ഡോ. ഷഹലയടക്കം 30 പേരുടെ നിയമനം തടഞ്ഞ് ഹൈക്കോടതി
Kerala News
ഡോ. ഷഹലയടക്കം 30 പേരുടെ നിയമനം തടഞ്ഞ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 1:28 pm

തിരുവനന്തപുരം: ഡോ. ഷഹലയടക്കം 30 പേരുടെ നിയമനം തടഞ്ഞ് ഹൈക്കോടതി. സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയാണ് ഷഹല.  ഇവരുള്‍പ്പെടെ 30 പേരെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് ഡയറക്ടറര്‍ തസ്തികയില്‍ നിയമിക്കാനായിരുന്നു നീക്കം. മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

തസ്തികയിലെ സ്ഥിരം നിയമനം മെയ് ഏഴ് വരെ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ നേരത്തേ ഡോ. ഷഹല രംഗത്തു വന്നിരുന്നു. തനിക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും പിന്മാറില്ലെന്നും ഡോ. ഷഹല പറഞ്ഞിരുന്നു.

യു.ജി.സി എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് ഇന്റര്‍വ്യൂവും നടന്നിരുന്നു.

‘എനിക്ക് യോഗ്യത ഉണ്ടെങ്കില്‍ എനിക്ക് പോകാം. യൂണിവേഴ്സിറ്റിയാണ് ഇന്റര്‍വ്യൂ എപ്പോഴാണ് നടത്തേണ്ടത്, ആരെ അതില്‍ തെരഞ്ഞെടുക്കണം എന്നീ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അത് എനിക്ക് വേണ്ടിയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്? എനിക്ക് ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ട് പോരാടുകയായിരുന്നു. അങ്ങനെയാണ് എനിക്ക് എല്ലാം കിട്ടുന്നത്. മാത്രമല്ല, എനിക്ക് ആരുടെയും ശുപാര്‍ശയും വേണ്ട. അങ്ങനെ ആയിരുന്നെങ്കില്‍ എനിക്ക് നേരത്തെ കയറാമായിരുന്നു,’ ഷഹല മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്.

ഇന്റര്‍വ്യൂ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സേവ് യൂണിവേഴ്സിറ്റി ഫോറവും രംഗത്തെത്തിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Highcourt stay for shamseers wifes job