ഷിംല: കഞ്ചാവ് കൃഷി സംബന്ധിച്ച പഠനത്തിന് ഹിമാചല്‍ പ്രദേശ് കാബിനറ്റിന്റെ അംഗീകാരം. വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയന്ത്രിതമായി കൃഷി ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ജനുവരി 24നാണ് പഠനം നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്.
ആറ് മാസത്തിനകം കഞ്ചാവ് കൃഷി നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തും. കൃഷി ചെയ്യാന്‍ യോഗ്യമായ കഞ്ചാവ് ഇനങ്ങള്‍ കണ്ടെത്താന്‍ നേരത്തെ തന്നെ സര്‍വകലാശാലകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാലംപൂരിലെ ചൗധരി സര്‍വാന്‍ കുമാര്‍ കൃഷി വിശ്വവിദ്യാലയ, ഡോ. വൈ.എസ്. പര്‍മര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവരുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പഠനം നടത്തുക. പഠനത്തിന്റെ മറ്റ് ചുമതലകള്‍ വഹിക്കുന്നത് സംസ്ഥാന കൃഷി വകുപ്പ് ആയിരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ഹിമാചല്‍ പ്രദേശത്തിലെ പൊതുജനങ്ങളെ കഞ്ചാവ് കൃഷി നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും കര്‍ശന നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ സെക്ഷന്‍ 10, 14, 1989ലെ ഹിമാചല്‍ പ്രദേശ് എന്‍.ഡി.പി.എസ് റൂള്‍സ് റൂള്‍ 29 എന്നിവയ്ക്ക് അനുസൃതമായിരിക്കുമെന്ന് കൃഷി മന്ത്രി ചന്ദര്‍കുമാര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ സര്‍വകലാശാലകളില്‍ വിത്ത് ഉത്പാദിപ്പിക്കുമെന്നും പിന്നീട് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഔഷധ ആവശ്യങ്ങള്‍ക്കായി ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്.
Content Highlight: Himachal Pradesh Cabinet gives permission for cannabis cultivation study