പോറ്റിയേ കേറ്റിയേ... മതവികാരം വ്രണപ്പെടുത്തിയില്ല; പാരഡിഗാനത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും
Kerala News
പോറ്റിയേ കേറ്റിയേ... മതവികാരം വ്രണപ്പെടുത്തിയില്ല; പാരഡിഗാനത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും
ആദര്‍ശ് എം.കെ.
Thursday, 18th December 2025, 1:12 pm

കോഴിക്കോട്: പോറ്റിയേ… കേറ്റിയേ… എന്ന് തുടങ്ങുന്ന പാരഡി ഗാനം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു. പാട്ട് പുറത്തിറങ്ങി 15 ദിവസമായെന്നും എന്നാല്‍ ഒരു ഹിന്ദുക്കളും തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ ബാബു പറഞ്ഞു.

‘ഈ പാട്ട് വികാരം വ്രണപ്പെടുത്തുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി എപ്പോഴെങ്കിലും ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? ഈ പാട്ട് ഇറങ്ങി 15 ദിവസമായി കാണും. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

കോണ്‍ഗ്രസുകാര്‍ മാത്രമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനെ എതിര്‍ക്കുന്ന ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അത് ലീഗുകാരന്‍ എഴുതിയ പാട്ടായിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും.

ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്,’ ആര്‍.വി ബാബു പറഞ്ഞു.

സര്‍ക്കാരിന് കീഴില്‍ ദേവസ്വം ബോര്‍ഡും സി.പി.ഐ.എം നേതാക്കളും ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കൊള്ളയെ വരച്ചുകാട്ടുന്ന പാട്ടാണ് അതെന്നും വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പാട്ടിന് സ്വീകാര്യത ലഭിച്ചുവെന്നും ആര്‍.വി. ബാബു പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശമടക്കമുള്ള വിഷയങ്ങളും സി.പി.ഐ.എം നേതാക്കളുടെ പ്രതികരണവുമാണ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതെന്നും ഹിന്ദു ഐക്യവേദി നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ പാട്ടിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവാഭരണപാത സംരക്ഷണ സമിതിയുടെ പരാതിയിന്‍മേല്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നും കാണിച്ചാണ് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതി നല്‍കിയത്.

പാട്ടെഴുതിയ കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയടക്കം നാല് പേരെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞബ്ദുല്ലക്ക് പുറമെ ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍.

 

Content Highlight: Hindu Aikya Vedi leader R.V. Babu says “Potiye… Ketiye…” did not hurt the religious sentiments of Hindus.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.