ന്യൂ ദല്‍ഹി: ഇന്ത്യയെ തള്ളി പറയാതെ മറ്റൊരു രാജ്യത്തെ പ്രശംസിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ എ.ഐ ചിത്രം ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന അടിക്കുറിപ്പോടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച സുലൈമാന്‍ എന്ന വ്യക്തിക്ക് ജാമ്യം നല്‍കിയാണ് ജസ്റ്റിസ് രാകേഷ് കൈന്തലയുടെ നിരീക്ഷണം.
ഇന്ത്യയില്‍ നിയമംമൂലം സ്ഥാപിതമായ സര്‍ക്കാറിനെതിരെ വെറുപ്പോ അതൃപ്തിയോ ഉണ്ടാക്കിയതായി ഒരു ആരോപണവും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രഥമ ദൃഷ്ടിയ ഹരജിക്കാരനെതിരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
‘മാതൃരാജ്യത്തെ നിന്ദിക്കാതെ മറ്റൊരു രാജ്യത്തെ വാഴ്ത്തുന്നത് രാജ്യദ്രോഹമല്ല. സായുധ കലാപങ്ങളോ അട്ടിമറി പ്രവര്‍ത്തനങ്ങളോ വിഘടന വാദപ്രവര്‍ത്തനങ്ങളോ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ പ്രഥമ ദൃഷ്ടിയ ഹരജിക്കാരനെതിരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകളില്ല,’ വിധിയില്‍ പറയുന്നു.
ഈ വര്‍ഷം മെയ് മാസത്തിലാണ് ജില്ലയിലെ പോണ്ട സാഹിബ് പൊലീസ് സാമൂഹ്യമാധ്യമ പോസ്റ്റ് ദേശവിരുദ്ധമാണെന്ന് ആരോപിച്ച് ബി.എന്‍.എസ് 152 പ്രകാരം സുലൈമാനെതിരെ കേസെടുത്തത്.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളെ ബി.എന്‍.എസിലെ സെക്ഷന്‍ 152 പ്രകാരമാണ് കുറ്റം ചുമത്തുന്നത്. എന്നാല്‍ കേസില്‍ സുലൈമാനെ തെറ്റായി ഉള്‍പ്പെടുത്തിയെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുന്നതില്‍ ഫലപ്രദമായ ഒരു ലക്ഷ്യവുമില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നിരുന്നാലും പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് എഴുതിയത് ദേശവിരുദ്ധമാണെന്ന് സ്‌റ്റേറ്റ് കൗണ്‍സില്‍ വാദിച്ചു.
Content Highlight: Himachal Pradesh High Court says praising another country without rejecting India is not sedition