വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി
Kerala News
വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th June 2021, 1:45 pm

കൊച്ചി: വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. കുമളി സ്വദേശി ഓമനക്കുട്ടന്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐ.ടി. നിയമത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഹരജിക്ക് പ്രസക്തിയില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.

വാട്‌സ്ആപ്പിന് സ്വകാര്യത സംരക്ഷിക്കാന്‍ സംവിധാനമില്ല. പുതിയ ഐ.ടി. ചട്ടത്തില്‍ വാട്‌സ്ആപ്പിനെ ഉള്‍പ്പെടുത്താന്‍ ഇടപെടണം. കേന്ദ്ര ഐ.ടി. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് നിരോധിക്കണം എന്നായിരുന്നു ഓമനക്കുട്ടന്റെ പരാതി.

വാട്‌സ്ആപ്പ് ഡാറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഡാറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയെ ഒന്നടങ്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ നയത്തിന് രൂപം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: High court rejected plea asking ban WhatsApp