'പാനി പൂരി' വില്‍ക്കുന്നവരുടെ ഭാഷയാണ് ഹിന്ദി: തമിഴ്നാട് മന്ത്രി കെ. പൊന്‍മുടി
national news
'പാനി പൂരി' വില്‍ക്കുന്നവരുടെ ഭാഷയാണ് ഹിന്ദി: തമിഴ്നാട് മന്ത്രി കെ. പൊന്‍മുടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 6:07 pm

ചെന്നൈ: ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷയാണ് ഹിന്ദിയെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി.

‘ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങള്‍ക്ക് ജോലി കിട്ടുന്നുണ്ടോ? പോയി നോക്കൂ നമ്മുടെ കോയമ്പത്തൂരില്‍, അവര്‍ പാനി പൂരി വില്‍ക്കുന്നു. അവര്‍ പാനി പൂരി ഷോപ്പുകള്‍ നടത്തുന്നു,’ പൊന്‍മുടി ഒരു യൂണിവേഴ്‌സിറ്റി കോണ്‍വൊക്കേഷനില്‍ പറഞ്ഞു.

‘ഇപ്പോള്‍, ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. തമിഴ്‌നാട്ടില്‍ നമുക്ക് നമ്മുടെ സ്വന്തം സംവിധാനം വേണം. തമിഴ്‌നാട്ടില്‍ നമ്മള്‍ നമ്മുടെ സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരണം,” അദ്ദേഹം പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡി.എം.കെയുടെ നിലപാട് മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ നയമായി ദ്വിഭാഷാ ഫോര്‍മുല തുടരുമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

ഭാഷാ പ്രശ്നത്തില്‍ തമിഴ്നാടിന്റെ വികാരം ഉയര്‍ത്തിക്കാട്ടാനാണ് താന്‍ ഈ വേദി ഉപയോഗിച്ചതെന്നും ഗവര്‍ണര്‍ അത് കേന്ദ്രത്തെ അറിയിക്കുമെന്നും പൊന്‍മുടി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് ഭാഷയും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകള്‍ക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബോളിവുഡ് താരം അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ ഹിന്ദി വാദം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് പൊന്‍മുടിയുടെ പ്രതികരണം.

 

Content Highlights: Hindi Is For Pani Puri Sellers, Says Tamil Nadu Minister