ഒരു കൊച്ചുപെണ്‍കുട്ടി മജിസ്ട്രേറ്റിന്റെ കസേരയിലിരുന്ന് എന്നോട് പെരുമാറിയ വിധമുണ്ട്; എന്റെ ചെരുപ്പിനും ചിറക് മുളച്ചേനെ: കെ.പി ശശികല
Kerala
ഒരു കൊച്ചുപെണ്‍കുട്ടി മജിസ്ട്രേറ്റിന്റെ കസേരയിലിരുന്ന് എന്നോട് പെരുമാറിയ വിധമുണ്ട്; എന്റെ ചെരുപ്പിനും ചിറക് മുളച്ചേനെ: കെ.പി ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th October 2025, 1:52 pm

തിരുവനന്തപുരം: സുപ്രീം കോടതിക്കുള്ളിൽ വെച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല.
തനിക്ക് കോടതിയിൽ വെച്ചുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശശികല അതിക്രമത്തോട് പ്രതികരിച്ചത്.

മജിസ്ട്രേറ്റിൻ്റെ കസേരയിലിരുന്ന ഒരു കൊച്ചു പെൺകുട്ടി തന്നോട് നല്ല രീതിയിലല്ല പെരുമാറിയതെന്നും ആ സീറ്റിനെ താൻ ബഹുമാനിച്ചില്ലായിരുന്നില്ലെങ്കിൽ തന്റെ ചെരിപ്പിനും ചിറകു മുളച്ചേനെയെന്നും ശശികല പറഞ്ഞു. ഒരായിരം തവണ താനത് മനസിൽ ചെയ്തിട്ടുണ്ടാകുമെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.

രാവിലെ ചെന്ന് കാവൽ നിന്ന് ഇരിക്കാൻ പോലും സ്ഥലമില്ലാതെ കുടിവെള്ളമില്ലാതെ മണിക്കൂറുകൾ കാത്തുനിന്ന് കേസുവിളിച്ചാൽ മുഖത്തു പോലും നോക്കാതെ അടുത്ത ഡേറ്റ് വിളിച്ചു പറയുമ്പോൾ വായ ചൊറിഞ്ഞുവരാറുണ്ടെന്നും പക്ഷേ അത് നിയന്ത്രിച്ചല്ലേ പറ്റുയെന്നും ശശികല പറഞ്ഞു.

നീ നിന്റെ ദൈവത്തോട് പോയി പറയൂ നിന്റെ ദൈവത്തിന് പറ്റുന്നില്ലെങ്കിൽ മറ്റൊരു ദൈവത്തോട് പോയി പറയൂ എന്നത് ഏത് നിയമനുസരിച്ചാണ് ഒരു ന്യായാധിപൻ പറയുന്നതെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

‘കോടതി ബഹുമാനിക്കപ്പെടേണ്ട സ്ഥാപനമാണ്. നൈമിഷിക വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കേന്ദ്രമല്ല അത്.

രാവിലെ ചെന്ന് കാവൽ നിന്ന് ഇരിക്കാൻ പോലും സ്ഥലമില്ലാതെ കുടിവെള്ളമില്ലാതെ മണിക്കൂറുകൾ കാത്തുനിന്ന് കേസുവിളിച്ചാൽ മുഖത്തു പോലും നോക്കാതെ അടുത്ത ഡേറ്റ് വിളിച്ചു പറയുമ്പോൾ വായ ചൊറിഞ്ഞുവരാറുണ്ട്. പക്ഷേ നിയന്ത്രിച്ചല്ലേ പറ്റു.

ഒരു കൊച്ചു പെൺകുട്ടി മജിസ്ട്രേറ്റിൻ്റെ കസേരയിലിരുന്ന് ഒരു രാഷ്ട്രീയ നേതാവിനു വേണ്ടി ഞാൻ അന്യായം ഫയൽ ചെയ്ത ഒരു കേസിൻ്റെ വിചാരണഘട്ടത്തിൽ എന്നോട് പെരുമാറിയത് തികച്ചും അനുചിതമായ വിധത്തിലായിരുന്നു.

ആ രാഷ്ട്രീയ നേതാവ് ഞാനില്ലാത്ത ഒരു ചർച്ചയിൽ എന്റെ പേരു പരാമർശിച്ച് വിഷജന്തു…. എനിക്ക് അറപ്പാണ് എന്ന് ചിറി കോട്ടി പറഞ്ഞതിൻ്റെ വീഡിയോയും ലിങ്കും ഒക്കെ നമ്മുടെ കൈയ്യിലുണ്ടായിട്ടും അതൊന്നും കാണാൻ കൂട്ടാക്കാതെ ആ മഹതി എന്നോട് കോടതിക്കകത്ത് പെരുമാറിയ വിധം കണ്ടാൽ ഞാൻ ആ സീറ്റിനെ ബഹുമാനിച്ചില്ലായിരുന്നെങ്കിൽ എന്റെ ചെരിപ്പിനും ചിറകു മുളച്ചേനെ. സത്യം (മനസ്സിൽ ഒരായിരം വട്ടം ഞാനത് ചെയ്തിട്ടുണ്ടാകും.)

പക്ഷേ 35 വർഷം കോടതി സ്റ്റാഫായിരുന്ന എൻ്റെ അച്ഛനെ ഓർത്ത് ഒപ്പം എന്റെ ജനാധിപത്യ മര്യാദകൊണ്ട് എനിക്ക് ക്ഷമിച്ചേ മതിയാകുമായിരുന്നുള്ളു. ഈ ഷൂസ് പറന്നത് ന്യായീകരിക്കാൻ ഒരിക്കലും കഴിയില്ല

അന്തമില്ലാത്ത അല്ലെങ്കിൽ അന്തം കമ്മിയായ ഒരു നാവിന് നേരെയല്ല ആ ഷൂസു പറക്കുന്നത് പവിത്രമായ ഒരു ഇരിപ്പിടത്തിനു നേരെയാണ്. ഇരിക്കുന്നവർക്ക് ആ പദവിയുടെ മഹത്വം അറിയണമെന്നത് നമ്മുടെ ആഗ്രഹം മാത്രമാണ്.

നീ നിന്റെ ദൈവത്തോട് പോയി പറ , നിന്റെ ദൈവത്തിന് പറ്റുന്നില്ലെങ്കിൽ വേറെ ദൈവത്തോട് പോയി പറ എന്നത് എത് നിയമമനുസരിച്ചാണ് ഒരു ന്യായാധിപൻ പറയുന്നത് എന്ന് ഏതു വക്കീലിനാണ് പറഞ്ഞു തരാൻ സാധിക്കുക. എന്നാലും ‘കോടതി പരിപാവനമാണ്.’

Content Highlight: Hindu Aikya Vedi leader KP Sasikala reacted to the violence against Chief Justice BR Gavai inside the Supreme Court