'ഫ്രഷ് ആന്റ് പ്യുവര്‍' പാക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മില്‍മയോട് വീണ്ടും ഹൈക്കോടതി
Kerala
'ഫ്രഷ് ആന്റ് പ്യുവര്‍' പാക്കറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മില്‍മയോട് വീണ്ടും ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Monday, 15th July 2013, 2:22 pm

[]കൊച്ചി: ##മില്‍മ പാക്കറ്റില്‍ നിന്ന് ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതിയത് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പൊടി കലക്കിയ പാലാണ് നല്‍കുന്നതെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തണമെന്നും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

പൊടി കലക്കിയ പാല്‍ പരിശുദ്ധമാണെന്ന് പറയുന്നത് തെറ്റാണ്.പാലില്‍ പൊടി കലക്കി അത് ശുദ്ധമാണെന്ന് പറയുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നും കോടതി നിരീക്ഷിച്ചു. പാല്‍പ്പൊടി ചേര്‍ത്ത് വിറ്റഴിക്കുന്ന പാല്‍ ശുദ്ധവും പുതുമയേറിതയതുമാണെന്ന് രേഖപ്പെടുത്തുന്നത് നീക്കം ചെയ്യുന്ന കാര്യത്തില്‍ മില്‍മയോട് ഹൈക്കോടതി നേരത്തേ നിലപാട് ആരാഞ്ഞിരുന്നു.[]

മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നുവെന്നതിന്റെ പേരില്‍ പാല്‍പ്പൊടി കലര്‍ത്തിയ പാലിനെ ശുദ്ധവും കലര്‍പ്പില്ലാത്തതുമാണെന്ന് രേഖപ്പെടുത്തി കേരളത്തില്‍ വില്‍പ്പന നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

പാല്‍പ്പൊടി കലക്കിയ പാല്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് കവറില്‍ ആലേഖനം ചെയ്ത മില്‍മ പാല്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ മില്‍മയോട് കോടതി നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്നാണ് കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇപ്രകാരം രേഖപ്പെടുത്തലുണ്ടെന്ന് വിശദീകരിച്ച് മില്‍മ സത്യവാങ്മൂലം നല്‍കിയത്. ട്രേഡ് മാര്‍ക്കിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ശുദ്ധവും കല്‍പ്പില്ലാത്തതുമെന്ന് കവറില്‍ രേഖപ്പെടുത്തലുള്ളതെന്നാണ് മില്‍മ മാര്‍ക്കറ്റിങ് മാനേജര്‍ കെ.ജി സതീഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ തയ്യാറാക്കിയിരിക്കുന്ന ട്രേഡ് മാര്‍ക്കിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഡവലപ്‌മെന്റ് ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.