ലക്ക്‌നൗ: രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതുകൊണ്ട് മാത്രം ഹിന്ദു വിവാഹം അസാധുവാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹ രജിസ്‌ടേഷന്‍ സര്‍ട്ടിഫിക്കറ്റ് വിവാഹം തെളിയിക്കുന്നതിനുള്ള തെളിവ് മാത്രമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹിന്ദു വിവാഹ നിയമപ്രകാരം, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹരജിയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് വിചാരണ കോടതികള്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
‘1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഒരു ഹിന്ദു വിവാഹം നടത്തുമ്പോള്‍, 1955-ലെ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം വിവാഹത്തിന്റെ തെളിവിനായി ഹിന്ദു വിവാഹ രജിസ്റ്റര്‍ സൂക്ഷിക്കുന്നതിന് വ്യവസ്ഥകളുണ്ട്. അതില്‍ കക്ഷികള്‍ക്ക് അവരുടെ വിവാഹത്തിന്റെ വിശദാംശങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി രേഖപ്പെടുത്താം.
രജിസ്റ്ററില്‍ വിവാഹം രേഖപ്പെടുത്താത്തത് വിവാഹത്തിന്റെ സാധുതയെ ബാധിക്കില്ല. വിവാഹ രജിസ്‌ട്രേഷനായി സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 1955ലെ ഹിന്ദു നിയമം സെക്ഷന്‍ 8ലെ ഉപവകുപ്പ് പ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ ഇല്ലാത്തതിന്റെ പേരില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ കഴിയില്ല,’ കോടതി പറഞ്ഞു.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള ഹരജിക്കാരുടെ അപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള അസംഗഢ് കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് കുമാര്‍ നിഗം ഉത്തരവിട്ടത്.
അസംഗഢ് കുടുംബക്കോടതിലെ അഡീഷണല്‍ പ്രിന്‍സിപ്പള്‍ ജഡ്ജി ജൂലൈ 31ന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുനില്‍ ദുബൈ എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് മനീഷ് കുമാര്‍ നിഗത്തിന്റെ നിരീക്ഷണം.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 (ബി) പ്രകാരം പങ്കാളികള്‍ ഉഭയകക്ഷി സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ക്കിടെ, കുടുംബ കോടതി കക്ഷികളോട് വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ വിവാഹം രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ ഹരജിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷ നിരീക്ഷിച്ച കുടുംബക്കോടതി അത് നിരസിക്കുകയായിരുന്നു.
വിവാഹം സംബന്ധിച്ച വസ്തുത ഇരു കക്ഷികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന കുടുംബക്കോടതിയുടെ നിര്‍ബന്ധം അനാവശ്യമാണെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Hindu marriage without marriage certificate is not invalid Allahabad High Court