സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കണം; മുനിസിപ്പല്‍ കോർപ്പറേഷന്റെ ഹരജിയില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി
India
സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കണം; മുനിസിപ്പല്‍ കോർപ്പറേഷന്റെ ഹരജിയില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2025, 8:53 am

ഷിംല: ഷിംലയിലെ സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ഹിമാചല്‍പ്രദേശ് ഹൈക്കോടതി. താഴത്തെ രണ്ട് നിലകള്‍ തല്‍സ്ഥിതി തന്നെ തുടരട്ടെയെന്നും അവ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

മുകളിലത്തെ നിലകള്‍ പൊളിക്കാനുള്ള മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവ് മാര്‍ച്ച് ഒമ്പതിന് മുമ്പ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അജയ് മോഹന്‍ ഗോയലിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ, മുനിസിപ്പല്‍ കമ്മീഷണര്‍ പള്ളിയുടെ മുകളിലെ മൂന്ന് നിലകള്‍ പൊളിക്കണമെന്ന് ഉത്തരവിട്ടിരുന്നു. പിന്നീട് പള്ളി കെട്ടിടം മുഴവനായും പൊളിച്ച് നീക്കമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായാണ് പള്ളി പണിതതെന്ന് ആരോപിച്ചായിരുന്നു ഈ ഉത്തരവ്.

ഇത് ചോദ്യം ചെയ്ത് ഹിമാചല്‍ പ്രദേശ് വഖ്ഫ് ബോര്‍ഡും പള്ളി കമ്മറ്റിയും ജില്ലാ കോടതിയെ സമീപിച്ചു. കോടതി പള്ളി മുഴുവനായും പൊളിച്ച് നീക്കണമെന്ന മുനിസിപ്പല്‍ കമീഷണറുടെ ഉത്തരവ് ശരിവെച്ചു. ഈ വിധിയും മുന്‍സിപ്പല്‍ കമ്മീഷണറുടെ ഉത്തരവും ചോദ്യം ചെയ്താണ് വഖ്ഫ് ബോര്‍ഡും പള്ളി കമ്മറ്റിയും ഹൈക്കോടതിയെ സമീപിച്ചത്.

മുന്‍സിപ്പല്‍ കമ്മീഷണറുടെ ഉത്തരവ് ചോദ്യംചെയ്ത് വഖ്ഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതിയുടെ നടപടി. പള്ളിയുടെ അഞ്ച് നിലകളിലെ രണ്ട് നിലകള്‍ പള്ളി അധികൃതര്‍ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു.

അതേസമയം, ജില്ലാ കോടതിയുടെ ഉത്തരവില്‍ ഉള്ള ഹരജിയിലുള്ള വാദം കോടതി 2026 മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി.

നേരത്തെ, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ തീവ്രഹിന്ദുത്വവാദികള്‍ പള്ളിയുടെ ഉടമസ്ഥാവകാശത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. പിന്നീട് പള്ളി പൊളിച്ച് നീക്കമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും നടത്തി. ഇതിനെ തുടര്‍ന്നായിരുന്നു മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവ്.

Content Highlight: Himachal Pradesh High Court orders demolition of the top three floors of Sanjauli Mosque; appeal filed by the mosque committee