യുദ്ധക്കുറ്റങ്ങളും വംശഹത്യയും: ബെന്‍ ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് യു.എസിനോട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍
World
യുദ്ധക്കുറ്റങ്ങളും വംശഹത്യയും: ബെന്‍ ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് യു.എസിനോട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍
സിജൊ
Sunday, 28th June 2026, 3:14 pm

ബ്രസല്‍സ്: ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിനെതിരെ യുദ്ധക്കുറ്റകൃത്യങ്ങളിലും, വംശഹത്യ, വംശഹത്യാ പ്രേരണ എന്നീ കുറ്റകൃത്യങ്ങളിലും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.എഫ്) പരാതി നല്‍കി. ജൂലൈ ഏഴ്, എട്ട് തീയതികളിലായി ബെന്‍ ഗ്വിര്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് എച്ച്.ആര്‍.എഫിന്റെ പരാതി.

2022ല്‍ ദേശീയ സുരക്ഷാ മന്ത്രിയായി ചുമതലയേറ്റത് മുതല്‍ ബെന്‍ ഗ്വിര്‍ തന്റെ പദവി ഉപയോഗിച്ച് വ്യവസ്ഥാപിതമായ പീഡനങ്ങളും കൊലപാതകങ്ങളും നടത്താനുള്ള നയം നടപ്പിലാക്കിയെന്ന് എച്ച്.ആര്‍.എഫിന്റെ പരാതിയില്‍ പറയുന്നു. ഫലസ്തീന്‍ ജനതയെ അവരുടെ നാടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നവയാണ് ബെന്‍ഗ്വിര്‍ നടപ്പാക്കിയ നയങ്ങളെന്നും പരാതിയില്‍ പറയുന്നു.

ദേശീയ സുരക്ഷാ മന്ത്രിക്ക് കീഴിലാണ് ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസ് (ഐ.പി.എസ്), പൊലീസ്, ആയുധങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്ന വകുപ്പ് എന്നിവ. ഐ.പി.എസ് തടവിലിട്ടിരിക്കുന്ന ഫലസ്തീന്‍കാരുടെ അവസ്ഥ കൂടുതല്‍ മോശമാക്കാന്‍ ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ബെന്‍ ഗ്വിര്‍ അധികാരമേറ്റ കാലം മുതല്‍ ഐ.പി.എസ് നടപ്പാക്കുന്നതെന്ന് എച്ച്.ആര്‍.എഫിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഞാന്‍ ദേശീയ സുരക്ഷാ മന്ത്രിയായി ചുമതലയേറ്റത് മുതല്‍ എന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ജയിലുകളില്‍ കഴിയുന്ന ഭീകരവാദികളുടെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയും അവരുടെ അവകാശങ്ങള്‍ നിയമപരമായി അനുവദിക്കാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ നിലയിലെത്തിക്കുകയും ചെയ്യുക എന്നതാണ്,’ എന്ന 2024 ജൂലൈ രണ്ടിന് ബെന്‍ഗ്വിര്‍ നടത്തിയ ഒരു പ്രസ്താവനയും പരാതിയില്‍ പരാമര്‍ശിക്കുന്നു.

ബെന്‍ഗ്വിര്‍ പറഞ്ഞ ഈ ലക്ഷ്യം പിന്നീട് ദേശീയ സുരക്ഷാ വകുപ്പിന്റെ ഒരു നയമായി മാറിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തടവില്‍ കഴിയുന്നവരെ പീഡിപ്പിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ഈ നയത്തിന്റെ ഭാഗമായാണ് വന്നത്. ജയിലില്‍ ഭക്ഷണം നല്‍കുന്നതിനെ ബെന്‍ ഗ്വിര്‍ ആഡംബരമായാണ് കാണുന്നത്. ജയിലില്‍ കാന്റീന്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുന്നത് തടവുകാര്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് ആണെന്നും ബെന്‍ഗ്വിര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇസ്രഈല്‍ തടവിലിട്ട ഫലസ്തീന്‍കാര്‍ പട്ടിണി അനുഭവിക്കുകയും മര്‍ദനങ്ങളും ലൈംഗിക പീഡനങ്ങളും നേരിടുകയും ചെയ്യുന്നതായി എച്ച്.ആര്‍.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാര്‍ക്ക് വൈദ്യ സഹായം നിഷേധിക്കുന്ന സമീപനമാണ് ജയിലധികൃതരില്‍ നിന്നുണ്ടാവുന്നത്. 2023 ഓക്ടോബറിനും 2025 ഓഗസ്റ്റിനും ഇടയില്‍ ചുരുങ്ങിയത് 46 ഫലസ്തീന്‍ തടവുകാരെങ്കിലും ഇസ്രഈല്‍ കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ബെന്‍ ഗ്വിര്‍ നേരിട്ടെത്തി തടവില്‍ കഴിയുന്നവരെ പീഡിപ്പിക്കുന്നതിലും പങ്കാളിയായി. ഇക്കാര്യങ്ങളുടെ ദൃശ്യങ്ങള്‍ അയാള്‍ ചിത്രീകരിക്കുകയും ചെയ്തു. 2025-2026 വര്‍ഷങ്ങളില്‍ ഫ്‌ളോട്ടില്ല ബോട്ടുകളില്‍ ഗസയിലേക്ക് പോയ യു.എസ് സ്വദേശികള്‍ അടക്കമുള്ളവരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു. ഫ്‌ളോട്ടില്ലയില്‍ നിന്ന തടവലിടുത്തവരെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കുമ്പോഴും ബെന്‍ഗ്വിര്‍ അതില്‍ പങ്കാളിയായയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബെല്‍ജിയം ആസ്ഥാനമായി ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്‍. 2024ല്‍ ഫലസ്തീന്‍ അനുകൂല മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സംഘടന ആരംഭിച്ചത്. 2024 ജനുവരി 29ന് കൊല്ലപ്പെട്ട ആറ് വയസ്സുകാരിയായ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ പേരാണ് സംഘടനയ്ക്ക് നല്‍കിയത്.

വിവിധ രാജ്യങ്ങളിലെത്തിയ ഇസ്രഈലി സൈനികര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എച്ച്.ആര്‍.എഫ് ആവശ്യപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ യു.എസ് അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചത്.

Content Highlight: Hind Rajab Foundation requests US Justice Department to prosecute Ben-Gvir