മുന്‍ നിലപാടിന് മാറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക ശിക്ഷ നല്‍കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
Kerala News
മുന്‍ നിലപാടിന് മാറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക ശിക്ഷ നല്‍കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 8:00 am

കൊച്ചി: വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ അടിച്ച് നന്നാക്കാനാകുമെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ചെറിയ ശിക്ഷകളെ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാര്‍ത്ഥികളെ ചൂരല്‍കൊണ്ട് തല്ലിയ രണ്ട് അധ്യാപകര്‍ക്കെതിരായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബാലനീതി നിയമം, വിദ്യാഭ്യാസ അവകാശനിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ കണ്‍വെന്‍ഷന്‍, നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരം ചൂരല്‍പ്രയോഗം കുറ്റമാണെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍, ബാലനീതി നിയമത്തിലെ ഈ വകുപ്പ് സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളെ ചൂരല്‍കൊണ്ട് തല്ലിയതിന് രണ്ട് അധ്യാപകര്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ നോര്‍ത്ത് പറവൂരില്‍ നാലാം ക്ലാസുകാരിയെ പി.വി.സി പൈപ്പുകൊണ്ട് തല്ലിയ താത്കാലിക നൃത്താധ്യാപകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കേസില്‍ മാരകായുധം കൊണ്ട് വിദ്യാര്‍ഥിയെ തല്ലിയെന്നതടക്കമുള്ള വകുപ്പുകള്‍ റദ്ദാക്കിയ കോടതി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച മറ്റൊരു വിധിക്ക് നേര്‍ വിപരീതമായ ഒരു ഉത്തരവാണ് നിലവിലേത്. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കമുറപ്പാക്കാന്‍ അധ്യാപകര്‍ കൈയില്‍ ചെറുചൂരല്‍ കരുതണമെന്നും അധ്യാപകര്‍ അടിച്ചെന്ന് പരാതി കിട്ടിയാല്‍ പൊലീസ് വെറുതേ കേസെടുക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുമ്പ് നിഷ്‌കര്‍ഷിച്ചിരുന്നു.

ചൂരല്‍ പ്രയോഗിക്കാതെ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പറഞ്ഞ ഹൈക്കോടതി അധ്യാപകര്‍ക്കെതിരായ കേസുകള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും നിരീക്ഷിച്ചിരുന്നു.

Content Highlight: High Court says teachers have no right to corporal punishment of students