വര്‍ഗീയ പരാമര്‍ശം നടത്തിയ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
വര്‍ഗീയ പരാമര്‍ശം നടത്തിയ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 5:51 pm

വര്‍ഗീയ പരാമര്‍ശം നടത്തിയ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഒക്ടോബര്‍ 15 വരെ ശാന്താനന്ദ മഹര്‍ഷിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു ശാന്താനന്ദയുടെ വര്‍ഗീയ പരാമര്‍ശം.

ശബരിമലയിലെ വാവര്‍ ആക്രമണകാരിയാണെന്നും തീവ്രവാദിയാണെന്നുമുള്ള ശാന്താനന്ദയുടെ പ്രസംഗത്തിനെതിരെയാണ് പന്തളം പൊലീസ് നേരത്തെ കേസ് എടുത്തത്. പ്രസംഗത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതോടെയാണ് ശാന്താനന്ദക്കെതിരെ നടപടി എടുത്തത്. സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു, മത വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി പരാതികളിലാണ് പന്തളം പൊലീസ് മഹര്‍ഷിയെ അറസ്റ്റ് ചെയ്തത്.

‘വാവര്‍ അയ്യപ്പനെ തോല്‍പ്പിക്കാനെത്തിയതായിരുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന വാവര്‍ ചരിത്രം തെറ്റാണ്, വവാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലുമില്ല. വാവര്‍ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്,’ ശാന്താനന്ദ വിദ്വേഷ പ്രസംഗത്തില്‍ പറഞ്ഞു.

പന്തളം കൊട്ടാരത്തിലെ അംഗങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ശബരിമല മുന്‍നിര്‍ത്തി കലാപമുണ്ടാക്കാനാണോ ശ്രമങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് ചോദിച്ചിരുന്നു. ശബരിമല സംരക്ഷണ സംഗമത്തിന്റെ ലക്ഷ്യം വര്‍ഗീയ കലാപമാണെന്ന് പന്തളം കൊട്ടാരം കുടുംബാംഗം അശ്വതിനാള്‍ രവിവര്‍മ പ്രദീപ് വര്‍മ വിമര്‍ശിച്ചിരുന്നു.

Content Highlight: High Court stays arrest of Santananda Maharishi for communal remarks