ഹിന്ദി ശാസ്ത്രത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പൊലീസിന്റെയും ഭാഷയാകണം: അമിത് ഷാ
India
ഹിന്ദി ശാസ്ത്രത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പൊലീസിന്റെയും ഭാഷയാകണം: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 2:25 pm

 

ന്യൂദല്‍ഹി: ഹിന്ദി ശാസ്ത്രത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പൊലീസിന്റെയും ഭാഷയാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഹിന്ദിയും മറ്റ് ഇന്ത്യന്‍ ഭാഷകളും തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന അഞ്ചാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഹിന്ദി ശാസ്ത്രത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പൊലീസിന്റെയും ഭാഷയാകുമ്പോള്‍ ജനങ്ങളുമായുള്ള ബന്ധം യാന്ത്രികമായി സ്ഥാപിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.

‘ദയാനന്ദ് സരസ്വതി, മഹാത്മാഗാന്ധി, കെ.എം. മുന്‍ഷി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഹിന്ദിയെ പ്രോത്സാഹിപ്പിച്ചവരാണ്. ഗുജറാത്തില്‍ ഹിന്ദിയും ഗുജറാത്തിയും ഒരുമിച്ചാണ് വളർന്നത്. രണ്ട് ഭാഷകളുടെയും വികാസത്തിന് മികച്ച ഉദാഹരണമാണ് ഗുജറാത്ത്,’ അമിത് ഷാ പറഞ്ഞു.

മഹാത്മാഗാന്ധി ഒരു ഗുജറാത്തിയായിരുന്നു. എന്നാല്‍ രാജ്യത്തെ ഒരേ നൂലില്‍ ബന്ധിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന് അദ്ദേഹം പറയാറുണ്ടെന്നും ഷാ പറഞ്ഞു.

ഗുജറാത്ത് വിദ്യാഭ്യാസത്തില്‍ ഹിന്ദിക്ക് ഒരു സ്ഥാനമുണ്ട്. കുട്ടികള്‍ ഹിന്ദി പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നതായും ഷാ ചൂണ്ടിക്കാട്ടി. കുട്ടികളോട് മാതാപിതാക്കള്‍ മാതൃഭാഷയില്‍ സംസാരിക്കണമെന്ന് പറഞ്ഞ ഷാ, ഇന്ത്യക്കാര്‍ അവരുടെ ഭാഷകള്‍ സംരക്ഷിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃതം നമുക്ക് അറിവിന്റെ ഗംഗയാണ്. ഹിന്ദി ഈ അറിവ് എല്ലാ വീടുകളിലേക്കും എത്തിച്ചു. പ്രാദേശിക ഭാഷയിലൂടെ ഈ അറിവ് ഓരോ വ്യക്തികളിലേക്കും എത്തിയതായും അമിത് ഷാ പറഞ്ഞു.

വിവിധ തരം സാങ്കേതികവിദ്യകളിലൂടെ പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്‌നിക്കുന്നുണ്ട്. ഹിന്ദിയും മറ്റ് ഭാഷകളും പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഭാരതീയ ഭാഷാ അനുഭാഗ് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Hindi should be the language of science, judiciary and police: Amit Shah