രശ്മിക മന്ദാന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രം ദി ഗേള്‍ഫ്രണ്ടിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദുത്വ പേജുകള്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് ഈ പേജുകളെ ചൊടിപ്പിച്ചത്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയുടെ പങ്കാളിയാണ് രാഹുല്‍ രവീന്ദ്രന്‍.
വിവാഹശേഷം മംഗളസൂത്രം (താലി) ധരിക്കണമെന്ന് താന്‍ ചിന്മയിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ രവീന്ദ്രന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മംഗളസൂത്രം ധരിക്കണമോ വേണ്ടയോ എന്നത് ഓരോ സ്ത്രീയുടെയും വ്യക്തിപരമായ ചോയ്‌സാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. വിവാഹം കഴിഞ്ഞ പുരുഷന്മാരെ തിരിച്ചറിയാന്‍ യാതൊരു അടയാളവുമില്ലാത്തപ്പോള്‍ സ്ത്രീകള്‍ മാത്രം എന്തിനാണ് വിവാഹം കഴിഞ്ഞെന്ന് അറിയിക്കാന്‍ താലി ധരിക്കുന്നതെന്നും അത് ശരിയായ കാര്യമായി തോന്നുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ഇതാണ് ഹിന്ദുത്വ പേജുകളെ ചൊടിപ്പിച്ചത്. താലി, വിവാഹം എന്നിവ പവിത്രമാണെന്നും അതിന്റെ മൂല്യം അറിയാത്തവര്‍ വിവാഹം ചെയ്യരുതെന്നും പറഞ്ഞുകൊണ്ട് നിരവധിയാളുകള്‍ എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. പവിത്രമായ മംഗളസൂത്രത്തിന്റെ മൂല്യമറിയാത്ത രാഹുലിന്റെ സിനിമ ബഹിഷ്‌കരിക്കണമെന്ന് തത്വമസി എന്ന എക്‌സ് പേജ് പോസ്റ്റ് പങ്കുവെച്ചു.
‘വിവാഹിതയായ ക്രിസ്ത്യന്‍ സ്ത്രീ മോതിരം ധരിക്കുന്നത് പഴഞ്ചന്‍ ഏര്‍പ്പാടല്ല, ഹിന്ദു സ്ത്രീകള്‍ മംഗളസൂത്രം ധരിക്കുന്നത് പഴഞ്ചനാണ്, ഇത്തരം സ്യൂഡോ ഫെമിനിസ്റ്റുകളെ അകറ്റിനിര്‍ത്തുക’ എന്ന ക്യാപ്ഷനോട് അന്ധ് ഭക്ത് എന്ന പേജും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ശ്രീരാമനും ലക്ഷ്മണനുമെതിരെ ചിന്മയി പണ്ട് പങ്കുവെച്ച പോസ്റ്റിനെച്ചൊല്ലിയും ഇപ്പോള്‍ വിവാദങ്ങള്‍ ഉയരുകയാണ്.
‘ശ്രീരാമനെപ്പോലയും ലക്ഷ്മണനെപ്പോലയും മോശം ഭര്‍ത്താവിന്റെ ഉദാഹരണം വേറെയുണ്ടാകില്ല’ എന്നായിരുന്നു 10 വര്‍ഷം മുമ്പ് ചിന്മയി പങ്കുവെച്ച ട്വീറ്റ്. രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ ചിന്മയിയുടെ ട്വീറ്റും മുന്‍നിര്‍ത്തി പലരും ഗേള്‍ഫ്രണ്ട് ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. ഹിന്ദു വിരോധിയും ഇന്ത്യാ വിരോധിയുമായ ആളുകളുടെ സിനിമക്ക് ടിക്കറ്റെടുക്കരുത് എന്നാണ് പലരും പോസ്റ്റില്‍ കുറിക്കുന്നത്.
രശ്മിക മന്ദാന നായികയായെത്തിയ ഗേള്‍ഫ്രണ്ട് നവംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതം നല്കിയ ഗാനങ്ങള്‍ ഇതിനോടകം വൈറലായി. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്.
@iamRashmika Not a “fan” of any celebrity. I admire your talent & hard work. BUT…this will be the worst disaster of your career for teaming up with a politically motivated cr*p couple – Rahul & Sin-mayi.