2025 ആയി, സ്ത്രീകളെ ഗ്ലാമര്‍ ഒബ്ജക്ടായി കാണിക്കുന്നതില്‍ ഹിന്ദിയും തമിഴും തെലുങ്കും കണക്കാ, വൈറലായി പോസ്റ്റുകള്‍
Indian Cinema
2025 ആയി, സ്ത്രീകളെ ഗ്ലാമര്‍ ഒബ്ജക്ടായി കാണിക്കുന്നതില്‍ ഹിന്ദിയും തമിഴും തെലുങ്കും കണക്കാ, വൈറലായി പോസ്റ്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 6:08 pm

അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് അന്യഭാഷാ ഗാനങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. അജയ് ദേവ്ഗണ്‍ നായകനായ ദേ ദേ പ്യാര്‍ 2, റാം ചരണ്‍ നായകനായ പെദ്ദിയിലെ ചികിരി, വിജയ് നായകനായ ജന നായകനിലെ ദളപതി കച്ചേരി എന്നീ ഗാനങ്ങള്‍ പലരുടെയും പ്ലേലിസ്റ്റില്‍ ഇടംപിടിച്ചു. എന്നാല്‍ ഈ മൂന്ന് ഗാനങ്ങളുടെ വീഡിയോയും വിമര്‍ശനത്തിന് വിധേയമാവുകയാണ്.

മൂന്ന് ഗാനങ്ങളിലും നായികമാരെ ചിത്രീകരിച്ച രീതിയാണ് വിമര്‍ശിക്കപ്പെടുന്നത്. നായികമാരെ വെറും ഗ്ലാമര്‍ പ്രദര്‍ശനത്തിന് വേണ്ടി മാത്രം നായികമാരെ ഉപയോഗിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതില്‍ ഏറ്റവും വിമര്‍ശനം നേരിടുന്നത് പെദ്ദിയാണ്. നായികയായ ജാന്‍വി കപൂറിനെ കാണിക്കുന്ന രംഗങ്ങളെല്ലാം ഗ്ലാമറസായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാന്‍വിക്കെതിരെ വിമര്‍ശനമുയര്‍ന്നു. ദേവര, പരം സുന്ദരി എന്നീ സിനിമകള്‍ക്ക് ശേഷം പെദ്ദിയിലും ഗ്ലാമര്‍ ഷോ മാത്രം കാണിച്ചുകൊണ്ട് പിടിച്ചുനില്‍ക്കുന്നുവെന്നാണ് ജാന്‍വിക്ക് നേരെയുള്ള വിമര്‍ശനം. ആന്ധ്രയിലെ ഗ്രാമത്തില്‍ സ്ത്രീകള്‍ ഇങ്ങനെയല്ല നടക്കാറെന്നും ചിലര്‍ മറുപടിയുമായി രംഗത്തെത്തി.

അജയ് ദേവ്ഗണിന്റെ ‘ടഫായിട്ടുള്ള’ ചുവടുകളുടെ പേരില്‍ ട്രോളന്മാര്‍ ഏറ്റെടുത്ത ‘ജൂം ബരാബര്‍ ഷരാബി’ എന്ന ഗാനരംഗത്തില്‍ രാകുല്‍ പ്രീത് സിങ്ങിനെ അവതരിപ്പിച്ച രീതിയും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. മദ്യം നിറച്ച ഗ്ലാസ് നായികയുടെ മാറിടത്തില്‍ വെച്ചുകൊണ്ട് ഡാന്‍സ് ചെയ്യുന്ന രംഗത്തിനെതിരെ പലരും രംഗത്തെത്തി.

സൂപ്പര്‍മാനിലെ ലിപ്‌ലോക്ക് രംഗം കട്ട് ചെയ്ത സെന്‍സര്‍ ബോര്‍ഡ് ഈ സീന്‍ കണ്ടിട്ടും ഒന്നും ചെയ്തില്ലേയെന്ന ചോദ്യം വൈറലായി മാറി. ഒരു സീന്‍ പോലും കട്ട് ചെയ്യാതെ ‘U’ സര്‍ട്ടിഫിക്കറ്റ് നല്കിയതിനെയും ചോദ്യം ചെയ്യുന്നുണ്ട്. ബോളിവുഡിനെയും ടോളിവുഡിനെയും വിമര്‍ശിക്കുന്നതിനിടയില്‍ നൈസായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തമിഴ് സിനിമയെയും വിമര്‍ശിക്കുന്നുണ്ട്.

വിജയ് നായകനായ ജന നായകനിലെ ആദ്യ ഗാനത്തില്‍ പൂജ ഹെഗ്‌ഡേയെ അവതരിപ്പിച്ച രീതിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഗ്ലാമറസായിട്ടാണ് പൂജയെയും ഈ ഗാനത്തില്‍ കാണിച്ചിട്ടുള്ളത്. ‘ഹിന്ദിയെയും തെലുങ്കിനെയും പോലെ തമിഴും ഗ്ലാമര്‍ ഷോ കൊണ്ട് മാത്രം പിടിച്ചു നില്ക്കുന്നു’ എന്നാണ് പൂജയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കമന്റ്.

2025 ആയിട്ടും സ്ത്രീകളെ ഗ്ലാമര്‍ ഒബ്ജക്ടായി പ്രദര്‍ശിപ്പിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്നാണ് പലരും ചോദിക്കുന്നത്. കണ്ടന്റിന് ക്ഷാമമുള്ളതുകൊണ്ടാണ് ഇത്തരം രീതികള്‍ ഇപ്പോഴും പിന്തുടരുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മലയാളം ഇന്‍ഡസ്ട്രി ഇക്കാര്യത്തില്‍ കുറച്ച് ഭേദമാണെന്നാണ് ചില അന്യഭാഷാ പേജുകള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍.

Content Highlight: Hindi Tamil Telugu industries getting trolls for glamour songs