ദിസ്പൂര്‍: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗംഗോയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഐ.എസ്.ഐയുടെ ക്ഷണം സ്വീകരിച്ച് ഗൗരവ് ഗംഗോയ് പാകിസ്ഥാനിലെത്തി പരിശീലനം നേടിയിട്ടുണ്ടെന്ന് ഹിമന്ത ശര്‍മ. പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗൗരവ് ഗംഗോയ് പാകിസ്ഥാനിലേക്ക് പോയതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും പാകിസ്ഥാന്‍ ആഭ്യന്തര വകുപ്പില്‍ നിന്നുള്ള കത്ത് ലഭിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് പരിശീലനത്തിനായി പോയതെന്നുമാണ് ഹിമന്തയുടെ ആരോപണം. ഗൗരവിന്റെ നീക്കം ഗൗരവതരമാണെന്നും കോണ്‍ഗ്രസ് എം.പിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഗൗരവ് ഗംഗോയ് പറഞ്ഞു.
അധികൃതരെ അറിയിക്കാതെ ഗംഗോയ് 15 ദിവസം പാകിസ്ഥാനില്‍ താമസിച്ചു, ഇന്ത്യയില്‍ പ്രവര്‍ത്തിക്കെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള എന്‍.ജി.ഒയില്‍ നിന്ന് ശമ്പളം വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങളും ഹിമന്ത ഉന്നയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 10നകം ഗൗരവ് ഗംഗോയ്ക്കെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഭീകരതക്കെതിരായ ഇന്ത്യയുടെ വിശദാംശങ്ങള്‍ ലോകരാജ്യങ്ങളെ അറിയിക്കുന്നതിനുള്ള പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തവരുടെ പട്ടികയില്‍ നിന്ന് ഗംഗോയ്‌യുടെ പേര് ഒഴിവാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് ഗൗരവിന്റെ പേര് പിന്‍വലിക്കണമെന്നാണ് ഹിമന്ത ആവശ്യപ്പെട്ടത്.
ഇതിനുപിന്നാലെയാണ് ഗൗരവ് ഗംഗോയ് പാകിസ്ഥാനില്‍ നിന്ന് ഐ.എസ്.ഐ പരിശീലനം നേടിയെന്ന് ഹിമന്ത ആരോപിക്കുന്നത്. ഇതിനുമുമ്പും ഗൗരവ് ഗംഗോയ്ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഹിമന്തയും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.
ബ്രിട്ടന്‍ പൗരയും ഗൗരവ് ഗംഗോയ്‌യുടെ പങ്കാളിയുമായ എലിസബത്ത് കോള്‍ബേണിന് പാകിസ്ഥാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം. സമാനമായ ആരോപണം ഹിമന്തയും ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഹിമന്തയുടെ ആരോപണങ്ങള്‍ തള്ളി ഗൗരവ് ഗംഗോയ് രംഗത്തെത്തി. മുഖ്യമന്ത്രി പിന്തുടരുന്ന തിരക്കഥ ഒരു ബി ഗ്രേഡ് സിനിമയേക്കാള്‍ മോശമാണെന്നും ഒരു നുണ മറച്ചുവെക്കാന്‍ ഒരാള്‍ക്ക് എണ്ണമറ്റ നുണകള്‍ പറയേണ്ടിവരുമെന്നാണ് പറയുകയെന്നും മുഖ്യമന്ത്രി ചെയ്യുന്നത് അതാണെന്നും ഗൗരവ് ഗംഗോയ് പറഞ്ഞു.
‘മുഖ്യമന്ത്രി ഒരു വസ്തുതയും പുറത്തുവിടുന്നില്ല. ഒരു ഐ.ടി സെല്‍ ട്രോളനെ പോലെ പെരുമാറുന്നു. ഒരു മുഖ്യമന്ത്രിയും ട്രോളനാകരുത്. തന്റെ ഏറ്റവും പുതിയ ആരോപണത്തെ പിന്തുണയ്ക്കുന്ന എന്തെങ്കിലും വസ്തുതകള്‍ ഉണ്ടെങ്കില്‍ ഹിമന്ത ബിശ്വ ശര്‍മ അവ പൊതുസമൂഹത്തില്‍ പ്രസിദ്ധീകരിക്കണം,’ കോണ്‍ഗ്രസ് എം.പി എക്സില്‍ കുറിച്ചു.
The script that the Chief Minister is following is worse than a B grade film.
It is said to cover up one lie a person has to say countless lies. That is exactly what the Chief Minister is doing.
He is not giving out any facts and simply behaving like a IT cell troll.
കഴിഞ്ഞ 13 വര്‍ഷമായി തനിക്കെതിരെ പല ആരോപണങ്ങളും മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം പറഞ്ഞതെല്ലാം 99 ശതമാനവും അസംബന്ധമാണെന്നും ഗൗരവ് ഗംഗോയ് പറഞ്ഞു. സെപ്റ്റംബറില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായ എന്തെങ്കിലും വസ്തുതകള്‍ പുറത്തുവിടാന്‍ കഴിയുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlight: Himanta Biswa says Gaurav Gangoi went to Pakistan and received ISI training