ്യമാവുന്നതായും പഠനത്തില്‍ പറയുന്നു. ഇതിനായി സന്ദീപ് ആചാര്യ എന്ന ഗായകന്റെ അക്കൌണ്ടിന്റെ ഉദാഹരണവും സി.എസ്.ഒ.എച്ച് ചൂണ്ടിക്കാട്ടുന്നു.
സന്ദീപ് ആചാര്യയുടെ അക്കൗണ്ട് മൂന്ന് തവണ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചാനലിലുള്ള കണ്ടന്റ് പോളിസി ലംഘിക്കുന്ന 26 പാട്ടുകളില്‍ 21 പാട്ടുകളും മറ്റ് യൂട്യൂബ് ചാനലുകളില്‍ ലഭ്യമാണെന്ന് പഠനത്തില്‍ പറയുന്നു.
സബ്‌സ്‌ക്രൈബര്‍മാര്‍ ഇന്ത്യയിലെ യൂട്യൂബ് ഉപഭോക്താക്കളുടെ 15 ശതമാനത്തിലധികം
വിദ്വേഷ സംഗീതത്തില്‍ 40.2 ശതമാനവും യൂട്യൂബിലെ മ്യൂസിക് വീഡിയോകളായിട്ടാണുള്ളത്. 20.8 ശതമാനം സ്‌പോട്ടിഫൈയിലും 19.3 ശതമാനം ആപ്പിള്‍ മ്യൂസിക്കിലും. 19.7 ശതമാനമാണ് മെറ്റ മ്യൂസിക് ലൈബ്രറിയിലുള്ളത്.
യൂട്യൂബില്‍ വിദ്വേഷ ഗാനങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന 98 ആര്‍ട്ടിസ്റ്റുകള്‍ക്കും കൂടെ ആകെ 7.64 കോടി സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇത് ഇന്ത്യയിലെ ആകെ യൂട്യൂബ് ഉപഭോക്താക്കളുടെ 15 ശതമാനത്തിലധികം വരും.

Cover Image of A Music Video Uploaded In ‘Prem Krishnvanshi official’ Youtube Channel. Photo: youtube.com/c/PremKrishnvanshiofficial
യൂട്യൂബില്‍ ‘റാം മന്ദിര്‍’ എന്ന ഒരു മ്യൂസിക് വീഡിയോയുടെ ലൈക്ക്, വ്യൂസ്, കമന്റുകള്‍ എന്നിവയുടെ കണക്കുകള്‍ ഉദാഹരണമായി പഠന ഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 മേയ് വരെ ഈ വീഡിയോ 96 ലക്ഷം പേര്‍ കണ്ടു.
ആകെ രണ്ടര ലക്ഷത്തിലധികം ലൈക്കുകളും 19,000ത്തിലധികം കമന്റുകളും വീഡിയോയിലുണ്ട്. ഛോട്ടു സിങ് രവാന എന്ന അക്കൌണ്ടില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് അപ്ലോഡ് ചെയ്താണ് ഈ വീഡിയോ.
ജോ ഭി സാംനെ ഉസ്‌കോ ചീരേംഗേ ഓര്‍ ഫാദേംഗേ (ആര് ഞങ്ങളുടെ വഴിയില്‍ വരുന്നോ അവരെ ഞങ്ങള്‍ വെട്ടിച്ചീന്തും) എന്ന ടൈറ്റിലോട് കൂടിയ മറ്റൊരു വീഡിയോയില്‍ പ്രത്യക്ഷമായി തന്നെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതായും സി.എസ്.ഒച്ചിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യൂട്യൂബിലെ 210 മ്യൂസിക് വീഡിയോകളില്‍ 46 എണ്ണവും സംഗം ധുന്‍ (Sangam Dhun) എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ്. രണ്ടര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരാണ് ഈ ചാനലിന്.

Screengrab Shot of ‘Sangham Dhun’ Youtube Channel
ആകെ 25000 വീഡിയോകള്‍ 2020 മുതല്‍ ഈ ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘ഹിന്ദുക്കള്‍ ശത്രുക്കളെ ക്രൂരമായി ആക്രമിക്കണം,’ എന്ന് ആഹ്വാനം ചെയ്യുന്ന പാട്ടുകളുടെ വീഡിയോ അടക്കം ഈ ചാനലിലുള്ളതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മുസ്ലീംകളും മറ്റ് മത ന്യൂനപക്ഷങ്ങളും ഹിന്ദു മേല്‍ക്കോയ്മ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകണം,’ എന്ന് പറയുന്ന വീഡിയോകളും ഈ അക്കൌണ്ടിലുള്ളതായും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌പോട്ടിഫൈയില്‍ 109ല്‍ 51 പാട്ടുകളും മുസ്ലീങ്ങള്‍ക്കെതതിരായ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും പഠന ഫലത്തില്‍ പറയുന്നു. മെറ്റ മ്യൂസിക് ലൈബ്രറിയിലെ 103 പാട്ടുകളില്‍ 46 എണ്ണവും ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതാണ്. ഈ പാട്ടുകള്‍ 14 ലക്ഷത്തിലധികം റീലുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Content Highlight: Hinduthwa Hate Pop making profit through Youtube, Meta, Spotify and Apple Music, Study By Think Tank CSOH
