കൊച്ചി: വഞ്ചനാക്കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനെതിരെയുമുള്ള കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിലെ തുടര്‍നടപടികളും കോടതി സ്റ്റേ ചെയ്തു. വൈക്കം മജിസ്ട്രേറ്റ് കോടതികളിലെ നടപടികള്‍ക്കാണ് സ്റ്റേ. നിര്‍മാതാവായ ഷംനാസിന്റെ പരാതിയില്‍ മേലായിരുന്നു ഇരുവര്‍ക്കെതിരെയും കേസ് എടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
മഹാവീര്യര്‍ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്ന് പണം നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ പരാതി. ചിത്രത്തിന്റെ സഹനിര്‍മാതാവാണ് പരാതിക്കാരനായ ഷംനാസ്.
മഹാവീര്യര്‍ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ ഷംനാസിന് 95 ലക്ഷം രൂപ നല്‍കാമെന്ന് ഇരുവരും പറഞ്ഞുവെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 1 കോടി 90 ലക്ഷം രൂപ ഷംനാസില്‍ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിനിമയാണെന്ന് മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേര്‍സ് ബാനറില്‍ ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം നേടിയെന്നുമായിരുന്നു പരാതിക്കാരന്റെ അവകാശവാദം.
2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയുടെ അവകാശം ഷംനാസിനും ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേര്‍സ് അഞ്ച് കോടിയുടെ ഓവര്‍സീസ് അവകാശം സ്വന്തമാക്കുകയും ഇതില്‍ രണ്ട് കോടി മുന്‍കൂറായി കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം നിര്‍മാതാവ് ഷംനാസിനെതിരെ നിവിന്‍ പോളിയും പരാതി നല്‍കിയിരുന്നു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്നായിരുന്നു നിവിന്‍ പോളിയുടെ പരാതി. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്തെന്ന് തെളിഞ്ഞതോടെയാണ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.