ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ ജില്ലയിലുള്ള പ്രമുഖ ഇസ്‌ലാമിക മതപഠനശാലയായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെ കെട്ടിടത്തിനടിയില്‍ ശിവക്ഷേത്രമുണ്ടെന്ന അവകാശവാദവുമായി ഹിന്ദു രക്ഷാദള്‍.
വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ലളിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹറാന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി.
ദാറുല്‍ ഉലൂം വളപ്പില്‍ നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം വൈകുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി.
മതപാഠശാലയ്ക്കുള്ളില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ലളിത് ശര്‍മ അവകാശപ്പെട്ടു. എന്നാല്‍ ഈ തെളിവുകള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ലെന്നും കോടതിയില്‍ മാത്രമേ ഹാജരാക്കുകയുള്ളൂ എന്നും ഇയാള്‍ വ്യക്തമാക്കി.
ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാണ് സംഘടനയുടെ തീരുമാനം.
നിശ്ചിത സമയത്തിനകം അന്വേഷണം നടന്നില്ലെങ്കില്‍ ഹരിദ്വാറില്‍ നിന്ന് ഗംഗാജലം എത്തിച്ച് ദാറുല്‍ ഉലൂം പരിസരത്ത് ‘ജലാഭിഷേകം’ നടത്തുമെന്ന് ഹിന്ദു രക്ഷാദള്‍ ഭീഷണിപ്പെടുത്തി. ഇതിനായി വെടിയുണ്ടകളെ നേരിടാന്‍ പോലും ശിവഭക്തര്‍ തയ്യാറാണെന്ന് ലളിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ദാറുല്‍ ഉലൂമുമായി ബന്ധപ്പെട്ട വസ്തുവകകള്‍ ‘ശത്രു സ്വത്തുമായി’ ബന്ധപ്പെട്ടതാണെന്ന ആരോപണവും സംഘടന ഉന്നയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഈ വിവാദപരമായ അവകാശവാദങ്ങളോട് സഹറാന്‍പൂര്‍ ജില്ലാ ഭരണകൂടമോ ദാറുല്‍ ഉലൂം ദയൂബന്ദ് അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.