ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശിന്റെ പാരിസ്ഥിതിക പ്രതിസന്ധി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി.
ഈ രീതിയില്‍ മുന്നോട്ട് പോയാല്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
ഷിംലയിലെ ശ്രീ താരാ മാതാ ഹില്‍ ഒരു ‘ഗ്രീന്‍ ഏരിയ’ ആയി പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് പ്രിസ്റ്റിന്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഹരജി തള്ളിയ കോടതി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ചു. ഹിമാചലിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളുമാണ് ഹിമാചലില്‍ ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം.
ഈ വര്‍ഷം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേര്‍ കൊല്ലപ്പെടുകയും വലിയ തോതില്‍ സ്വത്തുക്കള്‍ നശിക്കുകയും ചെയ്ത ദുരന്തങ്ങളെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
നാലുവരിപ്പാതകള്‍ക്കും തുരങ്കങ്ങള്‍ക്കുമായി ശാസ്ത്രീയമല്ലാത്ത രീതിയില്‍ കുന്നുകള്‍ ഇടിച്ചത് മലഞ്ചെരിവുകള്‍ ദുര്‍ബലമാക്കി, കുറഞ്ഞ ജലപ്രവാഹം പോലും നിലനിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ ജലജീവികളെ ഇല്ലാതാക്കി, അതിശക്തമായ ഹിമാലയന്‍ നദിയായ സത്ലജ് ഒരു ചെറിയ അരുവിയായി ചുരുങ്ങി, തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ പാറകള്‍ പൊട്ടിക്കുന്നത് മലഞ്ചെരിവുകളെ അസ്ഥിരപ്പെടുത്തുന്നു എന്നിവയാണ് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍.
പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ഇല്ലാതാക്കി വരുമാനം ഉണ്ടാക്കരുതെന്നും പ്രകൃതി സംരക്ഷണം ഒരു ഓപ്ഷനല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.