ഒക്ടോബര്‍ 2ാം തിയതി ദൃശ്യം 3 എത്തും; മലയാളത്തിലല്ല; അങ്ങ് ഹിന്ദിയില്‍
Indian Cinema
ഒക്ടോബര്‍ 2ാം തിയതി ദൃശ്യം 3 എത്തും; മലയാളത്തിലല്ല; അങ്ങ് ഹിന്ദിയില്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 22nd December 2025, 4:40 pm

 

ഇന്ത്യന്‍ സിനിമാരംഗത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ജീത്തു ജോസഫ് സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ നായകനായി അഭിനയിച്ചത് ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ ആയിരുന്നു.

മലയാളത്തിലെ ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും റീമേക്ക് ചെയ്ത ഹിന്ദി പതിപ്പുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉത്തരേന്ത്യയില്‍ ലഭിച്ചത്. ഇപ്പോഴിതാ സിനിമാ ആസ്വാദകര്‍ക്ക് ആവേശമായിക്കൊണ്ട് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍. അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടാം തീയതി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ വീഡിയോ പങ്കുവെച്ച് സ്റ്റാര്‍ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്.

ദൃശ്യം 2. Photo: T series

 

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായും ഒന്നിലധികം സിറ്റികളിലായി വ്യത്യസ്ത ലൊക്കേഷനുകളില്‍ സമയബന്ധിതമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിലെ ആദ്യ ഭാഗത്തിലുള്ളവരായ തബു, ശ്രിയ ശരണ്‍, രജത് കപൂര്‍ തുടങ്ങിയവരും മൂന്നാം ഭാഗത്തില്‍ വേഷമിടുന്നുണ്ട്.

അതേ സമയം ഒറിജിനല്‍ വേര്‍ഷനായ ജീത്തു ജോസഫിന്റെ ദൃശ്യം 3 യുടെ ഷൂട്ടിങ്ങ് ഈ മാസമാദ്യം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രം പാക്ക് അപ്പ് എന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ മുഖത്തുണ്ടായ റിയാക്ഷന്‍ വീഡിയോ അടക്കം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടായിരുന്നു ആശിര്‍വാദ് സിനിമാസ് വിവരം പുറംലോകത്തെ അറിയിച്ചത്.

അതേസമയം ചിത്രത്തിന്റെ എല്ലാ വിധ റൈറ്റ്‌സുകളും അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഇതേതുടര്‍ന്ന് നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന് സോഷ്യല്‍ മീഡിയ വഴി നേരിടേണ്ടി വന്നത്. ചിത്രം ഇനി എന്ന് പുറത്തിറങ്ങണമെന്ന് പനോരമ സ്റ്റുഡിയോസ് തീരുമാനിക്കുമെന്നും പണത്തിനായി ചിത്രത്തെ വില്‍ക്കേണ്ടിയിരുന്നില്ലെന്നുമാണ് കമന്റുകള്‍.

എന്നാല്‍ ഏകദേശം 350 കോടി രൂപക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റ് പോയതെന്നും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് മാത്രമേ ചിത്രത്തിന്റെ റിലീസിന് മുമ്പ് ഇത്രയും കളക്ഷന്‍ നേടാന്‍ സാധിക്കുള്ളൂവെന്നും പറഞ്ഞ് നിര്‍മാതാവ് രഞ്ജിത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പനോരമ സ്റ്റുഡിയോസും ആശിര്‍വാദ് സിനിമാസും ഈ കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ദൃശ്യം 2. Photo: amazon prime video

മലയാളം ദൃശ്യം 3 യുടെ ചിത്രീകരണത്തിനു ശേഷം മാത്രമേ ഹിന്ദി വേര്‍ഷന്‍ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ പാടുള്ളുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചോട് കൂടി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

Content Highlight: hindi film drishyam 3 release date out

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.