ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വീണ്ടും വംശീയാധിക്ഷേപം; ക്ഷേത്രച്ചുമരിൽ അധിക്ഷേപ വാക്കുകൾ പെയിന്‍റ് ചെയ്തു
India
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വീണ്ടും വംശീയാധിക്ഷേപം; ക്ഷേത്രച്ചുമരിൽ അധിക്ഷേപ വാക്കുകൾ പെയിന്‍റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2025, 8:56 am

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യക്കാർക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം. മെൽബണിലെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെയും രണ്ട് ഏഷ്യൻ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളുടെയും ചുമരിൽ വംശീയ അധിക്ഷേപങ്ങൾ എഴുതി വികൃതമാക്കിയിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊലി കറുത്തവർ നാട് വിട്ട് പോകു തുടങ്ങിയ വംശീയ അധിക്ഷേപങ്ങളാണ് എഴുതിയിരിക്കുന്നത്.

മെൽബണിലെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിലെ വാധേഴ്‌സ്റ്റ് ഡ്രൈവിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം ചുവന്ന പെയിന്റ് ഉപയോഗിച്ച് വംശീയ അധിക്ഷേപങ്ങൾ എഴുതി വികൃതമാക്കിയതായി ഓസ്‌ട്രേലിയ ടുഡേ വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. ബൊറോണിയ റോഡിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിൽ അതേ ദിവസം തന്നെ ഇത്തരം അധിക്ഷേപങ്ങൾ എഴുതിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിക്ടോറിയൻ ഗവൺമെന്റിന്റെ ചീഫ് എക്സിക്യൂട്ടീവായ ജസീന്ത അലൻ സംഭവത്തിൽ അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വെറുപ്പുളവാക്കുന്ന വംശീയ ആക്രമണമാണെന്നും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും അവർ പറഞ്ഞു.

‘ഇത് വെറും നശീകരണ പ്രവർത്തനമായിരുന്നില്ല, ഇത് വംശീയ ആക്രമണമാണ്. ആളുകളെ ഒറ്റപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള മനപൂർവമായ വെറുപ്പ് നിറഞ്ഞ പ്രവൃത്തിയായിരുന്നു അത്. വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന അവരെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇവിടെ സ്ഥാനമില്ല,’ ജസീന്ത അലൻ പറഞ്ഞു. പൊലീസ് വിഷയം ഗൗരവമായി കാണണമെന്നും ജസീന്ത അലൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഇന്ത്യക്കാരന് നേരെ ഓസ്‌ട്രേലിയയിൽ വംശീയ അധിക്ഷേപവും ആക്രമണവും നടന്നിരുന്നു. അഡലെയ്ഡിൽ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 23 വയസുള്ള ഇന്ത്യൻ വംശജനായ ചരൺപ്രീത് സിങ് ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.

ആക്രമണത്തിൽ ചരൺപ്രീത് സിങ്ങിന് തലച്ചോറിന് പരിക്കേറ്റു. ഒന്നിലധികം ഒടിവുകളും സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ എൻഫീൽഡിൽ നിന്നുള്ള ഒരു 20 വയസുകാരനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും മറ്റ് അക്രമികൾ ഒളിവിലാണ്.

 

Content Highlight: Hindu Temple In Australia’s Melbourne Defaced With Racist Graffiti