തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടിയായി ഹൈക്കോടതി നടപടി. തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ആന്റണി രാജുവിന്റെ ഹരജി ഹൈക്കോടതി തള്ളി.
ഹരജിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോടതിയുടെ നടപടി.
നേരത്തെ കേസില്‍, ആന്റണി രാജുവിനെ എങ്ങനെ കുറ്റക്കാരനാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന് ആത്മവിശ്വാസം വര്‍ധിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം ആന്റണി രാജുവിന് വലിയ തിരിച്ചടിയാവുകയാണ്.
കുറ്റവിമുക്തനാക്കാന്‍ കോടതി വിസമ്മതിച്ചതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
ആന്റണി രാജു കുറ്റക്കാരനാണെന്ന നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കുറ്റക്കാരനെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കോടതി.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ മുന്‍മന്ത്രി നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കീഴ്ക്കോടതി വിധി താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചത്. എന്നാല്‍ വിധി റദ്ദാക്കണമെന്ന ആവശ്യം സെഷന്‍സ് കോടതി തള്ളുകയായിരുന്നു. ഇതോടെ ആന്റണി രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കോടതി വിധി നിര്‍ണായകമായിരുന്നു.